രോഹിത്തിന്‍റെ ആക്രമണോത്സുക ക്രിക്കറ്റില്‍ ധവാന് സ്ഥാനമില്ലെന്ന് ഉറപ്പാണ്. എന്നിട്ടും ധവാനെ വീണ്ടും ടീമിലെടുക്കുകയും ഇംഗ്ലണ്ടില്‍ ഏകദിനങ്ങളില്‍ കളിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ വിന്‍ഡീസിനെതിരെ വീണ്ടും ധവാനെ നായകനാക്കി.

പോര്‍ട്ട് ഓഫ് സ്പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 97 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്കോററായെങ്കിലും ശിഖര്‍ ധവാനെ എന്തിനാണ് ടീമിലെടുത്തത് എന്ന കാര്യത്തില്‍ തനിക്ക് ആശയക്കുഴപ്പമുണ്ടെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. ഇന്ത്യന്‍ ടീമിന്‍റെ പുതിയ സമീപനം ആക്രമണോത്സുക ക്രിക്കറ്റാണ്. രോഹിത്തിന്‍റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ഈ പദ്ധതിയില്‍ ധവാന് സ്ഥാനമില്ല. പിന്നെ എന്താണ് അദ്ദേഹം ചെയ്യുന്നതെന്നും ആദ്യ മത്സരത്തിനുശേഷം ജഡേജ ഫാന്‍കോഡിനോട് ചോദിച്ചു.

ധവാനെ ടീമിലെടുത്തതിനെക്കുറിച്ച് എനിക്ക് ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. ആദ്യം അവര്‍ കെ എല്‍ രാഹുലിനെ നായകനാക്കി. പിന്നീട് പെട്ടെന്ന് ശ്രീലങ്കന്‍ പര്യടനത്തില്‍ ധവാനെ നായകനാക്കി. ആറ് മാസം മുമ്പ് ധവാനെ ടീമില്‍ നിന്ന് തഴഞ്ഞു. കെ എല്‍ രാഹുലിനെയും ചില യുവാതരങ്ങളെയും നായകരാക്കി പരീക്ഷിച്ചു.

രോഹിത്തിന്‍റെ ആക്രമണോത്സുക ക്രിക്കറ്റില്‍ ധവാന് സ്ഥാനമില്ലെന്ന് ഉറപ്പാണ്. എന്നിട്ടും ധവാനെ വീണ്ടും ടീമിലെടുക്കുകയും ഇംഗ്ലണ്ടില്‍ ഏകദിനങ്ങളില്‍ കളിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ വിന്‍ഡീസിനെതിരെ വീണ്ടും ധവാനെ നായകനാക്കി. ഇതുകൊണ്ട് എന്താണ് അവര്‍ അര്‍ത്ഥമാക്കുന്നത്. ഇന്ത്യയുടെ ഭാവി പദ്ധതികളില്‍ ധവാന് ഇടമുണ്ടോ. രോഹിത് ശര്‍മ പറഞ്ഞത് അനുസരിച്ച് ഇന്ത്യ അക്രമണോത്സുക ക്രിക്കറ്റിന്‍റെ പാതയിലാണ്. തീര്‍ച്ചയായും ധവാന് അവിടെ ഇടമുണ്ടെന്ന് കരുതുന്നില്ല. വിന്‍ഡീസിനെതിരെ 97 റണ്‍സടിച്ചെങ്കിലും ദുര്‍ബലമായൊരു ബൗളിംഗ് നിരക്കെതിരെ അതില്‍ കൂടുതല്‍ നേടാമായിരുന്നുവെന്നും ജഡേജ പറഞ്ഞു

'ദ്രാവിഡ് പറഞ്ഞു, നിന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു'; വിജയമന്ത്രം തുറന്നുപറഞ്ഞ് ചാഹല്‍

വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ സീനിയര്‍ താരങ്ങളുടെ അഭാവത്തിലാണ് ധവാന്‍ നായകനായത്. ആദ്യ മത്സരത്തില്‍ 97 റണ്‍സടിച്ച് ധവാന്‍ തിളങ്ങുകയും ചെയ്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദ്ദിക് പാണ്ഡ്യ, റിഷഭ് പന്ത്, ജസ്പ്രീത് ബുമ്ര എന്നിവര്‍ വിന്‍ഡീസിനെതിരായ പരമ്പരയില്‍ കളിക്കുന്നില്ല. കെ എല്‍ രാഹുല്‍ പരിക്കുമൂലം ടീമിലില്ല. ഏകദിന പരമ്പരയില്‍ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്ത രവീന്ദ്ര ജഡേജ പരിക്കുമൂലം അവസാന നിമിഷം പിന്‍മാറുകയും ചെയ്തിരുന്നു.