വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ ഹാര്‍ദ്ദിക്കിന്‍റെ തന്ത്രങ്ങളെയും പ്രസാദ് വിമര്‍ശിച്ചു. യുസ്‌വേന്ദ്ര ചാഹല്‍ പതിനാറാം ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയശേഷം പിന്നീട് ചാഹലിന് ഓവര്‍ നല്‍കിയില്ല.

ബെംഗലൂരു: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റതിന് പിന്നാലെ ടി20 ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്‍റെ ശരാശരി പ്രകടനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം വെങ്കിടേഷ് പ്രസാദ്. വെസ്റ്റ് ഇന്‍ഡീസിനെതിരായി ഇന്ത്യയുടെ പ്രകടനം ശരാശരി മാത്രമായിരുന്നുവെന്ന് പ്രസാദ് വ്യക്തമാക്കി.

ഇന്ത്യയുടെ ശരാശരി പ്രകടനത്തെ പുകഴ്ത്തി സംസാരിക്കേണ്ട ഒരു കാര്യവുമില്ല. 2007ലെ ഏകദിന ലോകകപ്പിന്‍റെ ആദ്യ റൗണ്ടില്‍ തോറ്റതിന് പിന്നാലെ നമ്മള്‍ ഐപിഎല്‍ തുടങ്ങി. എന്നിട്ട് ഇത്രകാലമായിട്ടും ഏഴ് ടി20 ലോകകപ്പില്‍ കളിച്ചിട്ടും നമ്മള്‍ ഫൈനലിലെലത്തിയത് ഒരേയൊരു തവണ മാത്രമാണ്. ഇന്ത്യക്ക് കളി ജയിക്കാനുള്ള ആവേശവും വിജയതൃഷ്ണയും ഇല്ലെന്നും പ്രസാദ് പറഞ്ഞു.

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20യില്‍ ഹാര്‍ദ്ദിക്കിന്‍റെ തന്ത്രങ്ങളെയും പ്രസാദ് വിമര്‍ശിച്ചു. യുസ്‌വേന്ദ്ര ചാഹല്‍ പതിനാറാം ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയശേഷം പിന്നീട് ചാഹലിന് ഓവര്‍ നല്‍കിയില്ല.ചാഹലിന്‍റെ ആ ഓവറാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.എന്നിട്ടും ഒമ്പതാമത്തെയും പത്താമത്തെയും ബാറ്റര്‍മാര്‍ ക്രീസിലുള്ളപ്പോള്‍ ചാഹലിനെ കൊണ്ടെറിയിക്കാതെ പേസര്‍മാരെക്കൊണ്ട് എറിയിച്ച ഹാര്‍ദ്ദിക്കിന്‍റെ തന്ത്രം തനിക്ക് പിടികിട്ടുന്നില്ലെന്നും പേസര്‍മാരെ വിന്‍ഡീസീസ് വാലറ്റം അനായാസം കൈകാര്യം ചെയ്തുവെന്നും പ്രസാദ് പറഞ്ഞു.

'ഇന്ത്യന്‍ തോല്‍വികള്‍ക്ക് കാരണം വാലറ്റം, കളി ജയിപ്പിക്കാന്‍ പറ്റുന്നില്ല'; ന്യൂനത തുറന്നുപറഞ്ഞ് വസീം ജാഫര്‍

വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടി20ക്ക് പിന്നാലെ രണ്ടാം ടി20യിലും തോറ്റ് പരമ്പരയില്‍ പിന്നാലായാതോടെ ഹാര്‍ദ്ദിക്കിന്‍റെ ക്യാപ്റ്റന്‍സിും ചോദ്യം ചെയ്യപ്പെടുകയാണ്. ആദ്യ മത്സരത്തിലും ചാഹല്‍ നല്ല രീതിയില്‍ പന്തെറിഞ്ഞിട്ടും നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയിരുന്നില്ല. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തപ്പോള്‍ വിന്‍ഡീസ് 18.5 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.