ഫൈനലിൽ സൗരാഷ്ട്രയെ 38 റൺസിന് പരാജയപ്പെടുത്തി വിദർഭ തങ്ങളുടെ ആദ്യ വിജയ് ഹസാരെ ട്രോഫി കിരീടം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത വിദർഭ അഥർവ ടൈഡേയുടെ സെഞ്ചുറിയുടെ (128) പിൻബലത്തിൽ 317 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിംഗിൽ സൗരാഷ്ട്ര 279 റൺസിന് പുറത്തായി.
ബംഗളൂരു: വിജയ് ഹസാരെ ട്രോഫി വിദര്‍ഭയ്ക്ക്. ഫൈനലില്‍ സൗരാഷ്ട്രയെ 38 റണ്‍സിനാണ് വിദര്‍ഭ തോല്‍പ്പിച്ചത്. വിദര്‍ഭയുടെ ആദ്യ കിരീടമാണിത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ വിദര്‍ഭ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 317 റണ്‍സാണ് നേടിയത്. അഥര്‍വ ടൈഡേയുടെ (128) സെഞ്ചുറിയാണ് വിദര്‍ഭയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. യാഷ് റാത്തോഡ് 54 റണ്‍സ് നേടി. സൗരാഷ്ട്രയ്ക്ക് വേണ്ടി അങ്കുര്‍ പന്‍വാര്‍ നാല് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ സൗരാഷ്ട്ര 48.5 ഓവറില്‍ 279ന് എല്ലാവരും പുറത്താവുകയായിരുന്നു.88 റണ്‍സ് നേടിയ പ്രേരക് മങ്കാദാണ് ടോപ് സ്‌കോറര്‍. ചിരാഗ് ജനി 64 റണ്‍സെടുത്തു. സൗരാഷ്ട്രയ്ക്ക് വേണ്ടി റാത്തോഡ് നാലും നചികേത് ഭൂതേ മൂന്നും വിക്കറ്റ് വീഴ്ത്തി.
മോശം തുടക്കമായിരുന്നു സൗരാഷ്ട്രയ്ക്ക്. 30 റണ്‍സിനിടെ അവര്‍ക്ക് ഹാര്‍വിക് ദേശായ് (20), വിശ്വരാജ് ജഡേജ (9) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് മങ്കാദ് - സമ്മര്‍ ഗജ്ജാര്‍ (25) സഖ്യം 48 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഗജ്ജാറിനെ പുറത്താക്കി ദര്‍ഷന്‍ നാല്‍കണ്ഡെ സൗരാഷ്ട്രയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. തുടര്‍ന്നെത്തിയ പര്‍സ്വരാജ് റാണയ്ക്കും (7) തിളങ്ങാനായില്ല. ഇതോടെ നാലിന് 112 എന്ന നിലയിലായി സൗരാഷ്ട്ര. തുടര്‍ന്ന് മങ്കാദ് - ജനി സഖ്യം 93 റണ്‍സ് കൂട്ടിചേര്‍ത്ത് പ്രതീക്ഷ നല്‍കിയെങ്കിലും മങ്കാദിനെ പുറത്താക്കി ഹര്‍ഷ് ദുബെ വിദര്‍ഭയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി.
തുടര്‍ന്നെത്തിയ ആര്‍ക്കും സൗരാഷ്ട്ര നിരയില്‍ തിളങ്ങാന്‍ സാധിച്ചില്ല. രുചിര്‍ അഹിര്‍ (21), ജയദേവ് ഉനദ്കട് (6), ധര്‍മേന്ദ്രസിംഗ് ജഡേജ (8), ചേതന്‍ സക്കറിയ (11) എന്നിരവാണ് പുറത്തായ മറ്റുതാരങ്ങള്‍. അങ്കുര്‍ പന്‍വാര്‍ (0) പുറത്താവാതെ നിന്നു.
നേരത്തെ തൈഡെ, റാത്തോഡ് എന്നിവര്‍ക്ക് പുറമെ അമന്‍ മൊഖാതെ (33), രവികുമാര്‍ സമര്‍ത്ഥ് (25) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഫൈസ് മുഹമ്മദ് ഷെയ്ഖ് (19), ഹര്‍ഷ് ദുബെ (17), നചികേത് ഭുതെ (8), രോഹിത് ബിങ്കഹര്‍ (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ദര്‍ഷന്‍ (14), പാര്‍ത്ഥ് രഖാതെ (1) എന്നിവര്‍ പുറത്താവാതെ നിന്നു.

