Asianet News MalayalamAsianet News Malayalam

40 വർഷങ്ങൾക്ക് ശേഷം കശ്‍മീരിൽ വീണ്ടും രാജ്യാന്തര ക്രിക്കറ്റ് പോരാട്ടം; ഇറങ്ങുന്നത് ഇതിഹാസ താരങ്ങൾ

ഒക്ടോബർ 16ന് നടക്കുന്ന കിരീടപ്പോരാട്ടത്തിനാണ് ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയം വേദിയാവുക. 38 വർഷം മുമ്പാണ് കശ്മീരിൽ ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരം നടക്കുന്നത്.

After 40 Years cricketing action back to Kashmir, Legends League Cricket final to be held in Srinagar
Author
First Published Aug 29, 2024, 11:33 AM IST | Last Updated Aug 29, 2024, 11:34 AM IST

ശ്രീനഗര്‍: നാല് പതിറ്റാണ്ടിന്‍റെ ഇടവേളക്ക് ശേഷം കശ്‍മീരിൽ ക്രിക്കറ്റ് തിരിച്ചുവരുന്നു. ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ(എൽഎൽസി)  കിരീടപ്പോരാട്ടത്തിനാണ് ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയം വേദിയാവുക. ഇന്ത്യൻ മുന്‍ താരങ്ങളായ ശിഖർ ധവാനും ദിനേശ് കാർത്തിക്കും ഉൾപ്പെടെ നിരവധി വമ്പൻ താരങ്ങളാണ് ലെജന്‍ഡ്സ് ലീഗില്‍ കളിക്കാനൊരുങ്ങുന്നത്. സെപ്റ്റംബർ 20ന് തുടങ്ങുന്ന ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് ക്രിക്കറ്റിന്‍റെ ആദ്യപാദമത്സരങ്ങൾക്ക് സെപ്റ്റംബർ 20 മുതൽ ജോധ്പൂരിലെ ബർകത്തുള്ള ഖാൻ സ്റ്റേഡിയം വേദിയാവും. ആറ് ടീമുകൾ തമ്മിൽ ആകെ 25 മത്സരങ്ങളാണ് ജോഥ്പൂരില്‍ നടക്കുക. ആറ് ടീമുകളിലേക്കായുള്ള താരലേലം ഇന്ന് നടക്കും.

ഒക്ടോബർ 16ന് നടക്കുന്ന കിരീടപ്പോരാട്ടത്തിനാണ് ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയം വേദിയാവുക. 38 വർഷം മുമ്പാണ് കശ്മീരിൽ ഒരു രാജ്യാന്തര ക്രിക്കറ്റ് മത്സരം നടക്കുന്നത്. 1986ൽ ആയിരുന്നു ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഈ ഏകദിനമത്സരം നടന്നത്. 1986 സെപ്റ്റംബറിൽ നടന്ന ഈ ഏകദിന മത്സരത്തിൽ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റിന് ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു. ശ്രീനഗറിലെ ഷേർ-ഇ-കശ്മീർ സ്റ്റേഡിയത്തിലായിരുന്നു മത്സരം. അതിനുശേഷം ഇവിടെ ഒരു അന്താരാഷ്ട്ര മത്സരവും നടന്നിട്ടില്ല. അന്താരാഷ്ട്ര കളിക്കാർ ഇവിടെ കളത്തിലിറങ്ങിയിട്ടുമില്ല. ഇതിനിടയിൽ ആഭ്യന്തര ടൂർണമെന്‍റുകളുടെ ഭാഗമായി വിവിധ മത്സരങ്ങൾ നടന്നിട്ടുണ്ട്. പക്ഷേ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങൾ പങ്കെടുക്കുന്ന ലീഗോ മത്സരമോ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ലെജൻഡ് ക്രിക്കറ്റ് ലീഗിഗ് കശ്മീരിൽ ക്രിക്കറ്റിന്‍റെ പുതിയ തുടക്കമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ഇന്ത്യയില്‍ നിന്ന് 7 താരങ്ങള്‍; എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവനെ തെരഞ്ഞെടുത്ത് അശ്വിന്‍

ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് കശ്മീരും വേദിയാവുന്നതില്‍ സന്തോൽമുണ്ടെന്ന് ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ സഹസ്ഥാപകൻ രാമൻ റഹേജ പറഞ്ഞു. 40 വർഷത്തിന് ശേഷം കശ്മീരിലെ ജനങ്ങൾക്ക് സ്റ്റേഡിയത്തിൽ തത്സമയം ക്രിക്കറ്റ് കാണാനുള്ള അവസരമാണിത്. കഴിഞ്ഞ സീസണിൽ 19 ലീഗില്‍ 19 മത്സരങ്ങളാണ് നടന്നത്. ഇന്ത്യയിൽ 18 കോടി ആളുകൾ ലീഗ് കണ്ടതായി സംഘാടകർ പറയുന്നു. കഴിഞ്ഞ തവണ സുരേഷ് റെയ്‌ന, ആരോൺ ഫിഞ്ച്, മാർട്ടിൻ ഗപ്റ്റിൽ, നിലവിലെ ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ, ക്രിസ് ഗെയ്ൽ, ഹാഷിം അംല, റോസ് ടെയ്‌ലർ തുടങ്ങിയ ഇതിഹാസങ്ങൾ ലീഗിൽ പങ്കെടുത്തിരുന്നു.

രണ്ട് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ മാത്രമാണ് ഇതുവരെ കശ്മീരിന്‍റെ ചരിത്രത്തിൽ നടന്നത്. ശ്രീനഗറിൽ നടന്ന ഏകദിന മത്സരങ്ങളായിരുന്നു ഇവ രണ്ടും. 1983 ഒക്‌ടോബർ 13-നായിരുന്നു ആദ്യ മത്സരം നടന്നത്. അതിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിൽ ഏറ്റുമുട്ടി. ഈ മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് 28 റൺസിന് വിജയിച്ചിരുന്നു. ഇതിന് പിന്നാലെ 1986ൽ നടന്ന മത്സരത്തിലും ഇന്ത്യ ഓസ്‌ട്രേലിയയോട് തോറ്റിരുന്നു. അതായത് കശ്‍മീരിന്‍റെ മണ്ണിൽ വച്ചുനടന്ന ഒരു മത്സരവും ജയിക്കാൻ ഇന്ത്യൻ ടീമിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന് ചുരുക്കം.

നാട്ടിലെ പരിശീലനം കഴിഞ്ഞു, സൗഹൃദ പോരാട്ടങ്ങൾക്കായി തിരുവനന്തപുരം കൊമ്പന്‍സ് ഇനി ഗോവയിലേക്ക്

40 വർഷത്തിന് ശേഷം ആദ്യമായി സ്റ്റേഡിയത്തിലെത്തി തത്സമയം ക്രിക്കറ്റ് കളി കാണാനുള്ള വലിയ അവസരമാണ് ലെജന്‍ഡ്സ് ലീഗിലൂടെ കശ്മീരിലെ ജനങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്നത്. കശ്മീരിന്‍റെ സൗന്ദര്യം ആസ്വദിക്കാനും ശ്രീനഗറിലെ ജനങ്ങളുടെ ആതിഥ്യമര്യാദയും സ്‌നേഹവും ആസ്വദിക്കാനും ക്രിക്കറ്റ് താരങ്ങൾക്കും ഇതൊരു മികച്ച അവസരം നൽകുന്നുവെന്നും സംഘാടകർ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios