മുംബൈ: എം എസ് ധോണി അടുത്ത ടി20 ലോകകപ്പ് കളിക്കുമോ എന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ട്. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന് ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിട്ടുനില്‍ക്കുന്ന ധോണിയുടെ മനസില്‍ എന്തെന്ന് ആര്‍ക്കും വ്യക്തമല്ല. ധോണിയുടെ തീരുമാനം എന്തായിരിക്കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയോ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എസ് കെ പ്രസാദോ പുറത്തുവിട്ടിട്ടില്ല.

എന്നാല്‍ ധോണിയുടെ തിരിച്ചുവരവിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും കോച്ചുമായ അനില്‍ കുംബ്ലെ. കുംബ്ലെ പറയുന്നതിങ്ങനെ... ''ധോണിയുടെ ഐപിഎല്‍ പ്രകടനത്തെ ആശ്രയിച്ചിരിക്കും ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ്. ആ പ്രകടനം ഇന്ത്യന്‍ ടീം ടി20 ലോകകപ്പില്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അദ്ദേഹത്തെ ലോകകപ്പ് ടീമിന്റെ ഭാഗമാക്കാം. എന്നാല്‍ നമ്മള്‍ അത്രും സമയം കാത്തിരിക്കണം.

ലോകകപ്പ് ടീമില്‍ ഒരു വിക്കറ്റ് ടേക്കിങ് ബൗളറെ കൂടി ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. ഔള്‍റൗണ്ടറെ കളിപ്പിക്കുന്നതിന് പകരം നല്ലത് വിക്കറ്റ് ടേക്കിങ് ബൗളറെ കളിപ്പിക്കുന്നതാണ്.'' കുംബ്ലെ പറഞ്ഞുനിര്‍ത്തി.