ബംഗലൂരു: റിക്കി പോണ്ടിംഗ്, കുമാര്‍ സംഗക്കാര, സയ്യിദ് അന്‍വര്‍, ഇന്‍സമാം ഉള്‍ ഹഖ്, ജാക്വിസ് കാലിസ് തുടങ്ങിയ ബാറ്റ്സ്മാന്‍മാര്‍ക്കെതിരെയെല്ലാം പന്തെറിഞ്ഞിട്ടുണ്ടെങ്കിലും കരിയറില്‍ ഏറ്റവും ബുദ്ധിമുട്ടിച്ച ബാറ്റ്സ്മാന്‍ ആരെന്ന് വെളിപ്പെടുത്തി ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ. വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറയാണ് തനിക്ക് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തിയ ബാറ്റ്സ്മാനെന്ന് കുംബ്ലെ പറഞ്ഞു. മുന്‍ സിംബാബ്‌വെ താരം പോമി ബാംഗ്‌വയുമൊത്തുള്ള ഇന്‍സ്റ്റഗ്രാം ലൈവിലാണ് കുംബ്ലെയുടെ വെളിപ്പെടുത്തല്‍.

പന്തെറിയാന്‍ ബുദ്ധിമുട്ടുള്ള ഒട്ടേറെ ബാറ്റ്സ്മാന്‍മാരുണ്ട്. പക്ഷെ അവര്‍ക്കെല്ലാം മുകളിലുള്ളത് വിന്‍ഡീസിന്റെ ബ്രയാന്‍ ലാറയാണ്. കാരണം ഒരു പന്തില്‍ തന്നെ നാലു തരത്തിലുള്ള ഷോട്ടുകള്‍ കളിക്കാന്‍ ലാറക്കാവും. ആ പന്തെറിഞ്ഞാല്‍ അയാളെ ബീറ്റ് ചെയ്യാനാവും അല്ലെങ്കില്‍ പുറത്താക്കാനാവും എന്നൊക്കെ പന്തെറിയുമ്പോള്‍ നമ്മള്‍ കരുതും. പക്ഷെ അപ്പോഴേക്കും തന്റെ തന്ത്രം മാറ്റി ആ പന്തില്‍ ലാറ തേര്‍ഡ് മാനിലൂടെ ബൗണ്ടറി അടിച്ചിട്ടുണ്ടാവും. വൈവിധ്യതയായിരുന്നു അദ്ദേഹത്തിന്റെ കൈമുതല്‍.


ഇന്ത്യന്‍ താരങ്ങളായിരുന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കും സൗരവ് ഗാംഗുലിക്കും രാഹുല്‍ ദ്രാവിഡിനും വിവിഎസ് ലക്ഷ്മണും വീരേന്ദര്‍ സെവാഗിനും ഒന്നും പന്തെറിയേണ്ടി വരാത്തത് തന്റെ ഭാഗ്യമാണെന്നും കുംബ്ലെ പറഞ്ഞു. ഭാഗ്യവശാല്‍ അവരെല്ലാം എന്റെ ടീമിലായിപ്പോയി. അവര്‍ക്കൊക്കെ നെറ്റ്സില്‍ മാത്രമെ പന്തെറിയേണ്ടിവന്നുള്ളു. മത്സരത്തില്‍ പന്തെറിയേണ്ടിവരാതിരുന്നത് എന്റെ ഭാഗ്യം-കുംബ്ലെ പറഞ്ഞു.

ലാറക്കെതിലെ 14 ടെസ്റ്റില്‍ കളിച്ചിട്ടുള്ള കുംബ്ലെ അദ്ദേഹത്തെ അഞ്ച് തവണ പുറത്താക്കി. ഇതില്‍ 2002ലെ ആന്റിഗ്വ ടെസ്റ്റില്‍ താടിയെല്ലിന് പൊട്ടലുണ്ടായിട്ടും ബാന്‍ഡേജിട്ട് പന്തെറിയാനെത്തിയ കുംബ്ലെ ലാറയെ വീഴ്ത്തിയത് ആരാധകര്‍ക്ക് മറക്കാനാവില്ല. 131 ടെസ്റ്റില്‍ നിന്ന് 11,953 റണ്‍സും 299 ഏകദിനത്തില്‍ നിന്ന് 10405 റണ്‍സും നേടിയാണ് ലാറ വിരമിച്ചത്. ഇന്ത്യക്കായി 132 ടെസ്റ്റുകള്‍ കളിച്ച കുംബ്ലെ 619 വിക്കറ്റുമായി ടെസ്റ്റിലെ എക്കാലത്തെയും വലിയ മൂന്നാമത്തെ വിക്കറ്റ് വേട്ടക്കാരനായി. 272 ഏകദിനങ്ങളില്‍ നിന്ന് 337 വിക്കറ്റുകളും കുംബ്ലെ നേടി.