2000ത്തില്‍ ഏകദിന മത്സരം നിയന്ത്രിച്ചാണ് അലീം ദര്‍ ഐസിസി അംപയറായി കരിയര്‍ തുടങ്ങിയത്

ദുബായ്: നീണ്ട 19 വര്‍ഷക്കാലം ഐസിസിയുടെ എലൈറ്റ് അംപയറായിരുന്ന അലീം ദര്‍ പടയിറങ്ങി. 435 രാജ്യാന്തര മത്സരങ്ങള്‍ നയിച്ച് പരിചയമുള്ളയാളാണ് അലീം ദര്‍. 2007ലെയും 2011ലേയും ഏകദിന ലോകകപ്പുകള്‍, 2010, 2012 വര്‍ഷങ്ങളിലെ ട്വന്‍റി 20 ലോകകപ്പുകള്‍ എന്നിവയില്‍ ഫൈനല്‍ മത്സരങ്ങള്‍ നിയന്ത്രിച്ചത് അലീം ദറായിരുന്നു. 

2000ത്തില്‍ ഏകദിന മത്സരം നിയന്ത്രിച്ചാണ് അലീം ദര്‍ ഐസിസി അംപയറായി കരിയര്‍ തുടങ്ങിയത്. പാകിസ്ഥാനില്‍ നിന്ന് ഐസിസിയുടെ എലൈറ്റ് പാനല്‍ അംപയ‍റായി ഇടംപിടിച്ച ആദ്യയാളാണ് ദര്‍. കരിയറില്‍ 222 ഏകദിനങ്ങളിലും 144 ടെസ്റ്റുകളിലും 69 രാജ്യാന്തര ട്വന്‍റി 20കളിലും മത്സരങ്ങള്‍ നിയന്ത്രിച്ച അലീം ദര്‍ അഞ്ച് ഏകദിന ലോകകപ്പുകളിലും ഏഴ് ട്വന്‍റി 20 ലോകകപ്പുകളിലും ഒഫീഷ്യലായി. ഐസിസിയുടെ മികച്ച അംപയര്‍ക്കുള്ള ഡേവിഡ് ഷെപ്പേര്‍ഡ് ട്രോഫി 2009, 2010, 2011 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി നേടി. തനിക്ക് അവസരങ്ങള്‍ തന്ന ഐസിസിക്കും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനും ഐസിസി പാനലിലെ സഹപ്രവര്‍ത്തകര്‍ക്കും ദര്‍ നന്ദിയറിയിച്ചു. 

അതേസമയം ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള അഡ്രിയാന്‍ ഹോള്‍ഡ്‌സ്റ്റോക്കും പാകിസ്ഥാന്‍കാരനായ അഹ്‌സാന്‍ റാസയും എലൈറ്റ് അംപയര്‍മാരായി കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഇതോടെ ഐസിസി എലൈറ്റ് പാനലിലെ അംപയര്‍മാരുടെ എണ്ണം പന്ത്രണ്ടായി ഉയര്‍ന്നു. 2021, 2022 വര്‍ഷങ്ങളിലെ ട്വന്‍റി 20 ലോകകപ്പുകളില്‍ അംപയര്‍മാരായിരുന്നു ഹോള്‍ഡ്‌സ്റ്റോക്കും അഹ‌്‌സാനും. ഹോള്‍ഡ്‌സ്റ്റോക്ക് ഇതുവരെ അഞ്ച് ടെസ്റ്റുകളും 42 ഏകദിനങ്ങളും 48 രാജ്യാന്തര ട്വന്‍റി 20കളും നിയന്ത്രിച്ചിട്ടുണ്ട്. 41 ഏകദിനങ്ങളും 72 രാജ്യാന്തര ടി20കളുമാണ് അഹ്‌സാന്‍ നിയന്ത്രിച്ചിട്ടുള്ളത്. 

ഐസിസി എലൈറ്റ് പാനല്‍ അംപയര്‍മാര്‍: ക്രിസ് ഗഫാനി(ന്യൂസിലന്‍ഡ്), കുമാര്‍ ധര്‍മ്മസേന(ശ്രീലങ്ക), മാര്യസ് എരാസ്‌മസ് (ദക്ഷിണാഫ്രിക്ക), മൈക്കല്‍ ഗഫ്(ഇംഗ്ലണ്ട്), നിതിന്‍ മോനോന്‍(ഇന്ത്യ), പോള്‍ റീഫെല്‍(ഓസ്ട്രേലിയ), റിച്ചാര്‍ഡ് ഇല്ലിംങ്‌വര്‍ത്ത്(ഇംഗ്ലണ്ട്), റിച്ചാര്‍ഡ് കെറ്റില്‍ബറോ(ഇംഗ്ലണ്ട്), റോഡ്‌നി ടക്കര്‍(ഓസ്ട്രേലിയ), ജോയല്‍ വില്‍സന്‍(വെസ്റ്റ് ഇന്‍ഡീസ്), അഡ്രിയാന്‍ ഹോള്‍ഡ്‌സ്റ്റോക്(ദക്ഷിണാഫ്രിക്ക), അഹ്‌സാന്‍ റാസ(പാകിസ്ഥാന്‍). 

'ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുണ്ടാവില്ല'; കാരണം വ്യക്തമാക്കി ഹാര്‍ദിക് പാണ്ഡ്യ