മുംബൈ: ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അനില്‍ കുംബ്ലെ, സൗരവ് ഗാംഗുലി എന്നിവരെ കുറിച്ച് രസകരമായ വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ. തുടക്കകാലത്ത് മൂവരുടെയും ആഗ്രഹം പേസ് ബോളറായിരിക്കാനാണെന്നും ജഡേജ വ്യക്തമാക്കി. എല്ലാ ക്രിക്കറ്റ് താരങ്ങളും തുടക്കകാലത്ത് വേഗത്തില്‍ പന്തെറിയാനും ഓടാനും ആഗ്രഹിക്കുന്നവരാണെന്നാണ് ജഡേജ ഇതിന്റെ കാരണമായിട്ട് പറയുന്നത്.

ലോകത്തിലെ ഏറ്റവും വേഗതയേറിയ ബോളറാവാന്‍ ആയിരുന്നു സച്ചിന്റെ ആഗ്രഹമെന്ന് ജഡേജ വ്യക്തമാക്കി. മുന്‍താരം തുടര്‍ന്നു... ''സച്ചിന്‍ ബാറ്റ്‌സ്മാന്‍ ആവാനല്ല ആഗ്രഹിച്ചിരുന്നത്. ലോകത്തിലെ വേഗതയേറിയ പേസറാവാന്‍ ആയിരുന്നു സച്ചിന്റെ ആഗ്രഹം. എംആര്‍എഫ് പേസ് ഫൗണ്ടേഷില്‍ വച്ചാണ് ഞാന്‍ ആദ്യമായി സച്ചിനെ കാണുന്നത്. അന്ന് പേസറാവാനുളള കഠിന പരിശീലനം നടത്തുകയായിരുന്നു സച്ചിന്‍. ഫാസ്റ്റ് ബൗളറാവുകയെന്ന സ്വപ്നം യാഥാര്‍ഥ്യമാവില്ലെന്നു ബോധ്യമായതോടെ സച്ചിന്‍ ബാറ്റിങ്ങില്‍ ശ്രദ്ധിക്കുകയായിരുന്നു. എങ്കിലും ബോളിങ്ങിനോടുള്ള പ്രണയം ഉപേക്ഷിച്ചിരുന്നില്ല.

സച്ചിന്‍ മാത്രമല്ല കുംബ്ലെയും ഗാംഗുലിയും പേസര്‍മാരാവാന്‍ ആഗ്രഹിച്ചിരുന്നവരാണ്. കരിയറില്‍ നേടിയ സെഞ്ചുറികള്‍, ഫാസ്റ്റ് ബോളിങ ഇവയില്‍ ഏതെടുക്കുമെന്ന് ചോദിച്ചാല്‍ രണ്ടാമത്തേത് ആയിരിക്കും ഗാംഗുലി തിരഞ്ഞെടുക്കു.'' ജഡേജ പറഞ്ഞുനിര്‍ത്തി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നേട്ടം കൊയ്തിട്ടുള്ള ഏതു തന്നെ താരത്തെയെടുത്താലും അവരെല്ലാം കുട്ടിക്കാലത്ത് ഫാസ്റ്റ് ബൗളര്‍മാരാവാന്‍ ആഗ്രഹിച്ചവരായിരിക്കുമെന്നും ജഡേജ കൂട്ടിച്ചേര്‍ത്തു.