ഐപിഎല്‍ 2026ല്‍ നിന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പുറത്തായതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ. പ്രതിസന്ധി ഘട്ടങ്ങളില്‍ വ്യക്തിത്വവും മനോഭാവവുമാണ് പ്രധാനമെന്നും, ടീം തകരുമ്പോള്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ശക്തമായി നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൊല്‍ക്കത്ത: ഐപിഎല്‍ 2026ല്‍ നിന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പുറത്തായതിന് പിന്നാലെ, തന്റെ നായകസ്ഥാനത്തെക്കുറിച്ചും ടീമിന്റെ പ്രകടനത്തെക്കുറിച്ചും പ്രതികരണവുമായി ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ. ഞായറാഴ്ച നടന്ന നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ രാജസ്ഥാന്‍ റോയല്‍സ് തോല്‍പ്പിച്ചതോടെയാണ് കെകെആറിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ ഔദ്യോഗികമായി അവസാനിച്ചത്. ഇതിന് പിന്നാലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന അപ്രധാനമായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് 40 റണ്‍സിന് കൊല്‍ക്കത്ത പരാജയപ്പെടുകയും ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

ശ്രേയസ് അയ്യര്‍ക്ക് ശേഷം കെകെആര്‍ ക്യാപ്റ്റനായി ചുമതലയേറ്റത് മുതല്‍ കഠിനമായ ഒരു ഘട്ടത്തിലൂടെയാണ് രഹാനെ കടന്നുപോകുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ 2025, 2026 സീസണുകളില്‍ കൊല്‍ക്കത്തയ്ക്ക് പ്ലേഓഫിലേക്ക് യോഗ്യത നേടാനായില്ല. നിരാശാജനകമായ സീസണിലും തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് രഹാനെ. വെല്ലുവിളികള്‍ നിറഞ്ഞ ഘട്ടങ്ങളില്‍ വ്യക്തിത്വവും മനോഭാവവുമാണ് ഏറ്റവും പ്രധാനമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രഹാനെയുടെ വാക്കുകള്‍... ''ജീവിതത്തിലുടനീളം നല്ലൊരു മനോഭാവത്തോടെയാണ് ഞാന്‍ ക്രിക്കറ്റ് കളിച്ചിട്ടുള്ളത്. വ്യക്തിത്വത്തിന് ഞാന്‍ എപ്പോഴും വലിയ പ്രാധാന്യം നല്‍കുന്നു. പ്രതിസന്ധികളില്‍ നിന്ന് ഒരിക്കലും ഒളിച്ചോടുന്ന ആളല്ല ഞാന്‍. ടീം തകര്‍ന്നുനില്‍ക്കുമ്പോഴാണ് നമ്മുടെ വ്യക്തിത്വം തെളിയിക്കേണ്ടത്. ടീം കഷ്ടപ്പെടുമ്പോള്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ശക്തമായി നിലകൊള്ളേണ്ടത് പ്രധാനമാണ്.'' രഹാനെ വ്യക്തമാക്കി. ബാറ്റിംഗിലും ഈ സീസണ്‍ രഹാനെയ്ക്ക് അത്ര മികച്ചതായിരുന്നില്ല. കളിച്ച 14 മത്സരങ്ങളില്‍ നിന്ന് രണ്ട് അര്‍ദ്ധസെഞ്ചുറികള്‍ ഉള്‍പ്പെടെ 25.76 ശരാശരിയില്‍ 335 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.

എന്നാല്‍ ക്രിക്കറ്റില്‍ സമ്മര്‍ദ്ദം തികച്ചും സ്വാഭാവികമാണെന്നും അത്തരം ഘട്ടങ്ങളില്‍ പരിഭ്രാന്തരാകാതെ ശാന്തത പാലിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''സമ്മര്‍ദ്ദം ഉണ്ടെന്നത് സ്വാഭാവികമാണ്. എന്നാല്‍ അത്തരം വലിയ സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ചവര്‍ക്കേ അത് ഉണ്ടാകൂ. എല്ലാവര്‍ക്കും അത് കൈകാര്യം ചെയ്യാന്‍ കഴിഞ്ഞെന്ന് വരില്ല. പരിഭ്രാന്തരാകാതെ ശക്തമായി നിലകൊള്ളാനാണ് ഞാന്‍ ശ്രമിച്ചത്. തുടര്‍ച്ചയായി 5-6 മത്സരങ്ങള്‍ തോല്‍ക്കുമ്പോള്‍ ശ്രദ്ധ പതറിപ്പോകാന്‍ എളുപ്പമാണ്.'' രഹാനെ പറഞ്ഞു.

പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനം

ഈ സീസണിന്റെ തുടക്കത്തില്‍ കളിച്ച ആദ്യ ആറ് മത്സരങ്ങളിലും പരാജയപ്പെട്ട് കെകെആര്‍ കടുത്ത പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ പിന്നീട് മികച്ച രീതിയില്‍ തിരിച്ചുവന്ന ടീം, ലീഗ് ഘട്ടത്തിന്റെ അവസാന ദിവസം വരെ പ്ലേഓഫ് റേസില്‍ സജീവമായി ഉണ്ടായിരുന്നു. ഒടുവില്‍ 14 മത്സരങ്ങളില്‍ നിന്ന് 6 വിജയങ്ങളുമായി 13 പോയിന്റോടെ ഏഴാം സ്ഥാനത്താണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സീസണ്‍ അവസാനിപ്പിച്ചത്. -0.147 ആണ് ടീമിന്റെ നെറ്റ് റണ്‍ റേറ്റ്.

YouTube video player