മുംബൈ: കൊവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് നീട്ടിവെച്ച ക്രിക്കറ്റ് പരമ്പരകള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ രണ്ട് പരമ്പരകളില്‍ ടീമുകള്‍ ഒരേസമയം കളിക്കണമെന്ന നിര്‍ദേശം വന്നിട്ട് അധികനാളായില്ല. ടെസ്റ്റ് പരമ്പരക്കൊപ്പം തന്നെ ടി20 പരമ്പരയിലും കളിക്കുക എന്നതായിരുന്നു നിര്‍ദേശം. ടെസ്റ്റ് ടീമില്‍ കളിക്കുന്ന രണ്ടോ മൂന്നോ പേരൊഴികെ ടി20 ടീമില്‍ കളിക്കാത്തതിനാല്‍ ഇന്ത്യയും ഇംഗ്ലണ്ടുമെല്ലാം ഈ നിര്‍ദേശത്തെ ക്രിയാത്മകമായാണ് സമീപിച്ചത്.

വിരാട് കോലിയുടെ നേതൃത്വത്തില്‍ ഓസ്ട്രേലിയക്കെതിരെ ടെസ്റ്റ് പരമ്പര കളിക്കുമ്പോള്‍ തന്നെ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഓസീസിനെതിരെ ടി20 പരമ്പരയിലും കളിക്കുക എന്ന നിര്‍ദേശം ബിസിസിഐക്ക് മുമ്പാകെയും എത്തിയെങ്കിലും ഇക്കാര്യത്തില്‍ ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.

എന്തായാലും ഒരേസമയം രണ്ട് ടീമിനെ ഇറക്കാനുള്ള പ്രതിഭകള്‍ ഇന്ത്യയിലും ഇംഗ്ലണ്ടിലുമെല്ലാം ഉണ്ട്. ഈ സാഹചര്യത്തില്‍ ഒരേസമയം ടെസ്റ്റും ടി20യും കളിക്കാനുള്ള ടീമിനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍. വിരാട് കോലിയാണ് അഗാര്‍ക്കറുടെ ടെസ്റ്റ് ടീമിനെ നയിക്കുന്നത്. ടി20 ടീമിന്റെ നായകനാകട്ടെ രോഹിത് ശര്‍മയാണ്.

Alos Read: 'ഈ ഭീരുത്വം നിര്‍ത്താന്‍ സമയമായി'; പിടിയാനയുടെ മരണത്തില്‍ പ്രതികരണവുമായി കോലി

അജിത് അഗാര്‍ക്കര്‍ തെരഞ്ഞെടുത്ത ടെസ്റ്റ് ടീം:  പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി(ക്യാപ്റ്റന്‍), അജിങ്ക്യാ രഹാനെ, ഹനുമാ വിഹാരി, ഋഷഭ് പന്ത്, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, മൊഹമ്മദ് ഷമി, ശുഭ്മാന്‍ ഗില്‍(പന്ത്രണ്ടാമന്‍),

ടി20 ടീം: രോഹിത് ശര്‍മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഹര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, നവദീപ് സെയ്നി, യുസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്ര, ഷര്‍ദ്ദുല്‍ ഠാക്കൂര്‍(പന്ത്രണ്ടാമന്‍).

ടെസ്റ്റ് ടീമില്‍ വൃദ്ധിമാന്‍ സാഹക്ക് പകരം ഋഷഭ് പന്തിനാണ് അഗാര്‍ക്കര്‍ അവസരം നല്‍കിയത്. അഗാര്‍ക്കറുടെ ടെസ്റ്റ് ടീമില്‍ രോഹിത് ശര്‍മയും രവീന്ദ്ര ജഡേജയും പുറത്താവുകയും ചെയ്തു.

കൊവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങള്‍ മാര്‍ച്ച് മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. അടുത്തമാസം വെസ്റ്റ് ഇന്‍ഡീസ്-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയാണ് കൊവിഡിനുശേഷമുള്ള ആദ്യ ക്രിക്കറ്റ് പരമ്പരയായി നിശ്ചയിച്ചിരിക്കുന്നത്.