ഐപിഎല്ലില്‍ ധോണിക്ക് കീഴില്‍ ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം മതീഷ പതിരാനയ്ക്ക് അരങ്ങേറാന്‍ അവസരം നല്‍കിയാണ് ലങ്ക ഇറങ്ങിയത്. എന്നാല്‍ മറക്കാന്‍ ആഗ്രഹിക്കുന്നതായിരുന്നു അരങ്ങേറ്റം.
കൊളംബൊ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ അഫ്ഗാനിസ്ഥാന് ജയം. മഹിന്ദ രജപക്‌സ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക നിശ്ചിത ഓവറില്‍ 268ന് എല്ലാവരും പുറത്തായി. 91 റണ്‍സ് നേടിയ ചരിത് അസലങ്കയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. ധനഞ്ജയ ഡിസില്‍വ (51) മികച്ച പ്രകനടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ അഫ്ഗാന്‍ 46.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ഇബ്രാഹിം സദ്രാന്‍ (98), റഹ്‌മത്ത് ഷാ (55) എന്നിവരാണ് തിളങ്ങിയത്.
ഐപിഎല്ലില്‍ ധോണിക്ക് കീഴില്‍ ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം മതീഷ പതിരാനയ്ക്ക് അരങ്ങേറാന്‍ അവസരം നല്‍കിയാണ് ലങ്ക ഇറങ്ങിയത്. എന്നാല്‍ മറക്കാന്‍ ആഗ്രഹിക്കുന്നതായിരുന്നു അരങ്ങേറ്റം. 8.5 ഓവറില്‍ 66 റണ്‍സ് വിട്ടുകൊടുത്ത താരം ഒരു വിക്കറ്റാണ് നേടിയത്. മോശം തുടക്കമായിരുന്നു അഫ്ഗാന് ലഭിച്ചിരുന്നത്. റഹ്‌മാനുള്ള ഗുര്‍ബാസ് (14) ആറാം ഓവറില്‍ മടങ്ങി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന സദ്രാന്‍- റഹ്‌മത്ത് സഖ്യം മനോഹരമായി ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും 146 റണ്‍സ് കൂട്ടിചേര്‍ത്തു.
എന്നാല്‍ സെഞ്ചുറിക്ക് രണ്ട് റണ്‍ അകലെ സദ്രാന്റെ വിക്കറ്റ് അഫ്ഗാന് നഷ്ടമായി. കശുന്‍ രചിതയ്ക്കായിരുന്ന വിക്കറ്റ്. 98 പന്തില്‍ രണ്ട് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സദ്രാന്റെ ഇന്നിംഗ്‌സ്. എന്നാല്‍ നാലാമതായി ക്രീസിലെത്തിയ ഹഷ്മതുള്ള ഷഹീദിയും (47 പന്തില്‍ 38) നിര്‍ണായക പ്രകടനം പുറത്തെടുത്തു. റഹ്‌മത്തിനൊപ്പം 40 റണ്‍സാണ് ഷഹീദി കൂട്ടിചേര്‍ത്തത്. ഇതിനിടെ റഹ്‌മത്തിന്റെ വിക്കറ്റ് അഫ്ഗാന് നഷ്ടമായി. വൈകാതെ ഷഹീദിയും മടങ്ങി. എന്നാല്‍ മുഹമ്മദ് നബി (27), നജീബുള്ള സദ്രാന്‍ (7) സഖ്യം അഫ്ഗാനെ വിജയത്തിലേക്ക് നയിച്ചു.
നേരത്തെ ഗുജറാത്ത് ടൈറ്റന്‍സിന്റെ നൂര്‍ അഹമ്മദും അഫ്ഗാന്‍ നിരയില്‍ കളിച്ചിരുന്നു. എട്ട് ഓവറില്‍ 54 റണ്‍സ് വഴങ്ങിയ താരം ഒരു വിക്കറ്റാണ് വീഴ്ത്തിയത്. രണ്ട് വിക്കറ്റ് വീതം നേടിയ ഫസല്‍ഹഖ് ഫാറൂഖി, ഫരീദ് അഹമ്മദ് എന്നിവരുടെ മുന്നില്‍ ലങ്ക തകരുകയായിരുന്നു. അസലങ്ക, ധനഞ്ജയ എന്നിവര്‍ക്ക് പുറമെ പതും നിസ്സങ്ക (38) മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ അഫ്ഗാന്‍ മുന്നിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

