ഫിഫ റാങ്കിംഗില്‍ ആദ്യ 50ലുള്ള ഏതെങ്കിലും ടീമിനെയാണ് അര്‍ജന്‍റീനയുടെ എതിരാളികളായി പരിഗണിക്കുന്നതെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ ഇന്നലെ വ്യക്തമാക്കിയിരുന്നു.

തിരുവനന്തപുരം: നവംബറിൽ കേരളത്തിൽ കളിക്കാൻ എത്തുന്ന അർജന്‍റൈൻ ടീമിന്‍റെ എതിരാളികളായി ആരെ പരിഗണിക്കണമെന്ന കാര്യത്തില്‍ ഫുട്ബോള്‍ ലോകത്തും സമൂഹമാധ്യമങ്ങളിലും ചൂടേറിയ ചര്‍ച്ച. നവംബറില്‍ കേരളത്തില്‍ നടക്കുന്ന സൗഹൃദ മത്സരത്തില്‍ ലോക ചാമ്പ്യൻമാരായ അര്‍ജന്‍റീനയുടെ എതിരാളികളായി സര്‍ക്കാര്‍ പരിഗണിക്കുന്നത് ഓസ്ട്രേലിയ, ഖത്തർ, സൗദി അറേബ്യ ടീമുകളെയാണ്. ഒരാഴ്ചയ്ക്കകം അർജന്‍റീനയുടെ എരാളികളെ സര്‍ക്കാര്‍ നിശ്ചയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫിഫ റാങ്കിംഗിൽ ഓസ്ട്രേലിയ ഇരുപത്തിനാലും ഖത്തർ അൻപത്തിമൂന്നും സൗദി അറേബ്യ അൻപത്തിയൊൻപതാം സ്ഥാനത്തുമാണ്. പതിനേഴാം സ്ഥാനത്തുള്ള ജപ്പാനാണ് ഫിഫ റാങ്കിംഗിൽ മുന്നിലുള്ള ഏഷ്യൻ ടീം.

ഫിഫ റാങ്കിംഗില്‍ ആദ്യ 50ലുള്ള ഏതെങ്കിലും ടീമിനെയാണ് അര്‍ജന്‍റീനയുടെ എതിരാളികളായി പരിഗണിക്കുന്നതെന്ന് കായിക മന്ത്രി വി അബ്ദുറഹിമാൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഓസ്ട്രേലിയന്‍ ടീം അടക്കം അര്‍ജന്‍റീനയുമായി സൗഹൃദ മത്സരം കളിക്കാന്‍ താല്‍പര്യം അറിയിച്ച് സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു. ഖത്തറില്‍ നടന്ന കഴിഞ്ഞ ഫുട്ബോള്‍ ലോകകപ്പില്‍ അര്‍ജന്‍റീനയെ അട്ടിമറിച്ച ഒരേയൊരു ടീം സൗദി അറേബ്യയാണെന്നും അതുകൊണ്ട് സൗദി അറേബ്യയെ ലോക ചാമ്പ്യൻമാരുടെ എതിരാളികളാക്കണമെന്നാണ് ഒരു വിഭാഗം ആരാധകര്‍ പറയുന്നത്. ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ആദ്യം ലീഡെടുത്ത അര്‍ജന്‍റീനക്കെതിരെ രണ്ട് ഗോള്‍ തിരിച്ചടിച്ചാണ് സൗദി അന്ന് ഫുട്ബോള്‍ ലോകത്തെ ഞെട്ടിച്ചത്.

ആദ്യ മത്സരത്തില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയെങ്കിലും പിന്നീടുള്ള മത്സരങ്ങളെല്ലാം ആധാകാരികമായി ജയിച്ച് അര്‍ജന്‍റീന ലോക ചാമ്പ്യൻമാരായി. മെസി ലോകകപ്പില്‍ മുത്തമിടുകയും ചെയ്തു. എങ്കിലും ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്‍റീനയെ തോല്‍പിച്ച ഏക ടീമെന്ന ഖ്യാതി സൗദിക്ക് സ്വന്തമായി. എങ്കിലും സൗദിയാണ് കേരളത്തിലെ എതിരാളികളെങ്കില്‍ അന്നത്തെ വീട്ടാത്ത കടം വീട്ടാന്‍ അര്‍ജന്‍റീനക്കും മെസിക്കും ലഭിക്കുന്ന അവസരമാകുമിതെന്നാണ് ആരാധകര്‍ പറയുന്നത്.

2011 നവംബറില്‍ കൊല്‍ക്കത്തയില്‍ മെസിയുള്‍പ്പെട്ട അര്‍ജന്‍റീന സൗഹൃദ മത്സരം കളിച്ചപ്പോള്‍ ലാറ്റിനമേരിക്കന്‍ ടീമായ വെനസ്വേലയായിരുന്നു എതിരാളികള്‍. അര്‍ജന്‍റീന നായകനായുള്ള മെസിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. നവംബർ പത്തിനും പതിനെട്ടിനും ഇടയിലാണ് അർജന്‍റീന കേരളത്തിൽ സൗഹൃദ മത്സരം കളിക്കാൻ എത്തുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക