കമന്‍ററിക്കിടെ ബാബറിന്‍റെ ടി20 കരിയറിനെക്കുറിച്ച് പരാമര്‍ശിക്കവെയാണ് ബാബറിന് സിക്സ് അടിക്കാനുള്ള കരുത്തൊന്നും ഇല്ലെന്ന് കൈഫ് പരിഹസിച്ചത്.

കൊളംബോ: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ പാകിസ്ഥാൻ കഷ്ടിച്ച് ജയിച്ചുകയറിയെങ്കിലും മുൻ നായകൻ ബാബർ അസമിനെതിരെ രൂക്ഷവിമർശനവുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. കൊളംബോയിലെ സിംഹളീസ് സ്‌പോർട്‌സ് ക്ലബ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ബാബറിന്‍റെ മെല്ലെപ്പോക്കിനെയും ബാറ്റിംഗ് ശൈലിയെയുമാണ് കൈഫ് സ്റ്റാര്‍ സ്പോര്‍ട്സിലെ ഹിന്ദി കമന്‍ററിക്കിടെ പരിഹസിച്ചത്.

148 റൺസ് പിന്തുടർന്ന പാകിസ്ഥാന് വേണ്ടി 18 പന്തിൽ വെറും 15 റൺസ് മാത്രമെടുത്ത് ബാബർ പുറത്തായിരുന്നു. കമന്‍ററിക്കിടെ ബാബറിന്‍റെ ടി20 കരിയറിനെക്കുറിച്ച് പരാമര്‍ശിക്കവെയാണ് ബാബറിന് സിക്സ് അടിക്കാനുള്ള കരുത്തൊന്നും ഇല്ലെന്ന് കൈഫ് പരിഹസിച്ചത്. കൈഫ് ബാബറിന്‍റെ മെല്ലെപ്പോക്കിനെ വിമര്‍ശിക്കുന്നതിനിടെ വാന്‍ഡെര്‍ മെര്‍വിന്‍റെ പന്തില്‍ സിക്സ് അടിക്കാനായി ബാബര്‍ ക്രീസില്‍ നിന്ന് ചാടിയിറങ്ങി ഷോട്ട് കളിച്ചു. എന്നാല്‍ ബാബറിന്‍റെ അടി ലോംഗ് ഓഫില്‍ നേരെ കെയ്ല്‍ ക്ലൈനിന്‍റെ കൈകളില്‍ അവസാനിച്ചു. ഇതിന് പിന്നാലെ ബാബറിന്‍റെ പ്രകടനത്തെ കൈഫ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

നിങ്ങൾ ബാബറിനോട് സിക്സർ അടിക്കാൻ പറഞ്ഞു, എന്നാല്‍ എവിടെയാണ് ആ സിക്സർ എത്തിയത് എന്ന് കണ്ടോ?.ബാബറിന് ആ പന്ത് ശരിക്കും അടിക്കാൻ പോലും കഴിഞ്ഞില്ല. ഒരു സിക്സർ അടിക്കാനുള്ള ശാരീരിക ശേഷിയോ ബാറ്റിംഗ് ശൈലിയോ ബാബറിനില്ല. സിംഗിൾസും ഡബിൾസും എടുത്ത് ഓരോ പന്തിൽ ഓരോ റൺസ് വീതം നേടി ടീമിനെ വിജയത്തിലേക്ക് കൊണ്ടുപോകാൻ മാത്രമേ അദ്ദേഹത്തിന് സാധിക്കൂ. എപ്പോഴൊക്കെ വലിയ ഷോട്ടിന് അദ്ദേഹം ശ്രമിക്കുന്നുവോ അപ്പോഴൊക്കെ വിക്കറ്റ് നഷ്ടപ്പെടുത്താറാണ് പതിവെന്നും കൈഫ് പറഞ്ഞു. ബാബറിന്‍റെ സ്‌ട്രൈക്ക് റേറ്റിനെക്കുറിച്ച് ഉയരുന്ന വിമര്‍ശനങ്ങള്‍ക്കിടെ കൈഫിന്‍റെ പരാമര്‍ശം ആരാധകര്‍ക്കിടയിലും വലിയ ചര്‍ച്ചയായി.

View post on Instagram

വിറച്ച് പാകിസ്ഥാൻ; രക്ഷകനായി ഫഹീം അഷ്‌റഫ്

നെതര്‍ലന്‍ഡ്സിനെതിരെ 148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ പതിമൂന്നാം ഓവറില്‍ 98-2 എന്ന നിലയില്‍ അനായാസ ജയത്തിലേക്ക് നീങ്ങുമ്പോഴാണ് പോൾ വാൻ മീകെരൻ എറിഞ്ഞ പന്ത്രണ്ടാ ഓവറിലെ ആദ്യ പന്തില്‍ ഷാഹിബ്സാദ ഫര്‍ഹാനും മൂന്നാം പന്തില്‍ ഉസ്മാന്‍ ഖാനും പുറത്താവുന്നത്. മീകെരൻ എറിഞ്ഞ ഡബിൾ വിക്കറ്റ് മെയ്ഡൻ ഓവര്‍ പാകിസ്ഥാനെ പ്രതിരോധത്തിലാക്കി. തൊട്ടടുത്ത ഓവറിൽ ബാബറും പുറത്തായതോടെ പാക് നിര വിറച്ചു.

എന്നാൽ അവസാന നിമിഷം 11 പന്തിൽ പുറത്താകാതെ 29 റൺസ് അടിച്ചുകൂട്ടിയ ഫഹീം അഷ്‌റഫിന്‍റെ വെടിക്കെട്ട് ബാറ്റിംഗാണ് മൂന്ന് പന്തുകൾ ബാക്കി നിൽക്കെ 3 വിക്കറ്റിന്‍റെ ജയം പാകിസ്ഥാന് സമ്മാനിച്ചത്. സഹീബ്സാദ ഫർഹാൻ 31 പന്തിൽ 47 റൺസെടുത്ത് പാകിസ്ഥാന്‍റെ ടോപ് സ്കോററായി. നെതർലൻഡ്‌സിനെതിരെ കഷ്ടിച്ച് രക്ഷപ്പെട്ട പാകിസ്ഥാന്‍റെ ഗ്രൂപ്പ് എയിലെ അടുത്ത മത്സരം ഫെബ്രുവരി 10-ന് യുഎസ്എയുമായാണ്. കൊളംബോയിൽ തന്നെയാണ് ഈ മത്സരവും നടക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക