ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ഫോം കാട്ടിയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലൂടെ 18 മാസത്തെ ഇടവേള കഴിഞ്ഞ് അജിങ്ക്യ രഹാനെ ടീമിലേക്ക് മടങ്ങിവരവ് നടത്തിയത്
മുംബൈ: ഒന്നര വര്‍ഷം നീണ്ട ഇടവേളയ്‌ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവന്ന അജിങ്ക്യ രഹാനെ വീണ്ടും പുറത്താകലിന്‍റെ വക്കില്‍. മടങ്ങിവരവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ താരം തിളങ്ങിയെങ്കിലും പിന്നീട് നടന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ രണ്ട് ടെസ്റ്റുകളിലും രഹാന ബാറ്റിംഗില്‍ ദയനീയ പരാജയമായി. 11 റണ്‍സ് മാത്രമാണ് പരമ്പരയില്‍ താരത്തിന്‍റെ നേട്ടം. ഇതോടെ രഹാനെ വീണ്ടും ടെസ്റ്റ് ടീമില്‍ നിന്ന് പുറത്താകലിന്‍റെ വക്കിലെത്തി നില്‍ക്കുകയാണ്. ഡിസംബറില്‍ മാത്രമേ ഇനി ഇന്ത്യന്‍ ടീമിന് ടെസ്റ്റ് പരമ്പരയുള്ളൂ എന്നത് രഹാനെയുടെ സാധ്യതകള്‍ മങ്ങലിലാക്കുന്നു.
ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും ഫോം കാട്ടിയാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലൂടെ 18 മാസത്തെ ഇടവേള കഴിഞ്ഞ് അജിങ്ക്യ രഹാനെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവ് നടത്തിയത്. മറ്റ് മധ്യനിര താരങ്ങളുടെ പരിക്കും രഹാനെയുടെ മടങ്ങിവരവിന് കാരണമായി. ഫൈനലില്‍ ഓസീസിനെതിരെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യയുടെ ടോപ് സ്കോററായ താരം രണ്ടാം ഇന്നിംഗ്‌സിലും പൊരുതി തിരിച്ചുവരവില്‍ സെലക്‌ടര്‍മാരുടെയും ആരാധകരുടേയും പ്രതീക്ഷ കാത്തിരുന്നു. എന്നാല്‍ ഇതിന് ശേഷം നടന്ന വെസ്റ്റ് ഇന്‍ഡീസ് പര്യടനം രഹാനെയ്‌ക്ക് ഫോമിന്‍റെ തുടര്‍ച്ച നല്‍കിയില്ല. ടീമിന്‍റെ വൈസ് ക്യാപ്റ്റനായിട്ടും ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കാന്‍ രഹാനെ മറന്നു. 3, 8 എന്നിങ്ങനെയായിരുന്നു രഹാനെയുടെ സ്കോറുകള്‍. ഓസീസിനെതിരായ ഫൈനലിലെ മോശം പ്രകടനത്തോടെ ചേതേശ്വര്‍ പൂജാര ടീമില്‍ നിന്ന് പുറത്തായപ്പോഴാണ് രഹാനെയെ വൈസ് ക്യാപ്റ്റനാക്കിയത്.
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ഫോമിലെത്താന്‍ കഴിയാതെ വന്നത് ടെസ്റ്റ് ടീമില്‍ അജിങ്ക്യ രഹാനെയുടെ സ്ഥാനം ചോദ്യചിഹ്നമാക്കുന്നു. ഇനി ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ മാത്രമാണ് ഇന്ത്യന്‍ ടീമിന് ടെസ്റ്റ് പരമ്പരയുള്ളൂ. ഇതിനിടയില്‍ ഒരു രാജ്യാന്തര മത്സരം പോലും രഹാനെയ്‌ക്ക് കളിക്കാനാവില്ല. ഏകദിന, ട്വന്‍റി 20 പദ്ധതികളില്‍ നിന്ന് രഹാനെ ഏറെക്കാലം മുമ്പേ പുറത്തായിരുന്നു. ഏകദിനത്തില്‍ 2018 ഫെബ്രുവരിയിലും രാജ്യാന്തര ടി20യില്‍ ഓഗസ്റ്റ് 2016ലുമാണ് രഹാനെ അവസാനം കളിച്ചത്. ഡിസംബറിലെ പ്രോട്ടീസ് പരമ്പരയില്‍ കെ എല്‍ രാഹുലും ശ്രേയസ് അയ്യരും തിരിച്ചുവരും എന്നിരിക്കേ രഹാനെയ്‌ക്ക് ഇനി ടെസ്റ്റ് ഭാവി ശുഭകരമല്ല. പരിക്ക് മാറി രാഹുലും അയ്യരും ഇന്ത്യന്‍ വൈറ്റ് ബോള്‍ ടീമിലേക്ക് ഏഷ്യാ കപ്പിലൂടെ മടങ്ങിവരവിന് തയ്യാറെടുക്കുകയാണ്.
Read more: 'ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് വീണ്ടും പുറത്തേക്ക് അജിങ്ക്യ രഹാനെ'; തുറന്നുപറഞ്ഞ് മുന്‍ താരം
