അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിന്‍റെ രണ്ടാം ദിനത്തിലെ അവസാന പന്തിലായിരുന്നു മാത്യൂസിന്‍റെ വിചിത്രമായ പുറത്താകല്‍. ലെഗ് സ്റ്റംപിന് ഏറെ പുറത്തുപോയ പന്ത് സ്വീപ് ചെയ്ത് ബൗണ്ടറിയിലേക്ക് അടിച്ച മാത്യൂസിന്‍റെ ബാറ്റ് കറങ്ങി ബെയില്‍സില്‍ കൊള്ളുകയായിരുന്നു.
കൊളംബോ: അഫ്ഗാനിസ്ഥാനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറിയുമായി തിളങ്ങിയ വെറ്ററന്‍ താരം ഏയ്ഞ്ചലോ മാത്യൂസ് പുറത്തായത് വിചിത്രമായ രീതിയില്‍. 251 പന്തില്‍ 148 റണ്‍സുമായി ശ്രീലങ്കയുടെ ടോപ് സ്കോററായ മാത്യൂസ് സ്പിന്നര്‍ ക്വായിസ് അഹമ്മദിന്‍റെ ലെഗ് സ്റ്റംപിന് പുറത്തുപോയ വൈഡ് ബോളില്‍ ഹിറ്റ് വിക്കറ്റായാണ് പുറത്തായത്.
അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റിന്‍റെ രണ്ടാം ദിനത്തിലെ അവസാന പന്തിലായിരുന്നു മാത്യൂസിന്‍റെ വിചിത്രമായ പുറത്താകല്‍. ലെഗ് സ്റ്റംപിന് ഏറെ പുറത്തുപോയ പന്ത് സ്വീപ് ചെയ്ത് ബൗണ്ടറിയിലേക്ക് അടിച്ച മാത്യൂസിന്‍റെ ബാറ്റ് കറങ്ങി ബെയില്‍സില്‍ കൊള്ളുകയായിരുന്നു. ഔട്ടായശേഷം അവിശ്വസനീയതയോടെ കുറച്ചു നേരം ക്രീസില്‍ നിന്നാണ് മാത്യൂസ് ക്രീസ് വിട്ടത്.
ലോകകപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ ക്രീസിലെത്തി ആദ്യ പന്ത് നേരിടാന്‍ വൈകിയതിന് ബംഗ്ലാദേശ് മാത്യൂസിനെ ടൈംഡ് ഔട്ട് വിളിച്ച് പുറത്താക്കിയിരുന്നു. ക്രിക്കറ്റില്‍ ഇത്തരത്തില്‍ പുറത്താവുന്ന ആദ്യ ബാറ്ററെന്ന നാണക്കേടും അന്ന് മാത്യൂസ് സ്വന്തമാക്കിയിരുന്നു.
അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റില്‍ 10 വിക്കറ്റിന്‍റെ ജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 198 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ശ്രീലങ്ക മാത്യൂസിന്‍റെയും ദിനേശ് ചണ്ഡിമലിന്‍റെയും സെഞ്ചുറികളുടെ കരുത്തില്‍ 439 റണ്‍സെടുത്തു. രണ്ടാം ഇന്നിംഗ്സില്‍ അഫ്ഗാനുവേണ്ടി ഇബ്രാഹിം സര്‍ദ്രാന്‍ സെഞ്ചുറി നേടിയെങ്കിലും 296 റണ്‍സെടുക്കാനെ അവര്‍ക്കായുള്ളു. വിജയലക്ഷ്യമായ 56 റണ്‍സ് വിക്കറ്റ് നഷ്ടമില്ലാതെ ലങ്ക അടിച്ചെടുത്തു. ടെസ്റ്റ് പരമ്പരക്കുശേഷം മൂന്ന് വീതം ഏകദിനങ്ങളും ടി20യും അടങ്ങുന്ന പരമ്പരയിലും അഫ്ഗാനിസ്ഥാനും ശ്രീലങ്കയും ഏറ്റുമുട്ടും.
