ലണ്ടന്‍: ഇംഗ്ലണ്ട് ടീമില്‍ കളിച്ചുകൊണ്ടിരിക്കുന്ന സമയത്ത് അത്ര നല്ല ബന്ധത്തിലായിരുന്നില്ല കെവിന്‍ പീറ്റേഴ്‌സണും ആന്‍ഡ്രൂ സ്‌ട്രോസും. പലപ്പോഴും പീറ്റേഴ്‌സണ്‍ ടീ്മിന് പുറത്തായിരുന്നു. ടീം മാനേജ്‌മെന്റും അത്ര രസത്തിലായിരുന്നില്ല പീറ്റേഴ്‌സണ്‍. ഇപ്പോള്‍ അന്ന് സംഭവിച്ച തെറ്റുകളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സ്‌ട്രോസ്. പീറ്റേഴ്‌സണെ വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ലെന്നാണ് സ്‌ട്രോസ് പറയുന്നത്. 

അദ്ദേഹം തുടര്‍ന്നു... ''ടീം മാനേജുമെന്റുമായി ഉണ്ടായ പ്രശ്നത്തെത്തുടര്‍ന്ന് പല തവണ പീറ്റേഴ്സണ്‍ ടീമിന് പുറത്തുപോയി. പല തവണ അദ്ദേഹത്തെ പരിഗണിക്കാതിരുന്നു. എന്നാല്‍ എപ്പോഴും ഇംഗ്ലണ്ട് ടീമിലും മറ്റ് താരങ്ങള്‍ക്കും അദ്ദേഹം പ്രിയപ്പെട്ടവനായിരുന്നു. നായകനായ ശേഷം അദ്ദേഹത്തിന്റെ ബാറ്റിങ് പ്രതിഭയെ വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ സാധിച്ചില്ല. ലോകത്തിലെ മികച്ച താരങ്ങളെല്ലാം പങ്കെടുക്കുന്ന ഐപിഎല്ലില്‍ കളിക്കാന്‍ പീറ്റേഴ്സണ് അവസരം നിഷേധിച്ചതില്‍ തനിക്ക് പീറ്റേഴ്സനോട് സഹതാപമുണ്ടായിരുന്നു.'' മുന്‍ ക്യാപ്റ്റന്‍ പറഞ്ഞുനിര്‍ത്തി. 

43 കാരനായ സ്ട്രോസ് ഇംഗ്ലണ്ടിനുവേണ്ടി 100 ടെസ്റ്റില്‍ നിന്ന് 7037 റണ്‍സും 127 ഏകദിനത്തില്‍ നിന്ന് 4205 റണ്‍സും 4 ടി20യില്‍ നിന്ന് 73 റണ്‍സും സ്ട്രോസിന്റെ പേരിലുണ്ട്. നിലവില്‍ ഇംഗ്ലീഷ് ക്രിക്കറ്റ് അഡ്മിനിസ്ട്രേറ്ററാണ് സ്ട്രോസ്. 39കാരനായ പീറ്റേഴ്സണ്‍ 104 ടെസ്റ്റില്‍ നിന്ന് 8181 റണ്‍സും 136 ഏകദിനത്തില്‍ നിന്ന് 4440 റണ്‍സും 37 ടി20യില്‍ നിന്ന് 1176 റണ്‍സും നേടിയിട്ടുണ്ട്.