ഹൈദരാബാദ്: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച എം എസ് ധോണിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ച് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയില്‍ ആദ്യ ടെസ്റ്റ് സെഞ്ചുറി കുറിച്ചതിന് പിന്നാലെ ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചുവെന്നാണ് ലക്ഷ്മണ്‍ പറയുന്നത്. സ്റ്റാര്‍ സ്പോര്‍ട്സിന്റെ ക്രിക്കറ്റ് കണക്ടഡില്‍ പങ്കെടുത്തായിരുന്നു ലക്ഷ്മണ്‍ ധോണി ഓര്‍മകള്‍ പങ്കുവെച്ചത്.

2006ല്‍ ഫൈസലാബാദില്‍ നടന്ന ടെസ്റ്റിലായിരുന്നു ധോണി ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയത്. എന്നാല്‍ ആദ്യ ടെസ്റ്റ് സെഞ്ചുറി നേടിയതിന് പിന്നാലെ ഡ്രസ്സിംഗ് റൂമിലെത്തിയ ധോണി ഉറക്കെ വിളിച്ചു പറ‍ഞ്ഞത്, ഞാന്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ പോകുകയാണെന്നാണ്. അതുകേട്ട് ഞങ്ങളെല്ലാം ഞെട്ടി.ഞാന്‍ എം എസ് ധോണി, ടെസ്റ്റില്‍ ആദ്യ സെഞ്ചുറി നേടിയിരിക്കുന്നു. ഇത് മതിയെനിക്ക്, ഇതില്‍ക്കൂടുതലൊന്നും വേണ്ട. ഞാന്‍ ടെസ്റ്റില്‍ നിന്ന് വിരമിക്കാന്‍ പോകുകയാണെന്നായിരുന്നു ധോണിയുടെ വാക്കുകള്‍. അതുകേട്ട് ഡ്രസ്സിംഗ് റൂമിലുണ്ടായിരുന്ന ഞങ്ങളെല്ലാം ഞെട്ടി. പക്ഷെ അങ്ങനെയൊക്കായണ് ധോണി.

2008ല്‍ ഓസ്ട്രേലിയക്കെതിരായ നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ക്യാപ്റ്റനായ ധോണി ടീമിന്റെ ബസ് ഡ്രൈവറുമായിട്ടുണ്ടെന്ന് ലക്ഷ്മണ്‍ പറഞ്ഞു. രണ്ട് മത്സരങ്ങള്‍ക്ക് മുമ്പ് അനില്‍ കുംബ്ലെ വിരമിക്കല്‍ പ്രഖ്യാപിച്ചതിനാല്‍ ധോണിയായിരുന്നു അപ്പോള്‍ ക്യാപ്റ്റന്‍. മത്സരം കഴിഞ്ഞ ടീം ഹോട്ടലിലേക്ക് പോകുമ്പോള്‍ ധോണി ടീം ബസിന്റെ ഡ്രൈവറോട് പുറകിലെ സീറ്റില്‍ പോയി ഇരുന്നോളാന്‍ പറഞ്ഞു. എന്നിട്ട് ഡ്രൈവിംഗ് സീറ്റില്‍ കേറിയിരുന്ന് ഗ്രൗണ്ടില്‍ നിന്ന് ഹോട്ടലിലേക്ക് ബസ് ഓടിച്ചു. അതുകണ്ട് ഞങ്ങളെല്ലാം അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതസ്തബ്ധരായി. അങ്ങനെയൊക്കെയാണ് ധോണി ജീവിതം ആസ്വദിക്കുന്നത്. ക്രിക്കറ്റ് ഗ്രൗണ്ടില്‍ കാണുന്ന ധോണിയല്ല, പുറത്ത് അദ്ദേഹം വളരെ സാധാരണക്കാരനാണ്-ലക്ഷ്മണ്‍ പറഞ്ഞു.

ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തില്‍ രാത്രി 7.29ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത രണ്ട് വരി കുറിപ്പിലൂടെയാണ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ധോണിക്ക് പിന്നാലെ സഹതാരം സുരേഷ് റെയ്നയും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ഐപിഎല്ലില്‍ ചെന്നൈക്കായി ധോണി തുടര്‍ന്നും കളിക്കും.