ബംഗലൂരു:ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞതില്‍ തനിക്കിപ്പോഴും ദു:ഖമില്ലെന്ന് മുന്‍ നായകന്‍ അനില്‍ കുംബ്ലെ. ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ആസ്വദിച്ചിരുന്നുവെന്നും എന്നാല്‍ കുറച്ചുകൂടി മികച്ച രീതിയില്‍ സ്ഥാനം ഒഴിയാമായിരുന്നുവെന്നും കുംബ്ലെ പറഞ്ഞു. സിംബാബ്‌വെ താരം പോമി ബാംഗ്‌വയുമൊത്തുളള ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു കുംബ്ലെ.

കുംബ്ലെ പരിശീലകനായിരുന്ന ഒരുവര്‍ഷക്കാലയളവിലാണ് ഇന്ത്യ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ എത്തിക്കാനും കുംബ്ലെക്കായി. എന്നാല്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള അഭിപ്രായ ഭിന്നതകളെത്തുടര്‍ന്ന് കുംബ്ലെ പരിശീലക സ്ഥാനം രാജിവെക്കുകയായിരുന്നു. പരിശീലകനായിരുന്ന കാലത്ത് ഇന്ത്യന്‍ ടീമിന്  മികച്ച പ്രകടനം പുറത്തെടുക്കാനായെന്നും കുംബ്ലെ പറഞ്ഞു.

ആ ഒരുവര്‍ഷക്കാലത്ത് നമ്മുടെ പ്രകടനം മികച്ചതായിരുന്നു.അതില്‍ ചില സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. അതുകൊണ്ടുതന്നെ പരിശീലകസ്ഥാനത്തുനിന്ന് ഒഴിഞ്ഞതില്‍ ഖേദമില്ല. എങ്കിലും കുറച്ചുകൂടി നല്ല രീതിയില്‍ സ്ഥാനമൊഴിയാമായിരുന്നു എന്നു തോന്നുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെയും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെയും മെന്ററായിരുന്നശേഷം കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായാണ് ഇടവേളയെടുത്തത്.

ഇക്കാലത്താണ് ഇന്ത്യന്‍ ടീമിന്റെ പരീശിലക സ്ഥാനത്തേക്ക് ക്ഷണം വന്നത്. കുടുംബവുമായി ആലോചിച്ചശേഷമായിരുന്നു ഇന്ത്യന്‍ ടീമിന്റെ പരിശീലക പദവി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. വരുന്ന ഐപിഎല്‍ സീസണില്‍ കിംഗ്സ് ഇളവന്‍ പഞ്ചാബിന്റെ പരിശീലകനെന്ന നിലയില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും കുംബ്ലെ പറഞ്ഞു.