നേരത്തെ പരിക്കുമൂലം അതിവേഗ പേസര്‍ മായങ്ക് യാദവിന് ഐപിഎല്ലിലെ ആദ്യ പകുതി നഷ്ടമാകുമെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലക്നൗ: ഐ പി എല്‍ സീസണ്‍ തുടങ്ങും മുമ്പെ റിഷഭ് പന്ത് നായകനാകുന്ന ലക്നൗ സൂപ്പര്‍ ജയന്‍റ്സിന് തിരിച്ചടി. അതിവേഗ പേസര്‍ മായങ്ക് യാദവ് പരിക്കിന്‍റെ പിടിയിലായതിന് പിന്നാലെ ടീമിലെ മറ്റൊരു സൂപ്പര്‍ ഓള്‍ റൗണ്ടറായ മിച്ചല്‍ മാര്‍ഷും പരിക്കിന്‍റെ പിടിയിലായതാണ് ലക്നൗവിന് തിരിച്ചടിയാകുന്നത്. പരിക്കുമൂലം ചാമ്പ്യൻസ് ട്രോഫിയില്‍ നിന്ന് വിട്ടു നിന്ന മിച്ചല്‍ മാര്‍ഷിനെ ഐപിഎല്ലില്‍ കളിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ബാറ്ററായി മാത്രമാവും ഓസീസ് താരം കളിക്കുക. ബൗള്‍ ചെയ്യരുതെന്ന നിബന്ധനയിലാണ് മിച്ചല്‍ മാര്‍ഷിന് ഐപിഎല്ലില്‍ കളിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഐപിഎല്‍ മെഗാ താരലേലത്തില്‍ 3.4 കോടി രൂപ മുടക്കിയാണ് ലക്നൗ മിച്ചല്‍ മാര്‍ഷിനെ ടീമിലെത്തിച്ചത്.

നേരത്തെ പരിക്കുമൂലം അതിവേഗ പേസര്‍ മായങ്ക് യാദവിന് ഐപിഎല്ലിലെ ആദ്യ പകുതി നഷ്ടമാകുമെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ബൗളിംഗ് പരിശീലനം പുനരാരംഭിച്ചെങ്കിലും മായങ്ക് മത്സര ഫിറ്റ്നെസ് വീണ്ടെടുക്കാന്‍ ഇനിയും സമയമെടുക്കുമെന്നാണ് വിലയിരുത്തല്‍. മായങ്ക് എപ്പോള്‍ ഗ്രൗണ്ടില്‍ തിരിച്ചെത്തുമെന്നതിനെക്കുറിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ ഇതുവരെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ മെഡിക്കല്‍ സംഘവും തയാറായിട്ടില്ല.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി,വേഗം കൊണ്ട് ഞെട്ടിക്കാൻ മാർക്ക് വുഡില്ല

മാര്‍ച്ച് 22ന് തുടങ്ങുന്ന ഐപിഎല്ലില്‍ 24ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആണ് ലക്നൗവിന്‍റെ ആദ്യ മത്സരം. കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ച കെ എല്‍ രാഹുലിന് പകരം റിഷഭ് പന്തിന്‍റെ കീഴിലാണ് ലക്നൗ ഇത്തവണ ഇറങ്ങുന്നത്. റിഷഭ് പന്തിന് പുറമെ നിക്കോളാസ് പുരാന്‍, ആയുഷ് ബദോനി, ഏയ്ഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍ എന്നിവരും ലക്നൗ സംഘത്തിലുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക