മുംബൈ: ഒരു ക്രിക്കറ്റ് മത്സരത്തില്‍ 754 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി. സംഭവം നടക്കുന്നത് മുംബൈയിലാണ്. ഇന്ത്യന്‍ ടീമിലെ പല പ്രമുഖരും കളിച്ചുവളര്‍ന്ന് അണ്ടര്‍ 16 ഹാരിസ് ഷീല്‍ഡ് കപ്പില്‍. മുംബൈ അന്ധേരിയിലെ ചില്‍ഡ്രന്‍സ് വെല്‍ഫെയര്‍ സ്‌കൂളാണ് നാണക്കേടിന്റെ റെക്കോഡ് എഴുതിച്ചേര്‍ത്തത്. ബോറിവാലിയിലെ സ്വാമി വിവേകാനന്ദ് ഇന്റര്‍നാഷണല്‍ സ്‌ക്കൂളിനെതിരെ നടന്ന മത്സരത്തിലാണ് 754 റണ്‍സിന്റെ തോല്‍വി വഴങ്ങിയത്. 

ആദ്യം ബാറ്റ് ചെയ്ത എസ്‌വിഐ സ്‌കൂള്‍ 39 ഓവറില്‍ 605 റണ്‍സ് നേടി. 45 ഓവര്‍ മത്സരമാണ് നിശ്ചയിച്ചിരിന്നത്. എന്നാല്‍ മൂന്ന് മണിക്കൂര്‍ എടുത്തിട്ടും ചില്‍ഡ്രന്‍സ് സ്‌കൂളിന് മുഴുവന്‍ ഓവറും ചെയ്തുതീര്‍ക്കാനായില്ല. ഇതിനെ തുടര്‍ന്ന് പെനാല്‍റ്റിയായി 156 റണ്‍സ് അധികം നല്‍ക്കുകയായിരുന്നു. ഇതോടെ വിജയലക്ഷ്യം 762 റണ്‍സായി. 134 പന്തുകളില്‍ നിന്നും 338 റണ്‍സ് നേടിയ മീറ്റ് മയേക്കറാണ് ടീമിന്റെ ടോപ് സ്‌കോറര്‍. 56 ബൗണ്ടറികളും ഏഴ് സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്സ്.

762 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ചില്‍ഡ്രന്‍സ് വെല്‍ഫെയര്‍ സ്‌കൂള്‍ പുറത്തായത് വെറും ഏഴ് റണ്‍സിന്. ആറോവറില്‍ മത്സരം അവസാനിച്ചു. ടീമിലെ ബാറ്റ്സ്മാന്‍മാര്‍ എല്ലാവരും പൂജ്യത്തിന് പുറത്താവുകയായിരുനനു. ലഭിച്ച ഏഴ് റണ്‍സാവട്ടെ എതിര്‍ ടീം ബൗളിങ്ങിന്റെ ദാനമായിരുന്നു. മൂന്നോവറില്‍ വെറും 3 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റുകള്‍ സ്വന്തമാക്കിയ അലോക് പാലാണ് ചില്‍ഡ്രന്‍സ് സ്‌കൂളിനെ എറിഞ്ഞിട്ടത്.

ശക്തരായ എതിരാളികള്‍ക്കെതിരെ കുഞ്ഞന്‍ ടീമുകളെ മത്സരിപ്പിക്കുന്ന ടൂര്‍ണമെന്റിന്റെ രീതി ഇതിനോടകം വിമര്‍ശിക്കപ്പെട്ട് കഴിഞ്ഞു. 2016ല്‍ അണ്ടര്‍ 16 ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റില്‍ 1099 റണ്‍സ് നേടി റെക്കോര്‍ഡിട്ട് പ്രണവ് ധനവാഡെ കളിച്ചത് തുകല്‍ പന്തില്‍ ആദ്യമായി കളിക്കുന്ന 12 വയസുമാത്രമുള്ള താരങ്ങള്‍ക്കെതിരെയായിരുന്നു.