ബിഗ് ബാഷിൽ സിഡ്‌നി തണ്ടറിനെതിരെ സിഡ്‌നി സിക്‌സേഴ്‌സിനായി സ്റ്റീവൻ സ്മിത്ത് 41 പന്തിൽ സെഞ്ചുറി നേടി. 

സിഡ്‌നി: ബിഗ് ബാഷില്‍ സ്റ്റീവന്‍ സ്മിത്ത് ഷോ. സിഡ്‌നി തണ്ടറിനെതിരായ മത്സരത്തില്‍ സിഡ്‌നി സിക്‌സേഴ്‌സിന് വേണ്ടി 41 പന്തില്‍ താരം 100 റണ്‍സാണ് അടിച്ചെടുത്തത്. സ്മിത്തിന്റെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ അഞ്ച് വിക്കറ്റ് വിജയമാണ് സിക്‌സേഴ്‌സ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ തണ്ടര്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് നേടിയത്. 65 പന്തില്‍ പുറത്താവാതെ 110 റണ്‍സ് നേടിയ വെറ്ററന്‍ താരം ഡേവിഡ് വാര്‍ണറാണ് ടീമിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. എന്നാല്‍ മറുപടി ബാറ്റിംഗില്‍ സ്മിത്ത് ഷോയില്‍ സിക്‌സേഴ്‌സ് ജയം സ്വന്തമാക്കി.

ഒന്നാം വിക്കറ്റില്‍ ബാബര്‍ അസം (47) - സ്മിത്ത് സഖ്യം 141 റണ്‍സ് ചേര്‍ത്തിരുന്നു. 13-ാം ഓവറില്‍ മാത്രമാണ് തണ്ടറിന് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. ബാബര്‍, മക്ആന്‍ഡ്രൂവിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. വൈകാതെ സ്മിത്ത് സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാല്‍ അടുത്ത പന്തില്‍ പുറത്താവുകയും ചെയ്തു. 42 പന്തുകള്‍ നേരിട്ട താരം ഒമ്പത് സിക്‌സും അഞ്ച് ഫോറുകളുമാണ് നേടിയത്. ഇതിനിടെ ജോഷ് ഫിലിപ്പെ (1), മൊയ്‌സസ് ഹെന്റിക്വെസ് (6), സാം കറന്‍ (1) എന്നിവര്‍ നിരാശപ്പെടുത്തിയെങ്കിലും ലാച്ച്‌ലാന്‍ ഷോ (13), ജാക്ക് എഡ്വേര്‍ഡ്‌സ് (17) എന്നിവരുടെ ഇന്നിംഗ്‌സുകള്‍ സിഡ്‌നിയെ വിജയത്തിലേക്ക് നയിച്ചു.

Scroll to load tweet…

നേരത്തെ, വാര്‍ണര്‍ ഒഴികെ മറ്റാര്‍ക്കും തണ്ടര്‍ നിരയില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 65 പന്തുകള്‍ നേരിട്ട 39കാരന്‍ നാല് സിക്‌സും 11 ഫോറും നേടി പുറത്താവാതെ നിന്നു. മാത്യൂ ഗില്‍കെസ് (12), സാം കോണ്‍സ്റ്റാസ് (6), സാം ബില്ലിംഗ്‌സ് (14), നിക്ക് മാഡിന്‍സണ്‍ (26), ക്രിസ് ഗ്രീന്‍ (0), ഡാനിയേല്‍ സാംസ് (10) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സാം കറന്‍ സിക്‌സേഴ്‌സിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി.

YouTube video player