ദുബായ്: അമേരിക്കന്‍ ക്രിക്കറ്റ് താരം അലി ഖാന്‍ ഇത്തവണ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിക്കും. ഐപിഎല്ലില്‍ എത്തുന്ന ആദ്യ അമേരിക്കകാരനാണ് അലി. 29കാരനായ അലി ഇംഗ്ലീഷ് താരം ഹാരി ഗേര്‍ണിക്ക് പകരമായിട്ടാണ് ടീമിലെത്തിയത്. പരിക്കേറ്റതിനെ തുടര്‍ന്നാണ് ഗേര്‍ണി പിന്മാറുന്നത്. ഈ സീസണ്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ താരമായിരുന്നു അലി. 

പാകിസ്ഥാനിലെ പഞ്ചാബിലാണ് അലി ജനിച്ചത്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്, അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗ് എന്നിവിടങ്ങളിലും താരം കളിച്ചിട്ടുണ്ട്. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന് വേണ്ടി എട്ട് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. 140 കിലോ മീറ്റര്‍ വേഗത്തില്‍ പന്തെറിയാന്‍ കെല്‍പ്പുള്ള താരമാണ് അലി. 

കഴിഞ്ഞ സീസണിലും അലി ഖാനെ ടീമിലെത്തിക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പദ്ധതികള്‍ ഇട്ടിരുന്നുവെങ്കിലും പല കാരണങ്ങള്‍ കൊണ്ടും അത് സാധ്യമായില്ല. അതേ സമയം ടീമിലെത്തിയെങ്കിലും ഇക്കുറി ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ പ്ലേയിംഗ് ഇലവനില്‍ കളിക്കാനുകുമോ എന്ന് കണ്ടറിയണം.