ആന്റ്വിഗ്വ: അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ നിന്ന് ക്രിസ് ഗെയ്ല്‍, ആന്ദ്രേ റസ്സല്‍ എന്നിവരെ ഒഴിവാക്കി. നവംബര്‍ അഞ്ചിന് ഇന്ത്യയില്‍ ടി20 മത്സരത്തോടെ പരമ്പരയ്ക്ക് തുടക്കമാവുക. മൂന്ന് ടി20, മൂന്ന് ഏകദിനം, ഒരു ടെസ്റ്റുമാണ് വെസ്റ്റ് ഇന്‍ഡീസ് കളിക്കുക. ഡെറാഡൂണാണ് മത്സരങ്ങളുടെ വേദി. നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ കീറണ്‍ പൊള്ളാര്‍ഡും ടെസ്റ്റില്‍ ജേസണ്‍ ഹൗള്‍ഡറുമാണ് ടീമിനെ നയിക്കുക. 

ഇത്തവണ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ടീമിനെ പ്രഖ്യാപിച്ചത്. ബ്രണ്ടന്‍ കിംഗ്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍ എന്നിവരാണ് ടീമില്‍ ഉള്‍പ്പെട്ടത്. ഇരുവര്‍ക്കും വിന്‍ഡീസ് ജേഴ്‌സിയില്‍ അരങ്ങേറ്റമാണ്. ഡാരന്‍ ബ്രാവോ, ഷാനോണ്‍ ഗബ്രിയേല്‍ എന്നിവരേയും ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

ഹോള്‍ഡര്‍ മൂന്ന് ടീമിലും ഇടം നേടിയിട്ടുണ്ട്. മുന്‍ ടി20 നായകന്‍ കാര്‍ലോസ് ബ്രാത്‌വെയ്റ്റിന് ഒരു ടീമിലും ഇടം നേടാനായില്ല.