ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിനിടെ പരിക്കേറ്റ ജുവല്‍ ആന്‍ഡ്രൂവിന് ടി20 പരമ്പര നഷ്ടമാകും. പകരം മികച്ച ഫോമിലുള്ള അമീര്‍ ജാംഗുവിനെ വെസ്റ്റ് ഇന്‍ഡീസ് ടി20 ടീമില്‍ ഉള്‍പ്പെടുത്തി.

ഹൈദരാബാദ്: ഇന്ത്യക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്നേ വെസ്റ്റ് ഇന്‍ഡീസ് ടീമിന് തിരിച്ചടി. ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടയില്‍ പരിക്കേറ്റ ജുവല്‍ ആന്‍ഡ്രൂവിന് കളിക്കാനാവില്ല. പകരക്കാരനായി അമീര്‍ ജാംഗുവിനെ വിന്‍ഡീസ് ടി20 സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി. ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ നമന്‍ ധീറിന്റെ ക്യാച്ച് എടുക്കുന്നതിനിടയിലാണ് ആന്‍ഡ്രൂവിന്റെ വിരലിന് പരിക്കേറ്റത്. ന്യൂ ചണ്ഡീഗഡിലെ പുതിയ പിസിഎ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന് ശേഷം അദ്ദേഹത്തെ എക്‌സ്-റേ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ആന്‍ഡ്രൂവിന്റെ പരിക്ക് മെഡിക്കല്‍ സംഘം നിരന്തരം നിരീക്ഷിച്ചു വരികയാണെന്ന് ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് അറിയിച്ചു. ഇന്ത്യന്‍ ഇന്നാംങ്‌സിന്റെ 36-ാം ഓവറിലെ അവസാന പന്തിലായിരുന്നു ആന്‍ഡ്രൂവിന് പരിക്കേറ്റത്. വിന്‍ഡീസ് ഇടംകൈയ്യന്‍ സ്പിന്നര്‍ ഗുഡകേഷ് മോതിയുടെ പന്തില്‍ ബാറ്റിംഗ് ഓള്‍റൗണ്ടര്‍ നമന്‍ ധീര്‍ കവറിന് മുകളിലൂടെ കളിച്ച ഷോട്ട് കൈയിലാക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ആന്‍ഡ്രൂവിന്റെ വിരലിന് ശക്തമായ പരിക്കേറ്റത്. തുടര്‍ന്ന് അദ്ദേഹത്തിന് ഉടനടി വൈദ്യസഹായം തേടേണ്ടി വരികയും ഗ്രൗണ്ട് വിടേണ്ടി വരികയും ചെയ്തു.

352 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനായി ബാറ്റിംഗ് ഓപ്പണ്‍ ചെയ്യാന്‍ ആന്‍ഡ്രൂവിന് സാധിച്ചിരുന്നില്ല. അദ്ദേഹത്തിന് പകരം ക്യാപ്റ്റന്‍ ഷായ് ഹോപ്പാണ് ഓപ്പണിംഗിനെത്തിയത്. 2024 ഡിസംബറിലെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് ശേഷം വെസ്റ്റ് ഇന്‍ഡീസിനായി ഏഴ് ടി20 മത്സരങ്ങള്‍ അമീര്‍ ജാംഗു കളിച്ചിട്ടുണ്ട്. ആ മത്സരങ്ങളില്‍ നിന്ന് 120.74 സ്‌ട്രൈക്ക് റേറ്റില്‍ 163 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. എങ്കിലും, ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ മികച്ച ഫോമിലായിരുന്നു 29 കാരനായ ജാംഗു.

പുറത്താകാതെ 58, 114, 67 എന്നിങ്ങനെ സ്‌കോറുകള്‍ നേടിയ അദ്ദേഹം ഇരു ടീമുകളിലെയും റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തെത്തി. 239 റണ്‍സാണ് താരം നേടിയത്. ശുഭ്മാന്‍ ഗില്ലും (334) ഷായ് ഹോപ്പും (278) മാത്രമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്.

YouTube video player