സറേയുടെ ഓപ്പണറായിരുന്ന ആല്‍ബര്‍ട്ട് ഹോണ്‍ബിയാണ് ആ അപൂര്‍വ റെക്കോര്‍ഡ് ആദ്യം സ്വന്തമാക്കിയത്. മത്സരത്തില്‍ ഹോണ്‍ബി ആകെ നേടിയത് 20 റണ്‍സായിരുന്നു അതില്‍ പകുതിയും ഒറ്റ പന്തിലും.

ലണ്ടന്‍: ക്രിക്കറ്റില്‍ അവസാന പന്ത് എറിയുന്നതുവരെ ജയവും തോല്‍വിയും പ്രവചിക്കാനാവില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഈ അനിശ്ചിതത്വം തന്നെയാണ് ക്രിക്കറ്റിന്റെ സൗന്ദര്യവും. എങ്കിലും ഒരു പന്തില്‍ 10 റണ്‍സ് വേണമെന്ന സാഹചര്യം വന്നാല്‍ എത്ര കടുത്ത ആരാധകനും അത് അസാധ്യമാണെന്ന് തിരിച്ചറിഞ്ഞ് കളി കൈവിടും. എന്നാല്‍ ക്രിക്കറ്റില്‍ രണ്ട് തവണ ആ അസംഭവ്യത സംഭവിച്ചിട്ടുണ്ട്. ഇംഗ്ലീഷ് കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ ലങ്കാഷെയറും സറേയും തമ്മിലുള്ള പോരാട്ടത്തിലായിരുന്നു ആ അപൂര്‍വത ആദ്യം സംഭവിച്ചത്. 147 വര്‍ഷം മുമ്പ് കൃത്യമായി പറഞ്ഞാല്‍ 1873 ജൂലൈ 14ന് നടന്ന മത്സരത്തിലാണ് ക്രിക്കറ്റ് ചരിത്രത്തില്‍ പിന്നീടൊരിക്കല്‍ മാത്രം ആവര്‍ത്തിച്ച ആ അപൂര്‍വ റെക്കോര്‍ഡ് പിറന്നത്.

ലങ്കാഷെയറിന്റെ ഓപ്പണറായിരുന്ന ആല്‍ബര്‍ട്ട് ഹോണ്‍ബിയാണ് ആ അപൂര്‍വ റെക്കോര്‍ഡ് ആദ്യം സ്വന്തമാക്കിയത്. മത്സരത്തില്‍ ഹോണ്‍ബി ആകെ നേടിയത് 20 റണ്‍സായിരുന്നു അതില്‍ പകുതിയും ഒറ്റ പന്തിലും. സറെയുടെ ജെയിംസ് സ്ട്രീറ്റ് എറിഞ്ഞ പന്ത് ലോംഗ് ഓണിലേക്ക് അടിച്ചാണ് ഹോണ്‍ബി 10 റണ്‍സ് എടുത്തത്. ഫീല്‍ഡര്‍മാരുടെ ഓവര്‍ ത്രോകളാണ് ഹോണ്‍ബിയെ ഈ അപൂര്‍വ നേട്ടത്തിന് ഉടമയാക്കിയതെന്ന് അക്കാലത്തെ അവ്യക്തമായ മാച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

എന്നാല്‍ ഇതുസംബന്ധിച്ച മാച്ച് റിപ്പോര്‍ട്ടുകള്‍ക്ക് ഇപ്പോഴും കൃത്യതയില്ല. അതെന്തായാലും 1900 സീസണില്‍ എംസിസി ടീമിനെതിരെ ഡെര്‍ബിഷെയര്‍ താരം സാമുവല്‍ വുഡും സമാനമായ രീതിയില്‍ രണ്ട് ഓവര്‍ ത്രോകളിലൂടെ ഒറ്റ പന്തില്‍ 10 റണ്‍സ് നേടി ചരിത്രം ആവര്‍ത്തിച്ചു.