മൊഹാലി: മുന്‍ ഓസീസ് താരം ആന്‍ഡ്രൂ മക്‌ഡൊണള്‍ഡ് ഐപിഎല്‍ ക്ലബ് രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലകനായേക്കും. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് പരിശീലകന്‍ പാഡി ആപ്‌ടണെ റോയല്‍സ് പുറത്താക്കിയിരുന്നു. 

കരിയറില്‍ താരമെന്ന നിലയില്‍ കാര്യമായ നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും സമകാലിക ക്രിക്കറ്റിലെ മിന്നും പരിശീലകരില്‍ ഒരാളാണ് 38കാരനായ ആന്‍ഡ്രൂ മക്‌ഡൊണള്‍ഡ്. കോച്ചിംഗ് കരിയറിലെ ആദ്യ വര്‍ഷം തന്നെ വിക്‌ടോറിയയെ 2016-17 സീസണില്‍ ഷെഫീല്‍ഡ് ഷീല്‍ഡ് ജേതാക്കളാക്കി. 2018-19ല്‍ മെല്‍ബണ്‍ റെനഗേഡ്‌സ് ബിഗ് ബാഷ് കിരീടമുയര്‍ത്തുമ്പോഴും പരിശീലകന്‍ മക്‌ഡൊണള്‍ഡായിരുന്നു. 2020ല്‍ തുടങ്ങാനിരിക്കുന്ന ദ് ഹണ്ട്രഡ് ലീഗില്‍ ബിര്‍മിംഗ്‌ഹാം ഫീനിക്‌സിന്‍റെ പരിശീലകനായി മുന്‍ താരം കരാര്‍ ഒപ്പിട്ടിരുന്നു. 

ഐപിഎല്ലില്‍ പുതുമുഖമല്ല ആന്‍ഡ്രൂ മക്‌ഡൊണള്‍ഡ്. 2009ല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനായി കളിച്ച താരം പിന്നീട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായും കളിച്ചു. റോയല്‍ ചലഞ്ചേഴ്‌സിന്‍റെ ബൗളിംഗ് കോച്ചായും ആന്‍ഡ്രൂവിന് ഐപിഎല്ലില്‍ പരിചയമുണ്ട്. ഓസീസിനായി നാല് ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്.