വ്യക്തിപരമായ കാരണങ്ങളാൽ ടീമിൽ നിന്ന് മാറിനിൽക്കുന്ന ഓപ്പണര്‍ ട്രാവിസ് ഹെഡിന് പകരക്കാരനായാണ് 30-കാരനായ നിഖിലെ ഓസീസ് ടീമിലെടുത്തത്.

സിഡ്നി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരക്കുള്ള ഓസ്ട്രേലിയൻ ടി20 ടീമില്‍ ഇടം നേടി ഇന്ത്യൻ വംശജനായ നിഖില്‍ ചൗധരി. 17-ന് ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിലെ പ്ലെയിങ് ഇലവനിൽ ഇടംപിടിച്ചാൽ, 1964-ന് ശേഷം ഓസ്ട്രേലിയൻ പുരുഷ ടീമിനായി കളിക്കുന്ന ആദ്യത്തെ ഇന്ത്യൻ വംശജനാകും ഡൽഹിയിൽ ജനിച്ച നിഖിൽ. 1964-ൽ കൊൽക്കത്ത ടെസ്റ്റിൽ ഓസീസിനായി കളിച്ച ഗുജറാത്ത് സ്വദേശി റെക്സ് സെല്ലേഴ്സ് ആണ് ഓസ്ട്രേലിയൻ ജേഴ്സി അണിഞ്ഞ ആദ്യത്തെ ഇന്ത്യൻ പുരുഷ താരം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വ്യക്തിപരമായ കാരണങ്ങളാൽ ടീമിൽ നിന്ന് മാറിനിൽക്കുന്ന ഓപ്പണര്‍ ട്രാവിസ് ഹെഡിന് പകരക്കാരനായാണ് 30-കാരനായ നിഖിലെ ഓസീസ് ടീമിലെടുത്തത്. ഡൽഹിയിൽ ജനിച്ചുവളർന്ന നിഖിൽ ഇന്ത്യയിലാണ് ക്രിക്കറ്റ് കരിയർ ആരംഭിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിനെ പ്രതിനിധീകരിച്ച് 14 വൈറ്റ് ബോൾ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഹർഭജൻ സിംഗ്, ശുഭ്മൻ ഗിൽ, അഭിഷേക് ശർമ്മ എന്നിവർക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിട്ട നിഖിൽ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്‍റെ ട്രയൽസിലും പങ്കെടുത്തിരുന്നു.

2020-ലെ കോവിഡ് ആണ് നിഖിലിന്‍റെ കരിയറും ജീവിതവും മാറ്റിമറിച്ചത്. ക്വീൻസ്‌ലാൻഡിലുള്ള അമ്മാവനെ സന്ദർശിക്കാൻ ഓസ്ട്രേലിയയിൽ എത്തിയ നിഖിൽ, കടുത്ത അന്താരാഷ്ട്ര യാത്രാവിലക്കുകളെ തുടർന്ന് അവിടെ കുടുങ്ങി. അവിടെ ജീവിക്കാനായി റെസ്റ്റോറന്‍റിലെ ജോലിയും കൊറിയർ ഡെലിവറി ചെയ്യുന്ന പോസ്റ്റ്മാൻ ജോലിയും വരെ നിഖിലിന് ചെയ്യേണ്ടി വന്നു. എന്നാൽ ക്രിക്കറ്റിനെ കൈവിടാൻ താരം തയ്യാറായിരുന്നില്ല. മുൻ ഓസീസ് താരം ജെയിംസ് ഹോപ്സിന്‍റെ ശ്രദ്ധയിൽ പെട്ടതോടെയാണ് നിഖിലിന്‍റെ കരിയർ ഓസ്ട്രേലിയയിൽ പച്ചപിടിക്കുന്നത്. കഠിനാധ്വാനത്തിലൂടെ ടാസ്മാനിയൻ ആഭ്യന്തര ടീമിലും ബിഗ് ബാഷ് ലീഗിൽ ഹോബാർട്ട് ഹറികെയ്ൻസിലും നിഖിൽ സ്ഥാനം നേടി.

വൈകാതെ കബഡി ശൈലിയിലുള്ള വിക്കറ്റ് ആഘോഷങ്ങളിലൂടെ ഓസീസ് ആരാധകരുടെ പ്രിയതാരമായി നിഖിൽ മാറി. ഇന്ത്യയിലെ സ്പിൻ പിച്ചുകളിൽ വളർന്നതാണെങ്കിലും, ഓസ്ട്രേലിയയിലെ അതിവേഗ പേസ് ബൗളർമാർക്കെതിരെയാണ് നിഖിൽ കൂടുതൽ അപകടകാരിയായി മാറിയത്. കഴിഞ്ഞ ബിഗ് ബാഷ് സീസണിൽ 180 സ്ട്രൈക്ക് റേറ്റിലാണ് നിഖിൽ പേസർമാർക്കെതിരെ റൺസ് അടിച്ചുകൂട്ടിയത്. ആകെ 153 സ്ട്രൈക്ക് റേറ്റിൽ 307 റൺസ് കഴിഞ്ഞ സീസണിൽ നിഖിൽ സ്വന്തമാക്കിയിരുന്നു.

ടി20-യിൽ മാത്രമല്ല, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും (ഷെഫീൽഡ് ഷീൽഡ്) ന്യൂ സൗത്ത് വെയ്ൽസിനെതിരെ സെഞ്ചുറിയും ക്വീൻസ്‌ലാൻഡിനെതിരെ അഞ്ച് വിക്കറ്റ് നേട്ടവും നിഖിൽ സ്വന്തമാക്കിയിട്ടുണ്ട്. ഈ വർഷത്തെ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസ് ടീമിന്‍റെ ഭാഗവുമായിരുന്നു. ജൂൺ 17, 19, 21 തീയതികളിലാണ് ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക