ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി സഞ്ജു സാംസണെ ടീമിലെത്തിക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ശ്രമം തുടങ്ങി. ഒരു സീനിയര്‍ താരത്തെ വിട്ടുനല്‍കി സഞ്ജുവിനെ ട്രേഡ് ചെയ്യാനാണ് ഡല്‍ഹി ലക്ഷ്യമിടുന്നത്. 

ദില്ലി: ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി സഞ്ജു സാംസണെ തിരിച്ചെത്തിക്കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സ്. ഒരു സീനിയര്‍ താരത്തെ വിട്ടുകൊടുത്ത് സഞ്ജുവിനെ കൊണ്ടുവരാനാണ് ഡല്‍ഹി ശ്രമിക്കുന്നത്. എന്നാല്‍ ഏത് താരത്തെ വിട്ടുകൊടുക്കുമെന്നുള്ള കാര്യത്തില്‍ വ്യക്തതയില്ല. കെ എല്‍ രാഹുലിനെ ഇപ്പോള്‍ തന്നെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നോട്ടമിട്ടിട്ടുണ്ട്. ക്യാപ്റ്റനും വിക്കറ്റ് കീപ്പറും ഓപ്പണറുമായിട്ടാണ് രാഹുലിനെ കൊല്‍ക്കത്ത പരിഗണിക്കുന്നത്. ഡല്‍ഹിയുടെ സീനിയര്‍ താരം രാഹുലാണ്. മാത്രമല്ല, അക്‌സര്‍ പട്ടേലും ടീമിലുണ്ട്. അക്‌സറാണ് കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ചത്.

ഡല്‍ഹി മാത്രമല്ല, നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും സഞ്ജുവില്‍ താല്‍പര്യം കാണിച്ചിരുന്നു. സഞ്ജു ചെന്നൈയിലേക്കാണെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പരിശീലകന്‍ സ്റ്റീഫന്‍ ഫ്‌ളെമിംഗ്, സഞ്ജുവുമായ ചര്‍ച്ച നടത്തിയെന്ന് വരെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്തായാലും രാജസ്ഥാന്‍ വിടുമെന്നുള്ള കാര്യത്തില്‍ ഏറെക്കുറെ ഉറപ്പായി. കഴിഞ്ഞ സീസണിന് മുമ്പ് ജോസ് ബട്‌ലറെ ഒഴിവാക്കിയതുള്‍പ്പെടെയുള്ള സഞ്ജുവിന്റെ പിന്മാറ്റത്തിന് പിന്നിലുണ്ട്.

അതേസമയം, ഇത്തവണ താരലേലത്തിന് മുമ്പ് ടീമുകള്‍ക്ക് കളിക്കാരെ നിലനിര്‍ത്താനുള്ള അവസാന തീയതി നവംബര്‍ 15 ആയിരിക്കും. ഈ വര്‍ഷത്തെ ഐപിഎല്‍ മിനി താരലേലം ഡിസംബര്‍ 15ന് നടക്കുമെന്ന് റിപ്പോര്‍ട്ട്. ഡിസംബര്‍ 13- മുതല്‍ 15 വരെയുള്ള തിയതികളിലൊന്നിലായിരിക്കും താരലേലം നടക്കുകയെന്ന് ബിസിസിഐ വൃത്തങ്ങലെ ഉദ്ധരിച്ച് ക്രിക് ബസ് റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ തവണ മെഗാ താരലേലത്തിന് സൗദി അറേബ്യ വേദിയായതുപോലെ ഇത്തവണ വിദേശത്ത് താരലേലം നടക്കാനുള്ള സാധ്യതയില്ല.

കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് ഇത്തവണ താരലേലത്തിന് മുമ്പ് കൂടുതല്‍ കളിക്കാരെ കൈവിടുക എന്നാണ് സൂചന. ദീപക് ഹൂഡ, വിജയ് ശങ്കര്‍, രാഹുല്‍ ത്രിപാഠി, സാം കറന്‍, ഡെവോണ്‍ കോണ്‍വെ തുടങ്ങിയ അഞ്ച് താരങ്ങളെ ചെന്നൈ ലേലത്തിന് മുമ്പ് കൈവിട്ടേക്കുമെന്നാണ് കരുതുന്നത്. രവിചന്ദ്രന്‍ അശ്വിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചതിനാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പേഴ്‌സില്‍ 9.75 കോടി രൂപ അധികമായി ലഭിക്കും.

YouTube video player