ആന്ധ്ര ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതോടെയാണ് ഇനി ടീമിനായി കളിക്കില്ല എന്ന് വ്യക്തമാക്കി ഹനുമ വിഹാരിയുടെ ഞെട്ടിക്കുന്ന പ്രതികരണം വന്നത്

വിശാഖപട്ടണം: മധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തിന് പിന്നാലെ ആന്ധ്രാ ക്രിക്കറ്റിൽ പൊട്ടിത്തെറി. ആന്ധ്ര ക്രിക്കറ്റ് അസോസിയേഷനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ഇന്ത്യൻ മുൻ താരവും ആന്ധ്ര മുൻ നായകനുമായ ഹനുമ വിഹാരി രംഗത്തെത്തി. രാഷ്ട്രീയ നേതാവിന്‍റെ മകനായ റിസർവ് താരത്തെ ശകാരിച്ചതിനാണ് ആന്ധ്ര ടീം നായക സ്ഥാനത്ത് നിന്ന് തന്നെ നീക്കിയതെന്ന് വിഹാരി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇനിയൊരിക്കലും ആന്ധ്രയ്ക്കായി കളിക്കില്ലെന്നും താരം പറഞ്ഞു. വിഹാരിയും താരവും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ മൂര്‍ച്ഛിച്ചതോടെ പ്രസ്താവനയുമായി ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്തെത്തി. 

ആന്ധ്ര ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതോടെയാണ് ഇനി ടീമിനായി കളിക്കില്ല എന്ന് വ്യക്തമാക്കി ഹനുമ വിഹാരിയുടെ ഞെട്ടിക്കുന്ന പ്രതികരണം വന്നത്. 'ബംഗാളിനെതിരായ ആദ്യ മത്സരത്തില്‍ ഞാനായിരുന്നു നായകന്‍. മത്സരത്തിനിടെ റിസര്‍വ് കളിക്കാരനായ ഒരു യുവതാരത്തെ ഞാന്‍ ശകാരിച്ചു. എന്നാല്‍ രാഷ്ട്രീയക്കാരനായ അയാളുടെ പിതാവിനോട് താരം പരാതിപ്പെട്ടു. ഇതിന് പിന്നാലെ എനിക്കെതിരെ നടപടിയെടുക്കാന്‍ അസോസിയേഷനോട് ആ നേതാവ് ആവശ്യപ്പെട്ടു. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ബംഗാളിനെതിരെ 410 റണ്‍സ് പിന്തുടര്‍ന്ന് വിജയിച്ചിട്ടും കാരണമൊന്നുമില്ലാതെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കണം എന്ന് എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ അപമാനിക്കപ്പെട്ടു. ഇനിയൊരിക്കലും ആന്ധ്രക്കായി കളിക്കില്ല' എന്നുമായിരുന്നു യുവതാരത്തിന്‍റെ പേരെടുത്ത് പറയാതെ ഹനുമ വിഹാരിയുടെ വാക്കുകള്‍. 

പിന്നാലെ ആരോപണ വിധേയനായ പൃഥ്വിരാജ് കെ എന്‍ ഇന്‍സ്റ്റഗ്രാമിലൂടെ തന്നെ ഹനുമ വിഹാരിക്ക് മറുപടിയുമായി രംഗത്തെത്തി. വിഹാരിയുടേത് സഹതാപം നേടാനുള്ള ശ്രമം എന്നായിരുന്നു പൃഥ്വിരാജിന്‍റെ മറുപടി. ഇതോടെ വിഹാരിയെ നായകനായി നിലനിർത്തണം എന്നാവശ്യപെട്ട് ആന്ധ്ര താരങ്ങൾ ഒപ്പിട്ട നിവേദനം വിഹാരി പുറത്തുവിട്ടു. രഞ്ജി ട്രോഫി മത്സര തലേന്ന് വിഹാരിയെ മാറ്റി റിക്കി ഭൂയിയെ നായകനാക്കുകയായിരുന്നു. സംഭവത്തില്‍ താരപ്പോര് മൂര്‍ച്ഛിച്ചിരിക്കേ ഔദ്യോഗിക പ്രതികരണം ആന്ധ്ര ക്രിക്കറ്റ് അസോസിയേന്‍റെ ഭാഗത്ത് നിന്ന് പുറത്തുവന്നിട്ടുണ്ട്. എല്ലാ താരങ്ങൾക്കും തുല്യപരിഗണനയാണ് നൽകുന്നതെന്ന് ആഡ്ര ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി. ഹനുമ വിഹാരി അധിക്ഷേപിച്ചെന്ന് കാണിച്ച് ടീമിലെ സഹ താരം പരാതി നൽകിയിട്ടുണ്ടെന്നും അസോസിയേഷൻ അറിയിച്ചു. ആന്ധ്ര ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന ഹനുമ വിഹാരി ടീം ഇന്ത്യക്കായി 16 ടെസ്റ്റില്‍ 839 റണ്‍സ് നേടിയിട്ടുണ്ട്. 

Scroll to load tweet…

Read more: ടീമിലെ രാഷ്ട്രീയ നേതാവിന്‍റെ മകനെ ചീത്തവിളിച്ചു; ക്യാപ്റ്റന്‍സി തെറിക്കാനുള്ള കാരണം തുറന്നുപറഞ്ഞ് ഇന്ത്യൻ താരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം