16-ാം ഓവറിലെ അവസാന പന്ത്. അവിടെ നിന്നായിരുന്നു രാജസ്ഥാൻ ജയിച്ചുതുടങ്ങിയത്. അല്ല അയാള്‍ ജയിപ്പിച്ച് തുടങ്ങിയത്, ജോഫ്ര ആര്‍ച്ചര്‍

രാജസ്ഥാൻ റോയല്‍സിന്റെ ഡഗൗട്ടില്‍ ആശങ്ക വീണുതുടങ്ങി. 2014ല്‍ ആദിത്യ താരയുടെ ബാറ്റില്‍ നിന്ന് പിറന്ന ആ ഐക്കോണിക്ക് സിക്സ് ഇന്നും അവരെ വേട്ടയാടുന്നുണ്ട്. അതേ വാംഖ‍ഡയില്‍ ഒരിക്കല്‍ക്കൂടി പ്ലേ ഓഫിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കുകയാണ്. 13-ാം ഓവര്‍ അവസാനിക്കുമ്പോള്‍ ബാറ്റിങ് നിരയിലെ കരുത്തുറ്റ മുഖങ്ങളെല്ലാം ഡ്രെസിങ് റൂമിലെത്തി, 119-5. അവസാന പ്രതീക്ഷയായി നിലകൊണ്ട ഡെനോവൻ ഫെറെയ്റയും മടങ്ങി. 180ല്‍ എത്തുകപോലും പ്രയാസം. ‍‍‍‍രവീന്ദ്ര ജഡേജ ഇനിയും ക്രീസിലെത്തിയിട്ടില്ല.

Add Asianetnews as a Preferred SourcegooglePreferred

16-ാം ഓവറിലെ അവസാന പന്ത്. അവിടെ നിന്നായിരുന്നു രാജസ്ഥാൻ ജയിച്ചുതുടങ്ങിയത്. അല്ല അയാള്‍ ജയിപ്പിച്ച് തുടങ്ങിയത്, ജോഫ്ര ആര്‍ച്ചര്‍.

ഔട്ട്സൈഡ് ഓഫ് സ്റ്റമ്പ് ലൈനില്‍ ദീപക് ചഹറിന്റെ ബാക്ക് ഓഫ് ദ ലെങ്ത് ഡെലിവെറി. സ്ലാപ്പ്‌ഡ്, ലോങ് ഓണില്‍ നിലയുറപ്പിച്ച സൂര്യകുമാര്‍ യാദവിന്റെ കൈകളേയും ഭേദിച്ച് ആ പന്ത് ബൗണ്ടറി റോപ്പുകള്‍ താണ്ടി, സിക്‌സ്. 17-ാം ഓവറില്‍ കോര്‍ബിൻ ബോഷിന്റെ ഗുഡ് ലെങ്ത് പന്ത് സ്ക്വയര്‍ ലെഗിലേക്ക്, ശാര്‍ദൂലിന്റെ ഷോര്‍ട്ട് ബോള്‍ ഡീപ് മിഡ് വിക്കറ്റിലേക്ക്, മൂന്ന് സിക്സറുകള്‍. ശേഷം ഒരു ബൗണ്ടറികൂടി. ഇതിനിടയില്‍ കാല്‍ക്കുലേറ്റഡ് സിംഗിളുകളും ഡബിളും വേറെയും.

അതുവരെ ക്രീസിലെത്തിയ ഒരു രാജസ്ഥാൻ ബാറ്റര്‍ക്കും കഴിയാത്തത് ആര്‍ച്ചറിന് സാധിച്ചു. 15 പന്തില്‍ 32 റണ്‍സ്, സ്ട്രൈക്ക് റേറ്റ് 213. 180ലേക്ക് പോലും എത്തില്ല എന്ന് തോന്നിച്ച ടോട്ടല്‍. രണ്ട് ഓവര്‍ ബാക്കി നില്‍ക്കെ ആര്‍ച്ചര്‍ മടങ്ങുമ്പോള്‍ രാജസ്ഥാന്റെ സ്കോര്‍ 175. മത്സരം കൈവിട്ട് പോകുന്നുവെന്ന് തോന്നിച്ച നിമിഷത്തില്‍ രാജസ്ഥാനെ ആര്‍ച്ചര്‍ സേവ് ചെയ്ത ആദ്യ ഘട്ടമായിരുന്നു ഇത്. പന്തുകൊണ്ടും ആ‍ര്‍ച്ചറിന് ഇത് ആവര്‍ത്തിക്കാനാകുമോയെന്ന ചോദ്യമായിരുന്നു മത്സരത്തിന്റെ ഇടവേളയില്‍ ക്രിക്കറ്റ് പണ്ഡിറ്റുകളെല്ലാം ചോദിച്ചത്.

കാരണം കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ആര്‍ച്ചറിന് സീസണിന്റെ തുടക്കത്തിലെ ഫോം പ്രകടിപ്പിക്കാനായിട്ടില്ല. പ്രത്യേകിച്ചും പവര്‍പ്ലേയില്‍. മേല്‍പ്പറഞ്ഞ അഞ്ച് മത്സരങ്ങളില്‍ അഞ്ച് വിക്കറ്റുകള്‍ മാത്രം, എക്കോണമി 11ന് അടുത്തും. പവര്‍പ്ലേയില്‍ വീണാല്‍ ഉയിര്‍പ്പ് മുംബൈക്ക് എളുപ്പമല്ല, അതുകൊണ്ട് ഏറ്റവും നിര്‍ണായകം ഓപ്പണര്‍മാരുടെ വിക്കറ്റായിരുന്നു.

റോ പേസ്, ഡിസിപ്ലിൻ, ആക്യുറസി, ഷാര്‍പ്പ്നസ്. മൂര്‍ച്ചകൂട്ടിയായിരുന്നു ആര്‍ച്ചറെത്തിയത്. നാലാം പന്തില്‍ വാംഖഡയെ നിശബ്ദമാക്കിക്കൊണ്ട് രോഹിത് ശര്‍മയെ മടക്കി. ഓഫ് സ്റ്റമ്പ് ലൈനില്‍ ഒരു ഫുള്‍ ലെങ്ത് ഡെലിവെറി. ഇൻസ്വിങ് പ്രതീക്ഷിച്ച് ഫ്ലിക്ക് ചെയ്യാനൊരുങ്ങിയ രോഹിതിന് പിഴച്ചു, എവെ സ്വിങ്, ഔട്ട്സൈഡ് എഡ്ജ് പന്തിനെ ജൂറലിന്റെ കൈകളിലേക്ക് നയിക്കുകയായിരുന്നു.

രണ്ടാം ഓവറില്‍ നമൻ ധീര്‍. ക്രോസ് സീം ഡെലിവെറി, പിച്ച് ചെയ്തതിന് ശേഷം സ്വിങ് ചെയ്യാതെ പന്ത് മിഡില്‍ സ്റ്റമ്പിലേക്ക്, ക്ലീൻ ബൗള്‍ഡ്. സംഭവിച്ചത് എന്തെന്നറിയാതെ നമൻ ഒരു നിമിഷം നിന്നു. ഹൈ പേസിലും ലെങ്ത് മിക്‌സ് ചെയ്തും ആര്‍ച്ചര്‍ തന്റെ പവര്‍പ്ലേ അവസാനിപ്പിക്കുന്നത് മൂന്ന് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയാണ്.

എന്നാല്‍, രണ്ടാം വരവിലായിരുന്നു ആര്‍ച്ചര്‍ രാജസ്ഥാനെ പൂര്‍ണമായും പ്ലേ ഓഫിലേക്ക് എത്തിച്ചത്. പതിവിന് വിപരീതമായി 16-ാം ഓവറില്‍ ആര്‍ച്ചറിന് റിയാൻ പരാഗ് പന്ത് കൈമാറി. ഹാര്‍ദിക്ക് പാണ്ഡ്യയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് മുംബൈയെ വിജയത്തിലേക്ക് അടുപ്പിക്കുകയാണപ്പോള്‍. അഞ്ച് ഓവറില്‍ 59 റണ്‍സ് മാത്രം മതി ജയിക്കാൻ. വാംഖഡയില്‍ അത് വലിയ കടമ്പ അല്ല.

മത്സരം ഒരു ത്രില്ലറിലേക്ക് പോകാനുള്ള എല്ലാ സാധ്യതയും നിലനില്‍ക്കുമ്പോള്‍ ആര്‍ച്ചറിനെ അവസാന ഓവറിലേക്ക് നീക്കിവെക്കാതെ നേരത്തെ എത്തിച്ച പരാഗിന്റെ തന്ത്രം അല്‍പ്പം റിസ്‌ക്ക് നിറഞ്ഞതായിരുന്നു. പാളിയാല്‍ മത്സരം പൂര്‍ണമായും കൈവിട്ടപോലെയാകും. പക്ഷേ, നായകന്റേയും ടീമിന്റേയും വിശ്വാസം ആര്‍ച്ചര്‍ അവിടെ കാത്തു. ഇക്കുറി ഹൈ പേസ് ആയിരുന്നില്ല, പേസ് ഓഫായിരുന്ന തന്ത്രം.

മണിക്കൂറില്‍ 116 കിലോ മീറ്റ‍ര്‍ മാത്രം വേഗതയിലൊരു ഷോര്‍ട്ട് ബോള്‍. തന്റെ സാധ്യത മനസിലാക്കിയ ഹാര്‍ദിക്കിന്റെ പക്ഷേ ഷോട്ടില്‍ നിയന്ത്രണം ഉണ്ടായില്ല. ലോങ് ഓണില്‍ നന്ദ്രെ ബര്‍ഗറിന്റെ കൈകളില്‍ മുംബൈ നായകന്റെ ഇന്നിങ്സിന്റെ കര്‍ട്ടൻ വീണു. ആ ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വഴങ്ങിയാണ് ആര്‍ച്ചര്‍ വിക്കറ്റ് നേടിയത്. പഞ്ചാബ് കിങ്സിന്റേയും കൊല്‍ക്കത്തയുടേയും പ്ലേ ഓഫ് സ്വപ്നങ്ങളും മുംബൈയുടെ വീഴ്ചയുടെ ആക്കവും കൂട്ടിക്കൊണ്ട് വാംഖഡയില്‍ ആര്‍ച്ചറിന്റെ വണ്‍ മാൻ ഷോ.

ബാറ്റുകൊണ്ട് 15 പന്തില്‍ 32 റണ്‍സ്, പന്തുകൊണ്ട് നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ്.