ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയപ്പോള്‍ വില്യംസണ്‍ 29 സെഞ്ചുറികള്‍ നേടിയ വിരാട് കോലിയെ മറികടന്നിരുന്നു. 30 ടെസ്റ്റ് സെഞ്ചുറികള്‍ തികക്കാന്‍ ഏറ്റവും കുറവ് ഇന്നിംഗ്സുകള്‍ കളിച്ച നാലാമത്തെ താരം കൂടിയാണ് വില്യംസണ്‍.

വെല്ലിംഗ്ടണ്‍: ഫാബ് ഫോറില്‍ വിരാട് കോലിയെ മറികടന്നതിന് പിന്നാലെ സെഞ്ചുറികളുടെ എണ്ണത്തില്‍ ഇംഗ്ലണ്ട് താരം ജോ റൂട്ടിനെയും പിന്നിലാക്കി ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍. ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയതിന് പിന്നാലെ രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറി നേടിയ വില്യംസണ്‍ കരിയറിലെ സെഞ്ചുറി നേട്ടം 31 ആക്കി. 30 സെഞ്ചുറികള്‍ നേടിയ റൂട്ടിനെ പിന്നിലാക്കിയ വില്യംസണ് മുന്നില്‍ ഇനിയുള്ളത് 32 സെഞ്ചുറികള്‍ നേടിയിട്ടുള്ള ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് മാത്രമാണ്.

ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയപ്പോള്‍ വില്യംസണ്‍ 29 സെഞ്ചുറികള്‍ നേടിയ വിരാട് കോലിയെ മറികടന്നിരുന്നു. 30 ടെസ്റ്റ് സെഞ്ചുറികള്‍ തികക്കാന്‍ ഏറ്റവും കുറവ് ഇന്നിംഗ്സുകള്‍ കളിച്ച നാലാമത്തെ താരം കൂടിയാണ് വില്യംസണ്‍. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(159), സ്റ്റീവ് സ്മിത്ത്(162), മാത്യു ഹെയ്ഡന്‍(167) എന്നിവരാണ് വില്യംസണ് മുമ്പ് അതിവേഗം 30 ടെസ്റ്റ് സെഞ്ചുറികൾ തികച്ചിട്ടുള്ളത്. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് വിട്ടു നിന്ന കോലി 191 ഇന്നിംഗ്സുകളില്‍ നിന്നാണ് 29 സെഞ്ചുറികള്‍ നേടിയിട്ടുള്ളത്. ജോ റൂട്ടാകട്ടെ 251 ഇന്നിംഗ്സുകളില്‍ നിന്നാണ് 30 സെഞ്ചുറികള്‍ നേടിയിട്ടുള്ളത്. സ്റ്റീവ് സ്മിത്തിന് 192 ഇന്നിംഗ്സുകളില്‍ നിന്നാണ് 32 സെഞ്ചുറികളുള്ളത്. ഇതേ ഫോം തുടര്‍ന്നാല്‍ സ്മിത്തിനെയും വില്യംസണ്‍ പിന്നിലാക്കും.

Scroll to load tweet…

ഐസിസി ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള വില്യംസണ്‍ അവസാനം കളിച്ച 11 ഇന്നിംഗ്സുകളില്‍ നേടുന്ന ആറാം സെഞ്ചുറിയാണിത്. ഇതില്‍ ഒരു ഡബിള്‍ സെഞ്ചുറിയും ഉള്‍പ്പെടുന്നു. 4, 132, 1, 121, 215,104,11, 13,11,118, 109 എന്നിങ്ങനെയാണ് വില്യംസണിന്‍റെ അവസാന 11 ഇന്നിംഗ്സുകളിലെ ബാറ്റിംഗ് പ്രകടനം. ന്യൂസിലന്‍ഡിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 511 റണ്‍സിന് മറുപടിയായി 162 റണ്‍സിന് ദക്ഷിണാഫ്രിക്ക ഓള്‍ ഔട്ടായെങ്കിലും ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ന്യൂസിലന്‍ഡ് മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തിട്ടുണ്ട്. 108 റണ്‍സെടുത്ത് വില്യംസണ്‍ പുറത്തായി. രണ്ട് ദിവസവും ആറ് വിക്കറ്റും കൈയിലിരിക്കെ കിവീസിനിപ്പോള്‍ 527 റണ്‍സിന്‍റെ ലീഡുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക