കറാച്ചി: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള പാകിസ്ഥാന്‍ ക്രിക്കറ്റര്‍മാരില്‍ ഒരാളായിരിക്കും മുന്‍ താരം ഷൊയ്ബ് അക്തര്‍. ഇന്ത്യയെ കുറിച്ച് പലപ്പോഴും ബഹുമാനത്തോടെ സംസാരിച്ചിട്ടുള്ള അക്തര്‍ വിവാദ പരാമര്‍ശം നടത്തിയിരിക്കുകയാണ്. താരത്തിന്റെ ഒരു പഴയ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അതില്‍ അദ്ദേഹം നടത്തിയിട്ടുള്ള പരമര്‍ശം ഏറെ ചര്‍ച്ചയായിരിക്കുകയാണിപ്പോള്‍. 'ഖസ്വാ-ഇ-ഹിന്ദ്' അക്തര്‍ ഈ പഴയ വീഡിയോയില്‍ സംസാരിക്കുന്നത്. പാക് തീവ്രവാദ സംഘടനങ്ങള്‍ ഇന്ത്യക്കെതിരെ നടത്തുന്ന യുദ്ധമാണ് ഖസ്വാ-ഇ-ഹിന്ദ്.

ഇതുപ്രകാരം, നീണ്ട യുദ്ധത്തിന് ശേഷം ഇന്ത്യന്‍ ഉപഭൂഖണ്ഡം കീഴടക്കുമെന്നാണ് പറയപ്പെടുന്നത്. അക്തര്‍ സമാ ടീമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നതിങ്ങനെ... ''ഖസ്വാ ഇ ഹിന്ദ് നടക്കുമെന്ന് ഞങ്ങളുടെ ഗ്രന്ഥങ്ങളില്‍ എഴുതിയിട്ടുണ്ട്. അറ്റോക്കിലെ നദി രക്തത്താല്‍ രണ്ട് തവണ ചുവപ്പ് നിറമാകും. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സൈന്യം അറ്റോക്ക് വരെ എത്തും. അതിനുശേഷം സേന, ഷമാല്‍ മഷ്റിക്കില്‍ നിന്ന് ഉയരും, ഉസ്‌ബെക്കിസ്ഥാനില്‍ നിന്ന് വ്യത്യസ്ത സംഘങ്ങള്‍ എത്തും. ഇത് ലാഹോര്‍ വരെ നീണ്ടുനിന്ന ചരിത്രമേഖലയായ ഖൊറാസാനെ സൂചിപ്പിക്കുന്നു. തുടര്‍ന്ന് ആ സേന കശ്മീര്‍ കീഴടക്കും, ഇന്‍ഷാ അള്ളാഹ്, എന്നിട്ട് അവര്‍ മുന്നോട്ടുതന്നെ പോകും.'' അക്തര്‍ പറഞ്ഞു. വീഡിയോ കാണാം... 

പാക് ഭീകരസംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് പതിവായി ആളുകളെ ഭീകരവാദത്തിലേക്ക് കൊണ്ടുവരുന്നതിനും ഫണ്ട് ഉണ്ടാക്കുന്നതിനും ഈ പരാമര്‍ശം വ്യാപകമായി നടത്താറുണ്ട്. എന്തായാലും അദ്ദേഹത്തിന്റെ പരാമര്‍ശം ഇപ്പോള്‍ തന്നെ കടുത്ത രീതിയില്‍ വിമര്‍ശിക്കപ്പെടുന്നുണ്ട്. 

അക്തറിന്റെ  യൂട്യൂബ് ചാനല്‍ വീഡിയോകള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കും സുപരിചിതമാണ്. ഇയിടെ ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ മോശം പ്രകടനത്തില്‍ താരം കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഹിന്ദുസ്ഥാനില്‍ നിന്ന് ഇതായിരുന്നില്ല പ്രതീക്ഷിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.