ഓസ്ട്രേലിയക്കാരുടെ മുഖമുദ്ര തന്നെ അക്രമണോത്സുകതയോടെ കളിക്കുക എന്നതാണെന്നും അല്ലാതെ തംസ് അപ് നല്‍കി എതിരാളികളെ പ്രചോദിപ്പിക്കേണ്ട കാര്യമില്ലെന്നും ബോര്‍ഡര്‍ ഫോക്സ് ക്രിക്കറ്റിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചിരുന്നു.

നാഗ്പൂര്‍: ഇന്ത്യക്കെതിരായ നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിംഗിനിടെ രവീന്ദ്ര ജഡേജ ബീറ്റ് ചെയ്യുമ്പോള്‍ തംസ് അപ് നല്‍കിയതിനെ വിമര്‍ശിച്ച ഇതിഹാസ താരം അലന്‍ ബോര്‍ഡര്‍ക്ക് മറുപടി നല്‍കി ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി. ഓസ്ട്രേലിയക്കാരുടെ മുഖമുദ്ര തന്നെ അക്രമണോത്സുകതയോടെ കളിക്കുക എന്നതാണെന്നും അല്ലാതെ തംസ് അപ് നല്‍കി എതിരാളികളെ പ്രചോദിപ്പിക്കേണ്ട കാര്യമില്ലെന്നും ബോര്‍ഡര്‍ ഫോക്സ് ക്രിക്കറ്റിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചിരുന്നു. ക്രീസില്‍ മണ്ടത്തരം കാണിക്കരുതെന്നും ഓഫ് സ്റ്റംപില്‍ ബീറ്റ് ചെയ്യുമ്പോള്‍ തംസ് അപ് നല്‍കുകയല്ല ആക്രമണോത്സുകതയോടെ കളിക്കുകയാണ് വേണ്ടതെന്നും സ്മിത്തിനെ ലക്ഷ്യമിട്ട് ബോര്‍ഡര്‍ പറഞ്ഞിരുന്നു.

എന്നാല്‍ സ്മിത്തിന് അദ്ദേഹത്തിന്‍റേതായ ശൈലിയുണ്ടെന്നും എതിരാളികള്‍ക്ക് തംസ് അപ് നല്‍കി എന്നതിന് അര്‍ത്ഥം അദ്ദേഹത്തിന് ആക്രമണോത്സുകത ഇല്ല എന്നല്ലെന്നും അലക്സ് ക്യാരി പറഞ്ഞു. അലന്‍ ബോര്‍ഡറോട് ഞങ്ങള്‍ക്ക് അങ്ങേയറ്റം ബഹുമാനമുണ്ട്. അദ്ദേഹത്തിന്‍റെ പരമാര്‍ശങ്ങള്‍ സ്റ്റീവ് സ്മിത്തിനെ ലക്ഷ്യമിട്ടായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ സ്മിത്ത് എല്ലാ സാഹചര്യങ്ങളിലും ഇത്തരത്തില്‍ ചെയ്യാറുണ്ട്.

Scroll to load tweet…

ബാറ്റ് ചെയ്യുന്നതിനിടെ കൈ കൊണ്ട് പലരീതിയിലും അദ്ദേഹം ആംഗ്യം കാട്ടാറുണ്ട്. അങ്ങനെ ചെയ്യുന്നതിലൂടെയാണ് കൂടുതല്‍ ഏകാഗ്രതയോടെ അദ്ദേഹം ക്രീസില്‍ നില്‍ക്കാറുള്ളത്.സ്മിത്തിനെതിരെ ബോര്‍ഡര്‍ പറഞ്ഞത് കുറച്ചു കടുത്ത വാക്കുകളായിപ്പോയി. എന്നാല്‍ ആദ്യ ടെസ്റ്റില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ശക്തമായി തിരിച്ചുവരാനാണ് ഓസട്രേലിയ ഇപ്പോള്‍ ശ്രമിക്കുകയെന്നും ക്യാരി സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡിനോട് പറഞ്ഞു.

നാഗ്പൂര്‍ ടെസ്റ്റില്‍ മൂന്ന് ദിവസം കൊണ്ടാണ് ഓസ്ട്രേലിയ ഇന്നിംഗ്സ് തോല്‍വി വഴങ്ങിയത്. നാഗ്പൂര്‍ ടെസ്റ്റില്‍ ഒറ്റ ഓസീസ് ബാറ്റര്‍ പോലും അര്‍ധസെഞ്ചുറിപോലും നേടിയിരുന്നില്ല. സ്റ്റീവ് സ്മിത്ത് ആദ്യ ഇന്നിംഗ്സില്‍ 37 റണ്‍സെടുത്ത് ജഡേജയുടെ പന്തില്‍ ബൗള്‍ഡായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 25 റണ്‍സുമായി സ്മിത്ത് പുറത്താകാതെ നിന്നെങ്കിലും ഓസീസ് ഇന്നിംഗ്സ് 100 പോലും കടന്നില്ല. ഇതിനിടെ ജഡേജയുടെ പന്തില്‍ ബൗള്‍ഡായ സ്മിത്ത് നോ ബോളായതിനാല്‍ രക്ഷപ്പെട്ടു.17 മുതല്‍ ദില്ലിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേ‍ഡിയത്തിലാണ് ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ്.