ട്രിവാന്‍ഡ്രം റോയല്‍സിനെ എറിഞ്ഞിട്ട് അക്ഷയ് ചന്ദ്രന്‍! ആലപ്പി റിപ്പിള്‍സിന് 52 റണ്‍സ് ജയം
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ റോയല്‍സിന്റെ നാല് മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ 39 റണ്‍സിനുള്ളില്‍ കൂടാരം കയറി.
തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെതിരായ മത്സരത്തില്‍ ആലപ്പി റിപ്പിള്‍സിന് 52 റണ്‍സ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ റിപ്പിള്‍സ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടി. 126 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ റോയല്‍സ് 16.5 ഓവറില്‍ 73 റണ്‍സിന് എല്ലാവരും പുറത്തായി. നാല് ഓവറില്‍ ഒമ്പത് റണ്‍സ് വിട്ടുകൊടുത്ത് ട്രിവാന്‍ഡ്രത്തിന്റെ നാല് വിക്കറ്റുകള്‍ വീഴ്്ത്തിയ അക്ഷയ് ചന്ദ്രനാണ് റിപ്പില്‍സിന്റെ വിജയശില്‍പി.
വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ റോയല്‍സിന്റെ നാല് മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ 39 റണ്‍സിനുള്ളില്‍ കൂടാരം കയറി. എസ് സുബിന്‍ (11), എസ് എന്‍ അമരീഷ് (7), ഗോവിന്ദ് പൈ (3), എകെ ആകര്‍ഷ് (13) എന്നിവരുടെ വിക്കറ്റുകളാണ് വേഗത്തില്‍ നഷ്ടമായത്. റോയല്‍സിന്റെ ബിഗ് വിക്കറ്റായ ക്യാപ്റ്റന്‍ അബ്ദുള്‍ ബാസിതിനെ റണ്ണൊന്നുമെടുക്കുന്നതിന് മുമ്പേ അക്ഷയ് ചന്ദ്രന്റെ പന്തില്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ക്യാച്ചെടുത്ത് പുറത്താക്കി. ഇതോടെ റോയല്‍സ് അഞ്ചിന് 41 എന്ന നിലയിലായി. സ്‌കോര്‍ 44ലെത്തിയപ്പോള്‍ എം എസ് അഖിലിനെ (7) അക്ഷയ് ചന്ദ്രന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി.
തുടര്‍ന്ന് ഹരികൃഷ്ണനും (19) ജോഫിന്‍ ജോസും (പുറത്താവാതെ 9) ചേര്‍ന്ന് സ്‌കോര്‍ 69 ലെത്തിച്ച് നേരിയ ആശ്വാസം നല്‍കി. ഹരികൃഷ്ണനെ അക്ഷയ് ചന്ദ്രന്‍ എല്‍ബിയില്‍ കുടുക്കി. ഇതേ ഓവറിലെ അവസാന പന്തില്‍ വിനില്‍ റണ്‍ ഔട്ടില്‍ കുടുങ്ങിയതോടെ റോയല്‍സ് റോയല്‍സ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 72. പിന്നീട് ഒരു റണ്‍സിനിടെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി റോയല്‍സ് മത്സരം സ്വന്തമാക്കി.
നേരത്തെ റിപ്പിള്‍സിന്റെ മുഹമ്മദ് അസ്ഹറുദ്ദീന്‍ (34) - കൃഷ്ണ പ്രസാദ് (37) ഓപ്പണിംഗ് കൂട്ടുകെട്ട് ടീം സ്‌കോര്‍ 50 കടത്തി. ഇരുവരും മടങ്ങിയതോടെ ടീം കൂട്ടത്തകര്‍ച്ച നേരിട്ടു. പിന്നീട് അതുല്‍ ഡയമണ്ട് (22), വിനൂപ് മനോഹരന്‍ (10) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. അക്ഷയ് ടി കെ (2), ആല്‍ഫി ഫ്രാന്‍സിസ് (8), അക്ഷയ് ചന്ദ്രന്‍ (0), നീല്‍ സണ്ണി (1) എന്നിവരുടെ വിക്കറ്റുകളും റിപ്പിള്‍സിന് നഷ്ടമായി. അതുലിനൊപ്പം ഫാസില്‍ ഫനൂസ് (7) പുറത്താവാതെ നിന്നു.