ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ ഗംഭീര കുതിപ്പ് നടത്തിയതിന് വിരാട് കോലിക്ക് അഭിനന്ദനങ്ങളെന്ന് വിവിയന്‍

മുംബൈ: ടീം ഇന്ത്യയുടെ (Team India) ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനമൊഴിഞ്ഞ വിരാട് കോലിക്ക് (Virat Kohli) ഇതിനേക്കാളും വലിയ പ്രശംസ ലഭിക്കാനില്ല. ക്യാപ്റ്റനെന്ന നിലയില്‍ കീഴടക്കിയ ഉയരങ്ങളില്‍ കോലിക്ക് അഭിമാനിക്കാമെന്നും ഏറ്റവും മികച്ച നായകന്‍മാരുടെ പട്ടികയില്‍ അദേഹത്തിന് സ്ഥാനമുണ്ടെന്നും ഇതിഹാസ ബാറ്ററായ വിവിയന്‍ റിച്ചാർഡ്സ് (Sir Vivian Richards) പ്രകീർത്തിച്ചു. 

'ഇന്ത്യന്‍ ക്യാപ്റ്റനെന്ന നിലയില്‍ ഗംഭീര കുതിപ്പ് നടത്തിയതിന് വിരാട് കോലിക്ക് അഭിനന്ദനങ്ങള്‍. ഇതുവരെ നേടിയ നേട്ടങ്ങളില്‍ നിങ്ങള്‍ക്ക് അഭിമാനിക്കാം. ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച നായകന്‍മാരുടെ പട്ടികയില്‍ കോലിയുടെ പേര് ഉറപ്പായുമുണ്ടാകും' എന്നും വിവിയന്‍ റിച്ചാർഡ്സ് ട്വിറ്ററില്‍ കുറിച്ചു. ടെസ്റ്റ് നായകസ്ഥാനം ഒഴിയുന്നതായുള്ള കോലിയുടെ പ്രഖ്യാപനം റീ-ട്വീറ്റ് ചെയ്തുകൊണ്ടാണ് റിച്ചാർഡ്സിന്‍റെ പ്രശംസ. 

2014 ഡിസംബറില്‍ എം എസ് ധോണിയില്‍ നിന്നാണ് വിരാട് കോലി ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്തത്. കോലിക്ക് കീഴില്‍ വിദേശ മണ്ണിലെ കരുത്തരായി ഇന്ത്യ മാറിയെന്നതാണ് സവിശേഷത. ഓസ്ട്രേലിയയിലും ഇംഗ്ലണ്ടിലും പരമ്പര നേടി കോലിപ്പട പ്രവചനങ്ങള്‍ കാറ്റിപ്പറത്തി ചരിത്രം കുറിച്ചു. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ചരിത്രം പരമ്പര ജയത്തിനരികെ കാലിടറി വീണതിന് പിന്നാലെ അപ്രതീക്ഷിതമായി കോലി ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയായിരുന്നു. 

ടീം ഇന്ത്യയെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ചത് വിരാട് കോലിയാണ്. 58.82 ആണ് ടെസ്റ്റില്‍ കോലിയുടെ വിജയ ശതമാനം. മൊത്തത്തില്‍ 68 ടെസ്റ്റുകളില്‍ കോലി ഇന്ത്യയെ നയിച്ചപ്പോള്‍ 40 മത്സരങ്ങള്‍ ജയിച്ചു. ധോണി നയിച്ച 60 ടെസ്റ്റുകളില്‍ 27 എണ്ണം മാത്രമാണ് ജയിച്ചത്. ഗാംഗുലി 49 ടെസ്റ്റുകളില്‍ ജയിച്ചപ്പോള്‍ 21 മത്സരം ജയിച്ചു. 

Scroll to load tweet…