ഏഷ്യാ കപ്പ് ആതിഥേയത്വത്തില്‍ നിന്ന് മാറ്റി ടൂര്‍ണമെന്‍റ് നിഷ്‌പക്ഷ വേദിയിലേക്ക് മാറ്റിയാല്‍ ടൂര്‍ണമെന്‍റ് ബഹിഷ്കരിക്കുമെന്ന ഭീഷണി പിസിബിയുടെ ചുമതലയുണ്ടായിരുന്ന സമയത്ത് റമീസ് രാജ ഉയര്‍ത്തിയിരുന്നു
ഇസ്ലാമാബാദ്: സ്വന്തം മണ്ണിൽ ഇംഗ്ലണ്ടിനോട് നാണംക്കെട്ട തോൽവി ഏറ്റുവാങ്ങിയതോടെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചീഫ് സ്ഥാനത്ത് നിന്ന് മുൻ താരം കൂടിയായ റമീസ് രാജ പുറത്താക്കപ്പെട്ടിരുന്നു. ടെസ്റ്റ് പരമ്പരയിൽ എല്ലാ മത്സരങ്ങളിലും തോറ്റതാണ് റമീസ് രാജയ്ക്ക് പണിയായത്. കഴിഞ്ഞ വർഷമാണ് റമീസ് രാജ പിസിബി ചെയർമാൻ സ്ഥാനത്തേക്ക് വന്നത്. തുടർന്ന് പാകിസ്ഥാൻ ഏഷ്യ കപ്പിന്റെയും ട്വന്റി 20 ലോകകപ്പിന്റെയും ഫൈനലിൽ എത്തിയിരുന്നു.
പക്ഷേ, രണ്ട് അവസരങ്ങളിലും കിരീടം നേടാൻ പാക് സംഘത്തിന് സാധിച്ചില്ല. റമീസ് രാജയ്ക്ക് പകരം നജം സേത്തിയെയാണ് പിസിബി ചീഫായി നിയമിച്ചത്. ഏഷ്യാ കപ്പ് ആതിഥേയത്വത്തില്‍ നിന്ന് മാറ്റി ടൂര്‍ണമെന്‍റ് നിഷ്‌പക്ഷ വേദിയിലേക്ക് മാറ്റിയാല്‍ ടൂര്‍ണമെന്‍റ് ബഹിഷ്കരിക്കുമെന്ന ഭീഷണി പിസിബിയുടെ ചുമതലയുണ്ടായിരുന്ന സമയത്ത് റമീസ് രാജ ഉയര്‍ത്തിയിരുന്നു. ഇപ്പോള്‍ സ്ഥാനത്ത് നിന്ന് മാറിയിട്ടും ഇന്ത്യക്കെതിരെ നിരന്തരം പ്രതികരിച്ച് കൊണ്ടിരിക്കുകയാണ് റമീസ് രാജ.
ക്രിക്കറ്റിലെ ലോകശക്തിയായതുകൊണ്ട് നമ്മള്‍ ഇന്ത്യയുടെ സേവകരാണോയെന്നും അവർ പറയുന്നതെല്ലാം കേൾക്കണോയെന്നും റമീസ് രാജ ചോദിച്ചു. പിസിബി ചെയര്‍മാന്‍ എന്ന നിലയിലുള്ള തന്‍റെ പ്രവര്‍ത്തനങ്ങളെ പുകഴ്ത്താനും അദ്ദേഹം മടിച്ചില്ല. ന്യൂസിലന്‍ഡ് ടീം പരമ്പരയില്‍ നിന്ന് പിന്മാറിയപ്പോള്‍ അവര്‍ ചെയ്തത് അന്യായമാണെന്ന് അവരോട് പറഞ്ഞു. അതുപോലെ ഇംഗ്ലണ്ട് ടീം വരാൻ മടിച്ചു. അപ്പോള്‍ അവരുമായി സംസാരിച്ചു.
അതിനുശേഷം അവർ അഞ്ച് ട്വന്‍റി 20ക്ക് പകരം ഏഴ് മത്സരങ്ങള്‍ കളിച്ചു. ഇസിബി അധികൃതര്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയം സന്ദർശിച്ചു. അവർ തന്‍റെ ഓഫീസിൽ വന്ന് ക്ഷമാപണം നടത്തി. അതുപോലെ ഓസ്‌ട്രേലിയയും സന്ദർശിച്ചുവെന്നും റമീസ് രാജ പറഞ്ഞു. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പാകിസ്ഥാനോട് ഒരു ടൂർണമെന്റ് ആതിഥേയത്വം വഹിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് പാകിസ്ഥാനിലേക്ക് പോകില്ലെന്നും നിഷ്പക്ഷ വേദിയിലേക്ക് മാറ്റാന്‍ ഇന്ത്യ ആവശ്യപ്പെടുകയും ചെയ്തു. പ്രതികരണം എന്തായിരിക്കണമെന്നും റമീസ് രാജ ചോദിച്ചു.
