അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടും. സെമി ഫൈനലില്‍ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം.

ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യ - പാകിസ്ഥാന്‍ ഫൈനല്‍. സെമി ഫൈനലില്‍ ഇന്ത്യ, ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകര്‍ത്തു. മറ്റൊരു സെമി ഫൈനലില്‍ ബംഗ്ലാദേശിനെതിരെ എട്ട് വിക്കറ്റ് വിജയവും പാകിസ്ഥാന്‍ സ്വന്തമാക്കി. ഞായറാഴ്ച്ച ദുബായിലാണ് ഫൈനല്‍. നേരത്തെ, ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇന്ത്യക്കായിരുന്നു ജയം.

ദുബായില്‍ മഴയെ തുടര്‍ന്ന് 27 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് 26.3 ഓവറില്‍ 121 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ അബ്ദുള്‍ സുബ്ഹാനാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 16.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറിടന്നു. 57 പന്തില്‍ പുറത്താവാതെ 69 റണ്‍സ് നേടിയ സമീര്‍ മിന്‍ഹാസാണ് പാകിസ്ഥാന്റെ വിജയശില്‍പി. രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മിന്‍ഹാസിന്റെ ഇന്നിംഗ്‌സ്.

അഹമ്മദ് ഹുസൈന്‍ 11 റണ്‍സെടുത്ത് പുറത്താവാത നിന്നു. ഹംസ സഹൂര്‍ (0), ഉസ്മാന്‍ ഖവാജ (27) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. നേരത്തെ, ബംഗ്ലാദേശ് നിരയില്‍ സമിയുന്‍ ബാസിര്‍ റതുല്‍ (33), അസീസുല്‍ ഹഖിം തമീം (20), റിഫാത് ബെഗ് (14) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്.

ഇന്ത്യയെ നയിച്ചത് ആരോണ്‍-മല്‍ഹോത്ര സഖ്യം

ദുബായില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് 139 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18 ഓവറില്‍ ലക്ഷ്യം മറികടന്നു. മലയാളി താരം ആരോണ്‍ ജോര്‍ജ് (49 പന്തില്‍ പുറത്താവാതെ 58), വിഹാന്‍ മല്‍ഹോത്ര (45 പന്തില്‍ 61) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. ഇരുവരും പുറത്താവാതെ നിന്നു. മഴയെ തുടര്‍ന്ന് 20 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ രണ്ട് വിക്കറ്റ് വീതം നേടിയ ഹെനില്‍ പട്ടേല്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവരാണ് ലങ്കയെ നിയന്ത്രിച്ചത്. എട്ട് വിക്കറ്റുകള്‍ ലങ്കയ്ക്ക് നഷ്ടമായി. 42 റണ്‍സ് നേടിയ ചാമിക ഹീനടിഗാലയാണ് ലങ്കുയുടെ ടോപ് സ്‌കോറര്‍. സെത്മിക സെനവിരത്‌നെ (30), വിമത് ദിന്‍സാര (32) എന്നിവരും മിച്ച പ്രകടനം പുറത്തെടുത്തു.

മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാരായ ആയുഷ് മാത്രെ (7), വൈഭവ് സൂര്യവന്‍ഷി (9) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. രസിത് നിംസാരയ്ക്കാണ് രണ്ട് വിക്കറ്റുകളും. പിന്നാലെ ആരോണ്‍ - വിഹാന്‍ സഖ്യം നേടിയ 114 റണ്‍സ് കൂട്ടുകെട്ട് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. നേരത്തെ, തകര്‍ച്ചയോടെയായിരുന്നു ലങ്കയുടെ തുടക്കം. ഒരു ഘട്ടത്തില്‍ മൂന്നിന് 28 എന്ന നിലയിലായിരുന്നു ലങ്ക. വിരന്‍ ചാമുഡിത (19), ദുല്‍നിത് സിഗേര (1), കവിജ ഗാമേജ് (2) എന്നിവരുടെ വിക്കറ്റുകളാണ് ശ്രീലങ്കയ്ക്ക് നഷ്ടമായിരുന്നത്.

പിന്നീട് ദിന്‍സാര - ഹീനടിഗാല സഖ്യം 45 റണ്‍സ് കൂട്ടിചേര്‍ത്തു. 12-ാം ഓവറില്‍ ദിന്‍സാര, കിത്മ വിതാനപതിരാന (7) എന്നിവരെ പുറത്താക്കി ചൗഹാന്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. അടുത്ത ഓവറില്‍ ആദം ഹില്‍മിയും പുറത്തായി. ഇതോടെ ആറിന് 84 എന്ന നിലയിലായി ശ്രീലങ്ക. എന്നാല്‍ ഹീനടിഗാല - സെത്മിക സഖ്യം 52 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി ടീമിനെ മാന്യമായ സ്‌കോറിലേക്ക് നയിച്ചു. സനുജ നിദുവാര (0), സെത്മികയ്‌ക്കൊപ്പം പുറത്താവാതെ നിന്നു.

YouTube video player