കെസിഎല്‍: അസറുദ്ദീന് സെഞ്ചുറി നഷ്ടം, ആദ്യജയം ആലപ്പി റിപ്പിള്‍സിന്; തൃശൂര്‍ ടൈറ്റന്‍സ് അഞ്ച് വിക്കറ്റിന് തോറ്റു
സ്‌കോര്‍ബോര്‍ഡില്‍ 21 റണ്‍സുള്ളപ്പോള്‍ കൃഷ്ണ പ്രസാദ് (1), അക്ഷയ് ശിവ് (3) എന്നിവരുടെ വിക്കറ്റുകള്‍ റിപ്പിള്‍സിന് നഷ്ടമായി.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ ജയം ആലപ്പി റിപ്പള്‍സിന്. തൃശൂര്‍ ടൈറ്റന്‍സിനെതിരെ അഞ്ച് വിക്കറ്റിന്റെ ജയമാണ് റിപ്പിള്‍സ് സ്വന്തമാക്കിയത്. മുഹമ്മദ് അസറുദ്ദീന്റെ (47 പന്തില്‍ 92) ഇന്നിംഗ്‌സാണ് റിപ്പിള്‍സിനെ വന്‍ വിജയത്തിലേക്ക് നയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ടൈറ്റന്‍സ് നിശ്ചിത ാേവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സാണ് നേടിയത്. 57 റണ്‍സെടുത്ത അക്ഷയ് മനോഹറാണ് ടോപ് സ്‌കോറര്‍. ആനന്ദ് ജോസഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ റിപ്പിള്‍സ് 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് വിക്കറ്റ് ശേഷിക്കെ ലക്ഷ്യം മറികടന്നു.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ റിപ്പിള്‍സിന് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 21 റണ്‍സുള്ളപ്പോള്‍ കൃഷ്ണ പ്രസാദ് (1), അക്ഷയ് ശിവ് (3) എന്നിവരുടെ വിക്കറ്റുകള്‍ റിപ്പിള്‍സിന് നഷ്ടമായി. പിന്നീട് അസറുദ്ദീന്‍ - വിനൂപ് മനോഹരന്‍ (30) സഖ്യം 84 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നൊണ് റിപ്പിള്‍സിന്റെ വിജയത്തിന് കാരണായത്. വിനൂപ് വീണെങ്കിലും ക്യാപ്റ്റന്‍ അസുറദ്ദീന്റെ ഇന്നിംഗ്‌സ് ടീമിന് കരുത്തായി. 16-ാം ഓവറില്‍ ഓവറില്‍ അസറുദ്ദീന്‍ മടങ്ങി. ഒമ്പത് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു അസറുദ്ദീന്റെ ഇന്നിംഗ്‌സ്. വിജയത്തിനരികെ ആല്‍ഫി ഫ്രാന്‍സിസ് (12) വീണെങ്കിലും അക്ഷയ് (18), നീല്‍ സണ്ണി (1) പുറത്താവാതെ നിന്നു. നിതീഷ് രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്തെ, മോശം തുടക്കമാണ് ടൈറ്റന്‍സിന് ലഭിച്ചത്. 33 റണ്‍സിനിടെ അഭിഷേക് പ്രതാപ് (0), വരുണ്‍ നായനാര്‍ (21), വിഷ്ണു വിനോദ് (22) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ഇതില്‍ അഭിഷേക് മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ മടങ്ങുകയായിരുന്നു. മധ്യനിരയില്‍ അഹമ്മദ് ഇമ്രാനും (23) പിടിച്ചുനില്‍ക്കാന്‍ കഷ്ടപ്പെട്ടപ്പോള്‍ ടൈറ്റന്‍സ് ഒമ്പത് ഓവറില്‍ നാലിന് 62 എന്ന നിലയിലായി.
അര്‍ജുന്‍ വേണുഗോപാലും (20), അനസ് നസീറും (12) ചെറിയ സംഭാവനകളുമായി മടങ്ങി. ഇതിനിടെ അക്ഷയും വീണു. അഞ്ച് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു അക്ഷയിന്റെ ഇന്നിംഗ്‌സ്. വൈശാഖ് ചന്ദ്രനാണ് (4) പുറത്തായ മറ്റൊരു താരം. ജിഷ്ണു മണികണ്ഠ (5), പി മിഥുന്‍ (12) പുറത്താവാതെ നിന്നു.