ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടിയാണ് അജിങ്ക്യ രഹാനെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവന്നത്
പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിന് എതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ഇതുവരെ തിളങ്ങാനാവാതെ വന്നതോടെ ഇന്ത്യന്‍ ബാറ്റര്‍ അജിങ്ക്യ രഹാനെയുടെ ടീമിലെ സ്ഥാനം പരുങ്ങലിലെന്ന് മുന്‍ താരം ആകാശ് ചോപ്ര. ആദ്യ ടെസ്റ്റ് ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ടീം നിര്‍ണായക മേല്‍ക്കൈ നേടിയിരിക്കുകയാണ്. എങ്കിലും ഇപ്പോഴത്തെ മോശം ഫോം രഹാനെയ്‌ക്ക് കനത്ത ഭീഷണിയായിരിക്കുന്നു എന്ന് ചോപ്ര വിലയിരുത്തുന്നു.
ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ മികവ് കാട്ടിയാണ് അജിങ്ക്യ രഹാനെ ഓസ്ട്രേലിയക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവന്നത്. കലാശപ്പോരിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ ടോപ് സ്കോററായ താരം രണ്ടാം ഇന്നിംഗ്‌സിലും പൊരുതി തന്‍റെ തിരിച്ചുവരവ് ശരിയെന്ന് തെളിയിച്ചു. എന്നാല്‍ ഇതിന് ശേഷം വന്ന വെസ്റ്റ് ഇന്‍ഡീസിന് എതിരായ ടെസ്റ്റ് പരമ്പരയില്‍ വന്‍ പരാജയമായി താരം. ഇതുവരെ 3, 8 എന്നിങ്ങനെയാണ് രഹാനെയുടെ സ്കോറുകള്‍. ഇതോടെ ഇന്ത്യന്‍ ടീമില്‍ രഹാനെയുടെ നോട്ടീസ് പീരീഡ് ആരംഭിച്ചു എന്ന് ആകാശ് ചോപ്ര വിലയിരുത്തുന്നു.
'ടീമിന്‍റെ വൈസ് ക്യാപ്റ്റനാണ് എങ്കിലും അജിങ്ക്യ രഹാനെയുടെ നോട്ടീസ് പീരീഡ് ആരംഭിച്ചു എന്ന് വേണം മനസിലാക്കാന്‍. ഇത് താരങ്ങള്‍ക്ക് സംഭവിക്കുന്നതാണ്. ഒരിക്കല്‍ക്കൂടി ഇന്‍സൈഡ് എഡ്‌ജ് രഹാനെയ്‌ക്ക് പാരയായി. രണ്ടാം തവണയാണ് ഇങ്ങനെ രഹാനെയുടെ സ്റ്റംപില്‍ പന്ത് കൊള്ളുന്നത്. ഇന്ത്യ നാല് വിക്കറ്റുകള്‍ നഷ്‌ടപ്പെടുത്തിയെങ്കിലും മേധാവിത്വം കാട്ടിയിരുന്ന സമയത്താണ് രഹാനെ വിക്കറ്റ് വലിച്ചെറിഞ്ഞത്' എന്നും ചോപ്ര തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
ട്രിനിഡാഡിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 128 ഓവറില്‍ 438 റണ്‍സാണ് നേടിയത്. ഇന്ത്യക്കായി വിരാട് കോലി(121), രോഹിത് ശര്‍മ്മ(80), രവിന്ദ്ര ജഡേജ(61), യശസ്വി ജയ്‌സ്വാള്‍(57), രവിചന്ദ്രന്‍ അശ്വിന്‍(56) എന്നിങ്ങനെ സ്കോര്‍ നേടി. വിന്‍ഡീസിനായി കെമാര്‍ റോച്ചും ജൊമെല്‍ വാരിക്കനും മൂന്ന് വീതവും ജേസന്‍ ഹോള്‍ഡര്‍ രണ്ടും ഷാനന്‍ ഗബ്രിയേല്‍ ഒന്നും വിക്കറ്റ് നേടി. മറുപടി ബാറ്റിംഗില്‍ വെസ്റ്റ് ഇന്‍ഡീസ് 86-1 എന്ന സ്കോറില്‍ മൂന്നാം ദിനം ബാറ്റിംഗ് പുനരാരംഭിക്കും. ഇന്ത്യന്‍ സ്കോറിനേക്കാള്‍ 352 റണ്‍സ് പിന്നിലാണ് വിന്‍ഡീസ്.
