Asianet News MalayalamAsianet News Malayalam

ഹീലിയുടെ വെടിക്കെട്ട് സെഞ്ചുറി; പിന്നിലാക്കിയത് പുരുഷ താരങ്ങളെ, ലങ്കയ്‌ക്കെതിരെ ഓസീസിന് പരമ്പര

വനിത ടി20 ക്രിക്കറ്റില്‍ ഒരു പുതിയ ലോക റെക്കോഡ് കൂടി പിറന്നു. ഓസ്‌ട്രേലിയയുടെ അലിസ ഹീലിയാണ് റെക്കോഡിനുടമ. ടി20 ക്രിക്കറ്റില്‍ ഏറ്റവും വേഗത വേഗതയേറിയ സെഞ്ചുറിയാണ് ഹീലി സ്വന്തമാക്കിയത്.

Alyssa Healy record century led Aussies women to win against SL
Author
Sydney NSW, First Published Oct 2, 2019, 4:17 PM IST

സിഡ്‌നി: വനിത ടി20 ക്രിക്കറ്റില്‍ ഒരു പുതിയ ലോക റെക്കോഡ് കൂടി പിറന്നു. ഓസ്‌ട്രേലിയയുടെ അലിസ ഹീലിയാണ് റെക്കോഡിനുടമ. ടി20 ക്രിക്കറ്റില്‍ ഏറ്റവും വേഗത വേഗതയേറിയ സെഞ്ചുറിയാണ് ഹീലി സ്വന്തമാക്കിയത്. വനിത ക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് ഉടമയും ഹീലി തന്നെ. 46 പന്തിലാണ് ഹീലി സെഞ്ചുറി സ്വന്തമാക്കിയത്. മൊത്തത്തില്‍ 61 പന്ത് മാത്രം നേരിട്ട ഹീലി പുറത്താവാതെ 148 റണ്‍സ് അടിച്ചുകൂട്ടി. ഏഴ് സിക്‌സും 19 ഫോറും അടങ്ങുന്നതാണ് ഹീലിയുടെ ഇന്നിങ്‌സ്. 

ഹീലിയുടെ കരുത്തില്‍ നിശ്ചിത ഓറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 226 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് ഹീലി നേടിയ റണ്‍സ് പോലും നേടാനായില്ല. ഏഴിന് 94 എന്ന നിലയില്‍ നില്‍ക്കെ ഓവര്‍ പൂര്‍ത്തിയായി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയും ഓസീസ് വനിതകള്‍ തൂത്തുവാരി.

പുരുഷ- വനിതാ താരങ്ങളെയെടുത്താല്‍ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഹീലി നാലാമാതുണ്ട്. ആരോണ്‍ ഫിഞ്ച് (76 പന്തില്‍ 172), ഹസ്രത്തുള്ള സാസെ (62 പന്തില്‍ 162), ഫിഞ്ച് (63 പന്തില്‍ 156) എന്നിങ്ങനെയാണ് ആദ്യ മൂന്ന് സ്ഥാനങ്ങള്‍. ഉയര്‍ന്ന സ്‌കോര്‍ നേടിയ വിക്കറ്റ് കീപ്പര്‍മാരുടെ പട്ടികയില്‍ മുന്‍ ന്യൂസിലന്‍ഡ് താരം ബ്രണ്ടന്‍ മക്കല്ലത്തെ (58 പന്തില്‍ 123) പിന്നിലാക്കി ഒന്നാമതെത്താനും ഹീലിക്ക് സാധിച്ചു.

വനിത ക്രിക്കറ്റില്‍ ഉയര്‍ന്ന സ്‌കോറിനുടമ ഓസ്‌ട്രേലിയയുടെ തന്നെ മെഗ് ലാന്നിങ് (63 പന്തില്‍ 133) ആയിരുന്നു. എന്നാല്‍ ആ റെക്കോഡും ഹീലി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തു. ബേത് മൂണി (14), റേച്ചല്‍ ഹെയ്‌നസ് (41) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ലാന്നിങ് (10) പുറത്താവാതെ നിന്നു. 

മറുപടി ബാറ്റിങ്ങില്‍ ചമാരി അട്ടപ്പട്ടു (31), ഹര്‍ഷിത മാധവി (28), ശശികല സിരിവര്‍ധനെ (11) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ഓസീസിനായി നിക്കോളാ കാരി മൂന്ന് വിക്കറ്റ് വീഴ്ത്തി.

Follow Us:
Download App:
  • android
  • ios