ലോകകപ്പ് ടീമിന് പുറമെ അയര്‍ലന്‍ഡിനും പാക്കിസ്ഥാനുമെതിരായ ഏകദിന പരമ്പരകള്‍ക്കുള്ള ടീമില്‍ നിന്നും ഹെയില്‍സിനെ ഒഴിവാക്കിയിട്ടുണ്ട്.
ലണ്ടന്‍: അടുത്തമാസം ഇംഗ്ലണ്ടിലും വെയില്‍സിലുമായി ആരംഭിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന് ഓപ്പണര്‍ അലക്സ് ഹെയില്‍സിനെ ഒഴിവാക്കി. നിരോധിത മരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ ഹെയില്‍സിന് 21 ദിവസത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഉത്തേജക മരുന്ന് ഉപയോഗത്തിന് ചെറിയ ശിക്ഷമാത്രം നല്‍കിയ നടപടി പരക്കെ വിമര്‍ശിക്കപ്പെട്ട സാഹചര്യത്തിലാണ് കടുത്ത നടപടിയുമായി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തിയത്.
ലോകകപ്പ് ടീമിന് പുറമെ അയര്‍ലന്‍ഡിനും പാക്കിസ്ഥാനുമെതിരായ ഏകദിന പരമ്പരകള്‍ക്കുള്ള ടീമില്‍ നിന്നും ഹെയില്‍സിനെ ഒഴിവാക്കിയിട്ടുണ്ട്. ടീമിനകത്ത് നല്ല അന്തരീക്ഷം ഉണ്ടാക്കാനും ടീമിന്റെ താല്‍പര്യം കണക്കിലെടുത്തുമാണ് നടപടിയെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ആഷ്‌ലി ഗെയില്‍സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ക്രിക്കറ്റര്‍ എന്ന നിലയില്‍ ഹെയില്‍സിന്റെ കരിയര്‍ അവസാനിപ്പിക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്നും ഹെയില്‍സിന് ക്രിക്കറ്റിലേക്ക് തിരിച്ചുവരാനാവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്നും ഗൈല്‍സ് പറഞ്ഞു. 21ദിവസത്തെ വിലക്ക് വരും മുമ്പ് തന്നെ ക്രിക്കറ്റില്‍ നിന്ന് ഹെയില്‍സ് അനിശ്ചിതകാലത്തേക്ക് മാറിനില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. 2017ല്‍ നൈറ്റ് ക്ലബ്ബില്‍ തല്ലുണ്ടാക്കിയ സംഭവത്തിലും ഹെയില്‍സിനെതിരെ അച്ചടക്ക നടപടി എടുത്തിരുന്നു.
