ഏഷ്യാ കപ്പ് ടീമിലിടം നേടിയ സഞ്ജു സാംസണ്‍ ഹോം ഗ്രൗണ്ടില്‍ ഫിനിഷറായി നിരാശപ്പെടുത്തിയപ്പോഴാണ് തിരുവനന്തപുരംകാരനായ അഹമ്മദ് ഇമ്രാന്‍ ഓപ്പണറായി ഇറങ്ങി ത്രസിപ്പിക്കുന്ന പ്രകടനത്തിലൂടെ കാണികളെ ആവേശത്തിലാഴ്ത്തിയത്.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസൺ 2-ൽ തകർപ്പൻ പ്രകടനവുമായി തിരുവവന്തപുരത്തുകാരന്‍ അഹമ്മദ് ഇമ്രാൻ. തിരുവനന്തപുരം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തൃശൂര്‍ ടൈറ്റന്‍സിനായി ഓപ്പണറായി ഇറങ്ങി 55 പന്തില്‍ 100 റണ്‍സടിച്ച അഹമ്മദ് ഇമ്രാന്‍ കെസിഎല്‍ രണ്ടാം സീസണിലെ ആദ്യ സെഞ്ചുറിയും സ്വന്തമാക്കി. 11 ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ഇമ്രാന്‍റെ വെടിക്കെട്ട് ഇന്നിംഗ്സ്. അഹമ്മദ് ഇമ്രാന്‍ നേടിയ സെഞ്ചുറിയുടെ കരുത്തില്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത തൃശൂര്‍ ടൈറ്റന്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ കാലിക്കറ്റിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
ഏഷ്യാ കപ്പ് ടീമിലിടം നേടിയ സഞ്ജു സാംസണ്‍ ഹോം ഗ്രൗണ്ടില്‍ തൊട്ടു മുന്‍ മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിനെതിരെ ഫിനിഷറായി ഇറങ്ങി നിരാശപ്പെടുത്തിയപ്പോഴാണ് തിരുവനന്തപുരംകാരനായ അഹമ്മദ് ഇമ്രാന്‍ കാലിക്കറ്റിനെതിരെ ഓപ്പണറായി ഇറങ്ങി ത്രസിപ്പിക്കുന്ന പ്രകടനത്തിലൂടെ കാണികളെ ആവേശത്തിലാഴ്ത്തിയത്. 54 പന്തിൽ 11 ഫോറുകളും 5 സിക്സറുകളും സഹിതം സെഞ്ചുറി തികച്ചതിന് പിന്നാലെ തൊട്ടടുത്ത പന്തില്‍ ഇമ്രാൻ പുറത്തായി. ഒരു വശത്ത് വിക്കറ്റുകൾ നിലംപൊത്തുമ്പോഴും, മറുവശത്ത് പാറപോലെ ഉറച്ചുനിന്ന് ഇമ്രാൻ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിന്‍റെ ബൗളർമാരെ കണക്കിന് പ്രഹരിച്ചു. ഓരോ ഓവറിലും റൺറേറ്റ് നിലനിർത്തി ടീമിനെ മുന്നിൽ നിന്ന് നയിച്ച ഇമ്രാൻ, ടീം സ്കോർ 209 റൺസിലെത്തിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചു.
19 വയസ്സുകാരനായ അഹമ്മദ് ഇമ്രാൻ തിരുവനന്തപുരം പാപ്പനംകോട് സ്വദേശിയാണ്.കഴിഞ്ഞ സീസണിൽ കേരളത്തിന്‍റെ അണ്ടർ 19 ക്യാപ്റ്റൻ ആയിരുന്നു ഇമ്രാൻ. സി.കെ. നായിഡു ട്രോഫിയിൽ സെഞ്ച്വറി പ്രകടനത്തിലൂടെയും ഇമ്രാൻ തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ വിഭർഭക്കെതിരെയുള്ള മത്സരത്തിലൂടെ രഞ്ജി ട്രോഫിയിലും ഇമ്രാൻ അരങ്ങേറ്റം കുറിച്ചിരുന്നു. ബാറ്റിംഗിൽ മാത്രമല്ല, നിർണ്ണായക ഘട്ടങ്ങളിൽ പന്തുകൊണ്ടും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കഴിവുള്ള ഒരു ഓൾറൗണ്ടർ കൂടിയാണ് ഈ യുവതാരം.


