മുൻ ക്യാപ്റ്റൻ തമീം ഇഖ്ബാലിനെ 'ഇന്ത്യൻ ഏജന്റ്' എന്ന് വിളിച്ച ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് മുൻ ഡയറക്ടർ നസ്മുൾ ഇസ്ലാമിനെതിരെ കായിക ഉപദേഷ്ടാവ് ആസിഫ് നസ്രുൾ രംഗത്ത്. 

ധാക്ക: മുന്‍ ക്യാപ്റ്റന്‍ തമീം ഇഖ്ബാലിനെതിരെയുള്ള ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) മുന്‍ ഡയറക്ടര്‍ എം നസ്മുള്‍ ഇസ്ലാമിന്റെ വിവാദ പരാമര്‍ശത്തിനെതിരെ ബംഗ്ലാദേശിന്റെ യുവജന-കായിക ഉപദേഷ്ടാവ് ആസിഫ് നസ്രുള്‍. ബംഗ്ലാദേശിനായി 70 ടെസ്റ്റുകളും 243 ഏകദിനങ്ങളും 78 ടി20 മത്സരങ്ങളും കളിച്ചിട്ടുള്ള തമീമിനെ 'ഇന്ത്യന്‍ ഏജന്റ്' എന്ന് മുദ്രകുത്തിയതിന് പിന്നാലെ നസ്മുളിനെ ബിസിബി ചുമതലകളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന്‍ (സിഡബ്ല്യുഎബി) രാജ്യവ്യാപകമായി എല്ലാ ആഭ്യന്തര മത്സരങ്ങളും ബഹിഷ്‌കരിക്കുമെന്ന് ആഹ്വാനം ചെയ്തതിനെത്തുടര്‍ന്ന് നടന്ന അടിയന്തര ഓണ്‍ലൈന്‍ യോഗത്തിലാണ് ബോര്‍ഡ് തീരുമാനത്തിലെത്തിയത്.

തമീമിനെയും മറ്റ് ക്രിക്കറ്റ് കളിക്കാരെയും അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയതിന് നസ്രുള്‍ രൂക്ഷമായി വിമര്‍ശിച്ചു. അത്തരംപരാമര്‍ശങ്ങള്‍ പ്രൊഫഷണലിസമില്ലായ്മയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ ഒരു ഐക്യ രാഷ്ട്രമാണെന്ന ആഗോള സന്ദേശം നല്‍കേണ്ടതുണ്ട്. ക്രിക്കറ്റ് ബോര്‍ഡും, ക്രിക്കറ്റ് കളിക്കാരും, ക്രിക്കറ്റ് ആരാധകരും ദേശീയ അന്തസ്സിന്റെ കാര്യത്തില്‍ ഒന്നാണ്. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ ക്രിക്കറ്റ് താരങ്ങളെ അപമാനിക്കുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരവും മനസ്സിലാക്കാന്‍ പ്രയാസവുമാണെന്നും നസ്രുള്‍ പറഞ്ഞു.

മുസ്തഫിസുര്‍ എന്ന ക്രിക്കറ്റ് കളിക്കാരനെ അപമാനിച്ചപ്പോള്‍, രാജ്യം മുഴുവന്‍ പ്രതിഷേധിച്ച് എഴുന്നേറ്റു. അതേസമയം, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ ഡയറക്ടര്‍ എല്ലാ ബംഗ്ലാദേശ് ക്രിക്കറ്റ് കളിക്കാരെയും കുറിച്ച് അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തി. ഒരു ക്രിക്കറ്റ് ആരാധകനെന്ന നിലയില്‍, ഇത് അങ്ങേയറ്റം നിരുത്തരവാദപരമായി ഞാന്‍ കാണുന്നുവെന്നും അ?ദ്ദേഹം പറഞ്ഞു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ, ബിസിബി പ്രസിഡന്റ് മുഹമ്മദ് അമിനുള്‍ ഇസ്ലാം ധനകാര്യ സമിതിയുടെ ആക്ടിംഗ് ചെയര്‍മാനായി പ്രവര്‍ത്തിക്കും.

YouTube video player