അഫ്ഗാനും മോശം തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേ അവസാനിക്കുമ്പ് അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഇബ്രാഹി സദ്രാന്‍ (9), ഗുല്‍ബാദിന്‍ നെയ്ബ് (0), റഹ്‌മാനുള്ള ഗുര്‍ബാസ് (16) എന്നിവരാണ് മടങ്ങിയത്.

ഷാര്‍ജ: പാക്കിസ്താനെതിരായ ആദ്യ ടി20യില്‍ അഫ്ഗാനിസ്ഥാന് ആറ് വിക്കറ്റ് ജയം. ഷാര്‍ജ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ പാക്കിസ്താന് 9 വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെടുക്കാനാണ് സാധിച്ചത്. രണ്ട് വിക്കറ്റ് വീതം നേടിയ മുജീബ് ഉര്‍ റഹ്‌മാന്‍, മുഹമ്മദ് നബി, ഫസല്‍ഹഖ് ഫാറൂഖി എന്നിവരാണ് പാക്കിസ്താനെ തകര്‍ത്തത്. 18 റണ്‍സ് നേടിയ ഇമാദ് വസീമാണ് പാക്കിസ്താന്റെ ടോപ് സ്‌കോറര്‍. ഷദാബ് ഖാന്‍ (12), സയിം അയൂബ് (17), തയ്യബ് താഹിര്‍ (16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. മറുപടി ബാറ്റിംഗില്‍ അഫ്ഗാന്‍ 17.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 38 പന്തില്‍ 38 റണ്‍സുമായി പുറത്താവാതെ നിന്ന മുഹമ്മദ് നബിയാണ് ടോപ് സ്‌കോറര്‍. ടി20 ചരിത്രത്തില്‍ പാകിസ്ഥാനെതിരെ അഫ്ഗാന്‍ നേടുന്ന ആദ്യ വിജയമാണിത്. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ അഫ്ഗാനിസ്ഥാന്‍ മുന്നിലെത്തി.

അഫ്ഗാനും മോശം തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേ അവസാനിക്കുമ്പ് അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഇബ്രാഹി സദ്രാന്‍ (9), ഗുല്‍ബാദിന്‍ നെയ്ബ് (0), റഹ്‌മാനുള്ള ഗുര്‍ബാസ് (16) എന്നിവരാണ് മടങ്ങിയത്. ഇതോടെ 5.3 ഓവറില്‍ മൂന്നിന് 27 എന്ന നിലയിലായി അഫ്ഗാന്‍. എന്നാല്‍ ഒരറ്റത്ത് നബി പിടിച്ചുനിന്നു. ഇതിനിടെ കരിം ജനാത് (7) മടങ്ങി. എന്നാല്‍ നജീബുള്ള സദ്രാനെ (23 പന്തില്‍ പുറത്താവാതെ 17) കൂട്ടുപിടിച്ച് അഫ്ഗാന്‍ വിജയം പൂര്‍ത്തിയാക്കി. ഇഹ്‌സാനുള്ള പാക്കിസ്താനായി രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ, സീനിയര്‍ താരങ്ങളെ മാറ്റി പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയെങ്കിലും അഫ്ഗാന് മുന്നില്‍ പാക്കിസ്താന്‍ പിടിച്ചുനില്‍ക്കാനായില്ല. ബാബര്‍ അസമിന് പകരം ഷദാബാണ് പാക്കിസ്താനെ നയിച്ചത്. മുഹമ്മദ് റിസ്‌വാന്‍, ഷഹീന്‍ അഫ്രീദി എന്നിവരൊന്നും പാക് ടീമിലില്ല. പാക്കിസ്താന് മോശം തുടക്കമാണ് ലഭിച്ചത്. 7.2 ഓവറില്‍ അവര്‍ക്ക് പാതി വിക്കറ്റും നഷ്ടമായി. മുഹമ്മദ് ഹാരിസ് (6), അബ്ദുള്ള ഷെഫീഖ് (0), അയൂബ് (17), തയ്യബ് താഹിര്‍ (16), അസം ഖാന്‍ (0) എന്നിവരാണ് മടങ്ങിയത്. ഇതോടെ പാക്കിസ്താന്‍ അഞ്ചിന് 41 എന്ന നിലയിലായി. മധ്യനിരയില്‍ വസിം- ഷദാബ് സഖ്യം രക്ഷിക്കുമെന്ന് തോന്നിച്ചു. എന്നാല്‍ ഷദാബിനെ പുറത്താക്കി മുജീബ് അഫ്ഗാന് ബ്രേക്ക് ത്രൂ നല്‍കി. ഫഹീം അഷ്‌റഫ് (2), നസീം ഷാ (2) എന്നിവരും മടങ്ങിയതോടെ പാക്കിസ്താന് കൂടുതലൊന്നും ചെയ്യാനായില്ല. സമന്‍ ഖാന്‍ (8), ഇഷാനുള്ള (6) പുറത്താവാതെ നിന്നു. 

നാല് താരങ്ങള്‍ പാക്കിസ്താനായി ഇന്ന് ടി20 അരങ്ങേറ്റം നടത്തി. സയിം അയൂബ്, ഇഹ്‌സാനുള്ള, സമന്‍ ഖാന്‍, തയ്യബ് താഹിര്‍ എന്നിവരാണ് അരങ്ങേറ്റക്കാര്‍. രണ്ടാം ടി20 ഞായറാഴ്ച്ച നടക്കും. തിങ്കളാഴ്ച്ച മൂന്നാം ടി20യും. എല്ലാ മത്സരങ്ങള്‍ക്കും ഷാര്‍ജയിലാണ്. 

അഫ്ഗാനിസ്ഥാന്‍: റഹ്‌മാനുള്ള ഗുര്‍ബാസ്, ഇബ്രാഹിം സദ്രാന്‍, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി, കരിം ജനാത്, അഹ്‌മതുള്ള ഒമര്‍സായ്, ഗുല്‍ബാദിന്‍ നെയ്ബ്, റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്‌മാന്‍, ഫസല്‍ഹഖ് ഫാറൂഖി, നവീന്‍ ഉള്‍ ഹഖ്, 

പാക്കിസ്താന്‍: സെയിം അയൂബ്, മുഹമ്മദ് ഹാരിസ്, അബ്ദുള്ള ഷെഫീഖ്, തയ്യബ് താഹിര്‍, ഷദാബ് ഖാന്‍, അസം ഖാന്‍, ഫഹീം അഷ്‌റഫ്, ഇമാദ് വസീം, നസീം ഷാ, സമന്‍ ഖാന്‍, ഇഹ്‌സാനുള്ള.

വനിതാ ഐപിഎല്ലില്‍ ചരിത്ര നിമിഷം! ആദ്യ ഹാട്രിക് ആഘോഷമാക്കി ഇസി വോംഗ്; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ- വീഡിയോ കാണാം