ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ തകര്‍ച്ചയില്‍ നിന്ന് കരകയറി. ഒരു ഘട്ടത്തില്‍ മൂന്നിന് 25 എന്ന നിലയില്‍ വന്‍ തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുകയായിരുന്ന സന്ദര്‍ശകര്‍ ഒന്നാം ദിനം ചായ്ക്ക് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തിട്ടുണ്ട്. അജിന്‍ക്യ രഹാനെ (പുറത്താവാതെ 50)യുടെ അര്‍ധ സെഞ്ചുറിയും കെ എല്‍ രാഹുലിന്റെ (44) ഇന്നിങ്‌സുമാണ് ഇന്ത്യക്ക് തുണയായത്. കെമര്‍ റോച്ച് വിന്‍ഡീസിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. നിലവില്‍ മഴ കാരണം മൂന്നാം സെഷന്‍ ആരംഭിക്കാനായിട്ടില്ല. 

നേരത്തെ ടോസ് നേടിയ വിന്‍ഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ഓരോവറില്‍ മായങ്ക് അഗര്‍വാളിനേയും (5), ചേതേശ്വര്‍ പൂജാരയേയും (2) മടക്കിയയച്ച് റോച്ച് ഇന്ത്യക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു. പിന്നാലെ എത്തിയ കോലി (9) ഷാനോന്‍ ഗബ്രിയേലിന് വിക്കറ്റ് നല്‍കി മടങ്ങി. തുടര്‍ന്ന് രാഹുല്‍- രഹാനെ കൂട്ടുകെട്ട് കൂട്ടിച്ചേര്‍ത്ത 68 റണ്‍സാണ് ടീമിന് തുണയായത്. എന്നാല്‍ രാഹുല്‍ റോസ് ചേസിന്റെ പന്തില്‍ പുറത്തായത് തിരിച്ചടിയായി. രഹാനെയ്ക്ക് കൂട്ടായി ഹനുമ വിഹാരി (18) ക്രീസിലുണ്ട്. രഹാനെ ഇതുവരെ ഏഴ് ബൗണ്ടറികള്‍ കണ്ടെത്തി. 

നേരത്തെ, മൂന്ന് പേസര്‍മാരെയും ഒരു സ്പിന്നറേയും ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ, രോഹിത് ശര്‍മ, ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ് എന്നിവര്‍ പുറത്തായി. രവീന്ദ്ര ജഡേജയാണ് ടീമിലെ ഏക സ്പിന്നര്‍. 

ഇന്ത്യ: മായങ്ക് അഗര്‍വാള്‍, കെ എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, ഹനുമ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

വെസ്റ്റ് ഇന്‍ഡീസ്: ക്രെയ്ഗ് ബ്രാത്വെയ്റ്റ്, ജോണ്‍ കാംപെല്‍, ഷായ് ഹോപ്പ്, ഷംറാ ബ്രൂക്‌സ്, ഡാരന്‍ ബ്രാവോ, ഷിംറോണ്‍ ഹെറ്റ്മയേര്‍, റോസ്റ്റണ്‍ ചേസ്, ജേസണ്‍ ഹോള്‍ഡര്‍, മിഗ്വല്‍ കമ്മിന്‍സ്, ഷാനോന്‍ ഗബ്രിയേല്‍, കെമര്‍ റോച്ച്.