മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റിലെ സെഞ്ചുറിയോടെ എലൈറ്റ് പട്ടികയില്‍ ഇടം പിടിച്ച് അജിന്‍ക്യ രഹാനെ. താരത്തിന്റെ 12-ാം ടെസ്റ്റ് സെഞ്ചുറിയാണ് മെല്‍ബണില്‍ പിറന്നത്. എവേ ഗ്രൗണ്ടില്‍ എട്ടാമത്തേയും. ഇതോടെ മുന്‍ ക്യാപ്റ്റന്മാരായ സച്ചിന്‍ ടെന്‍ഡുലര്‍ക്കറും സൗരവ് ഗാംഗുലിയും മുഹമ്മദ് അസറുദ്ദീനും ഇപ്പോഴത്തെ ക്യാപ്റ്റന്‍ വിരാട് കോലിയുമെല്ലാമുള്ള ഒരു പട്ടികയിലാണ് രഹാനെ ഇടം നേടിയത്.

ഓസ്‌ട്രേലിയയില്‍ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ക്യാപ്റ്റനായിരിക്കുകയാണ് രഹാനെ. അസറുദ്ദീനാണ് ഓസ്‌ട്രേലിയയില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റന്‍. 1991/92 പരമ്പരയില്‍ അഡ്‌ലെയ്ഡിലാണ് അസറുദ്ദീന്‍ സെഞ്ചുറി നേടുന്നത്. 106 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം. 1999/00 ല്‍ നടന്ന പരമ്പരയില്‍ സച്ചിനും സെഞ്ചുറി നേടിയത്. മെല്‍ബണില്‍ 144 റണ്‍സാണ് അന്നത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്വന്തമാക്കിയത്.

2003/04 പരമ്പരയില്‍ അന്നത്തെ ക്യാപ്റ്റനായിരുന്ന ഗാംഗുലിയും പട്ടികയില്‍ ഇടം നേടി. ഗബ്ബയില്‍ നടന്ന ടെസ്റ്റില്‍ ഗാംഗുലി 144 റണ്‍സ് അടിച്ചെടുത്തു. അടുത്തത് വിരാട് കോലിയുടെ ഉഴമായിരുന്നു. ക്യാപ്റ്റനായിരിക്കെ നാല് തവണ കോലി ഓസ്‌ട്രേലിയയില്‍ സെഞ്ചുറി നേടി. 2014/15 സീരീസില്‍ അഡ്‌ലെയ്ഡില്‍ നടന്ന മത്സരത്തില്‍ രണ്ട് ഇന്നിങ്‌സിലും താരം സെഞ്ചുറി നേടിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 115 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 141 റണ്‍സും കോലി നേടി. അതേ പരമ്പരയില്‍ സിഡ്‌നിയിലും കോലി സെഞ്ചുറി നേടി 147 റണ്‍സായിരുന്നു സമ്പാദ്യം. 

2018/19 വര്‍ഷത്തിലെ പരമ്പരയിലും കോലിയുടെ പേരില്‍ ഒരു സെഞ്ചുറിയുണ്ടായിരുന്നു. പെര്‍ത്തില്‍ നടന്ന മത്സരത്തില്‍ 123 റണ്‍സാണ് കോലി നേടിയത്. ഇപ്പോഴിതാ അക്കൂട്ടത്തില്‍ രഹാനെയും. 104 റണ്‍സുമായി പുറത്താവാതെ നില്‍ക്കുകയാണ് താരം. മെല്‍ബണില്‍ രഹാനയെുടെ രണ്ടാം സെഞ്ചുറിയാണിത്. മെല്‍ബണില്‍ രണ്ട് സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരമാണ് രഹാനെ. വിനോദ് മങ്കാദാണ് ആദ്യ താരം.