ഓസ്‌ട്രേലിയയില്‍ സെഞ്ചുറി നേടിയത് കൊണ്ട് മാത്രം ലോകകപ്പ് ടീമില്‍ സ്ഥാനം ഉറപ്പിക്കാനാവില്ലെന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പെന്നും അദ്ദേഹം വ്യക്തമാക്കി.

മുംബൈ: 2027 ലോകകപ്പില്‍ രോഹിതും കോലിയും കളിക്കുമോയെന്ന ചോദ്യത്തിന് ബിസിസിഐ ചീഫ് സെലക്റ്റര്‍ അജിത് അഗാര്‍ക്കറുടെ മറുപടി. ഓസ്ട്രേലിയയില്‍ റണ്‍സ് നേടിയില്ലെങ്കില്‍ അവരെ പുറത്താക്കുമെന്ന് ആരും കരുതേണ്ടതില്ലെന്നും അതുപോലെ, ഓസ്‌ട്രേലിയയില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയാല്‍ അവരെ ലോകകപ്പിലേക്ക് തെരഞ്ഞെടുക്കുമെന്നും അര്‍ത്ഥമില്ലെന്നും അഗാര്‍ക്കര്‍ വ്യക്തമാക്കി. ലോകകപ്പിന് ഇനിയും നാളുകളേറെയുണ്ട്. എല്ലാ മത്സരങ്ങളിലും രോഹിതിനെയും കോലിയെയും വിചാരണ ചെയ്യുന്നത് മണ്ടത്തരമായിരിക്കുമെന്നും ഇന്ത്യയുടെ ചീഫ് സെലക്ടര്‍ പറഞ്ഞു.

അതേസമയം, 2027ലെ ഏകദിന ലോകകപ്പ് വരെ ഇന്ത്യന്‍ ബാറ്റര്‍മാരായ വിരാട് കോലിയും രോഹിത് ശര്‍മയും തുടരണമെന്നാണ് ആഗ്രഹമെന്ന് ഓസ്‌ട്രേലിയന് താരം ട്രാവിസ് ഹെഡ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്ന നിലവാരമുള്ള താരങ്ങളാണ് ഇരുവരും. ഓസീസ് പരമ്പരയ്ക്ക് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ അക്‌സര്‍ പട്ടേലിനൊപ്പം സംസാരിക്കവേയായിരുന്നു ഹെഡിന്റെ പ്രതികരണം. നേരത്തെ, ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി സെലക്ഷന്‍ കമ്മിറ്റിയെ കുറിച്ച് പറഞ്ഞതിനെ കുറിച്ചും അഗാര്‍ക്കര്‍ സംസാരിച്ചിരുന്നു.

ഷമി പറഞ്ഞത് ഞാനും വായിച്ചിരുന്നു. അതൊക്കെ എന്നോട് പറഞ്ഞിരുന്നെങ്കില്‍ മറുപടി നല്‍കാമായിരുന്നു. കഴിഞ്ഞ കുറച്ചുമാസത്തനിടെ ഷമിയുമായി നിരവധി തവണ ഞാന്‍ ചാറ്റ് ചെയ്തിരുന്നു. അവന്‍ ഫിറ്റായിരുന്നെങ്കില്‍ ഇംഗ്ലണ്ടിലേക്കുള്ള വിമാനത്തില്‍ അവനുണ്ടാകുമായിരുന്നു. രാജ്യത്തെ ആഭ്യന്തര സീസണ്‍ ഇപ്പോള്‍ തുടങ്ങിയിട്ടേയുള്ളു. അതില്‍ ഷമിയുടെ ഫിറ്റ്‌നെസിനെക്കുറിച്ച് വിലയിരുത്തും. ഷമിയെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഉള്‍പ്പെടുത്താന്‍ അതിയായ ആഗ്രഹച്ചിരുന്നു. പക്ഷെ ഷമി ഫിറ്റായിരുന്നില്ല. അടുത്ത രണ്ട് മാസത്തിനുള്ളില്‍ അവന്‍ ഫിറ്റ്‌നെസ് വീണ്ടെടുത്താല്‍ ഈ കഥയൊക്കെ മാറുമെന്നുമായിരുന്നു അഗാര്‍ക്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

അതിന് മുമ്പ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന, ടി20 ടീമുകളെ പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഷമിയുടെ ഫിറ്റ്‌നെസിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്ക് യാതൊരു അപ്‌ഡേറ്റുമില്ലെന്നായിരുന്നു അഗാര്‍ക്കര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഫിറ്റ്‌നെസിനെക്കുറിച്ച് അപ്‌ഡേറ്റ് ചെയ്യുക എന്നത് തന്റെ ഉത്തരവാദിത്തമല്ലെന്നും ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തി മത്സരങ്ങള്‍ക്കായി തയാറെടുക്കുക മാത്രമാണ് തനിക്ക് ചെയ്യാനുള്ളതെന്നുമായിരുന്നു ഷമി അന്ന് മറുപടി നല്‍കിയിരുന്നു.

YouTube video player