അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ പാകിസ്ഥാനോട് പരാജയപ്പെട്ടതിന് ശേഷം, ഇന്ത്യന്‍ താരങ്ങള്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ മൊഹ്സിന്‍ നഖ്വിയെ സമ്മാനദാന ചടങ്ങില്‍ അവഗണിച്ചു. 

ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലിന് ശേഷം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് മൊഹ്സിന്‍ നഖ്വിയെ അവഗണിച്ച് ഇന്ത്യന്‍ താരങ്ങള്‍. ഫൈനലില്‍ ഇന്ത്യ 191 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ദുബായ്, ഐസിസി അക്കാദമി ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സാണ് നേടിയത്. 113 പന്തില്‍ 172 റണ്‍സ് നേടിയ സമീര്‍ മിന്‍ഹാസാണ് പാകിസ്ഥാനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 26.2 ഓവറില്‍ 156 റണ്‍സിന് എല്ലാവരും പുറത്തായി. 16 പന്തില്‍ 36 റണ്‍സ് നേടിയ ദീപേഷ് ദേവേന്ദ്രനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

പിന്നാലെയാണ് നഖ്‌വിയെ ഇന്ത്യന്‍ താരങ്ങള്‍ അവഗണിച്ചത്. തുടര്‍ന്ന് നഖ്വി പാകിസ്ഥാന് ട്രോഫി കൈമാറി. തുടര്‍ന്ന് സപ്പോര്‍ട്ട് സ്റ്റാഫിനൊപ്പം ടീമിന്റെ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നു. ഫൈനല്‍ പുരോഗമിക്കുന്നതിനിടെയാണ് നഖ്വി ദുബായില്‍ എത്തിയത്. നഖ്വിയുമായി വേദി പങ്കിടേണ്ടതില്ലെന്ന് ഇന്ത്യന്‍ കളിക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ താരങ്ങഴള്‍ മറ്റൊരു വ്യക്തിയില്‍ നിന്നാണ് മെഡലുകള്‍ സ്വീകരിച്ചത്. പാകിസ്ഥാന്‍ താരങ്ങള്‍ക്ക് നഖ്‌വിയാണ് മെഡല്‍ കൈമാറിയത്. തുടര്‍ന്ന് താരങ്ങള്‍ക്കും ടീം മാനേജ്മെന്റിനുമൊപ്പം നില്‍ക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.

സീനിയര്‍ പുരുഷ ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ, പാകിസ്ഥാനെ തോല്‍പ്പിച്ചതിന് ശേഷം കോണ്ടിനെന്റല്‍ ടൂര്‍ണമെന്റുകളില്‍ നഖ്വി ആകര്‍ഷണ കേന്ദ്രമായിരുന്നു. അന്നും ഇന്ത്യന്‍ താരങ്ങള്‍ എസിസി മേധാവിയെ അവഗണിച്ചു, അദ്ദേഹത്തില്‍ നിന്ന് ട്രോഫി സ്വീകരിച്ചില്ല. ഇതോടെ നഖ്‌വി ട്രോഫിയുമായി ഗ്രൗണ്ട് വിടുകയാണ് ചെയ്തത്. കപ്പ് ഇപ്പോഴും ഇന്ത്യന്‍ ടീമിന് ലഭിച്ചിട്ടില്ല.

YouTube video player