ജയ്പൂര്‍: ഇന്ത്യന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയ്ക്ക് പുതിയ ഐപിഎല്‍ ടീം. അടുത്ത സീസണില്‍ ഡല്‍ഹി കാപിറ്റല്‍സിന് വേണ്ടിയാണ് രഹാനെ കളിക്കുക. രാജസ്ഥാനുമായുള്ള നീണ്ട ഒമ്പത് വര്‍ഷത്തെ ബന്ധത്തിനാണ് അവസാനമാകുന്നത്. 2011 മുതല്‍ രഹാനെ രാജസ്ഥാനൊപ്പമാണ്. 2018ല്‍ ടീമിനെ നയിച്ചതും രഹാനെയായിരുന്നു. താരത്തിന്റെ നാലാമത്തെ ഐപിഎല്‍ ടീമാണിത്. നേരത്തെ മുംബൈ ഇന്ത്യന്‍സ്, റൈസിങ് പൂനെ സൂപ്പര്‍ജയന്‍റ്സ് എന്നീ ടീമുകള്‍ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

രഹാനെയ്ക്ക് പകരം രണ്ട് ഡല്‍ഹി താരങ്ങളെ രാജസ്ഥാന്‍ സ്വന്തമാക്കി. ട്രാന്‍സ്ഫര്‍ വിന്‍ഡോ സമയം പൂര്‍ത്തിയാവുന്നതിന് തൊട്ടുമുമ്പാണ് രഹാനെയെ രാജസ്ഥാന്‍ കൈമാറിയത്.  ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, ശ്രേയാസ് അയ്യര്‍, ഋഷഭ് പന്ത്, ഹനുമ വിഹാരി എന്നിവര്‍ അടങ്ങുന്ന വമ്പന്‍ താരനിരയാണ് ഡല്‍ഹിയുടേത്. റിക്കി പോണ്ടിങ്, പ്രവീണ്‍ ആംമ്രെ എന്നിവര്‍ക്ക് കീഴില്‍ പരിശീലിക്കാനുള്ള അവസരമാണ് രഹാനെയ്ക്ക് ലഭിക്കുക. 

കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് രഹാനെയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പിന്നീട് സ്റ്റീവ് സ്മിത്താണ് ടീമിനെ നയിച്ചത്. ഐപിഎല്ലില്‍ ഇതുവരെ 3820 റണ്‍സാണ് രഹാനെയുടെ അക്കൗണ്ടിലുള്ളത്.