ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 39 റണ്‍സിനാണ് ടീം പരാജയപ്പെട്ടത്.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അഞ്ചാം തോല്‍വിയാണ് കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ 39 റണ്‍സിനാണ് ടീം പരാജയപ്പെട്ടത്. 199 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. 50 റണ്‍സ് നേടിയ നായകന്‍ അജിന്‍ക്യ രഹാനെ മാത്രമാണ് കൊല്‍ക്കത്ത നിരയില്‍ തിളങ്ങിയത്.

ഇപ്പോള്‍ തോല്‍വിയെ കുറിച്ച് സംസാരിക്കുകയാണ് ക്യാപ്റ്റന്‍ രഹാനെ. അദ്ദേഹത്തിന്റെ വാക്കുകള്‍...''199 റണ്‍സ് പിന്തുടരാന്‍ പറ്റുമെന്ന് ഞാന്‍ കരുതി. ഇത്രയും റണ്‍സ് പിന്തുടരുമ്പോള്‍, മികച്ച തുടക്കം ഉണ്ടായിരിക്കണം. ഈ വിക്കറ്റില്‍ വിജയലക്ഷ്യം പിന്തുടരാന്‍ സാധിക്കുമെന്ന് കരുതി. നന്നായി പന്തെറിയാന്‍ സാധിച്ചു. എന്നാല്‍ ബാറ്റിംഗില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. എത്രയും വേഗം സാഹചര്യം മനസിലാക്കുകയും മുന്നോട്ട് പോകുകയും വേണം. അവരെ 200ന് താഴെ നിയന്ത്രിച്ചാല്‍ കാര്യങ്ങള്‍ വരുതിയിലാക്കാന്‍ കഴിയുമെന്ന തോന്നലുണ്ടായിരുന്നു. ഈ സാഹചര്യങ്ങള്‍ ഞങ്ങള്‍ക്ക് നന്നായി അറിയാം. മധ്യ ഓവറുകളില്‍ നന്നായി ബാറ്റ് ചെയ്യണം. അവിടെയാണ് ഞങ്ങള്‍ ബുദ്ധിമുട്ടുന്നത്. ഓപ്പണിംഗ് ബാറ്റര്‍മാരില്‍ നിന്ന് മികച്ച തുടക്കം ലഭിച്ചില്ല. ഒരു ബാറ്റിംഗ് യൂണിറ്റ് എന്ന നിലയില്‍ ഞങ്ങള്‍ മെച്ചപ്പെടേണ്ടതുണ്ട്.'' രഹാനെ വ്യക്തമാക്കി.

അദ്ദേഹം തുടര്‍ന്നു... ''ബൗളര്‍മാരെക്കുറിച്ച് പരാതിയില്ല. ബൗളര്‍മാര്‍ ഓരോ മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. 20 ഓവറുകളിലുടനീളം താരങ്ങള്‍ കളിയില്‍ തന്നെ വേണം. എന്നാല്‍ താരങ്ങള്‍ കളിക്കാര്‍ കഠിനാധ്വാനം ചെയ്യുന്നു. ഈ ഫോര്‍മാറ്റ് എപ്പോഴും ഭീതിയില്ലാതെ കളിക്കണം. കൂടുതല്‍ ചിന്തിക്കാന്‍ സമയമില്ല. തെറ്റുകളില്‍ നിന്ന് നിങ്ങള്‍ പഠിക്കേണ്ടതുണ്ട്. ഒരു ബാറ്റിംഗ് യൂണിറ്റ് എന്ന നിലയില്‍, നിങ്ങള്‍ ധൈര്യമുള്ളവരായിരിക്കണം. അവസരങ്ങള്‍ മുതലാക്കണം. നിങ്ങള്‍ പുറത്താകുന്നതിനെക്കുറിച്ച് ചിന്തിച്ചാല്‍, അങ്ങനേയെ സംഭവിക്കൂ. ഇത് മോശം സമയത്തിന്റെ കാര്യം മാത്രമാണ്. മധ്യനിരയില്‍ ഞങ്ങള്‍ക്ക് നിലവാരമുള്ള ബാറ്റ്സ്മാന്‍മാരുണ്ട്. ഞാന്‍ അവരെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു.'' കൊല്‍ക്കത്ത ക്യാപ്റ്റന്‍ വ്യക്തമാക്കി.

എട്ട് മത്സരങ്ങളില്‍ ആറ് പോയിന്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഏഴാം സ്ഥാനത്താണ്. മൂന്ന് മത്സരം ജയിച്ച കൊല്‍ക്കത്ത അഞ്ച് മത്സരങ്ങളിലും പരാജയപ്പെട്ടു. ഇനിയുള്ള മത്സരങ്ങള്‍ ടീമിന് നിര്‍ണായകമാണ്.